Monday, May 12, 2025
Home Blog Page 685

വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

മുംബൈ: മുംബൈയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Also Read:ഓഫ് റോഡിൽ തരംഗം തീർക്കാൻ മാരുതി സുസുക്കി; ജിംനിയുടെ വില പ്രഖ്യാപിച്ചു

മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ കിടിലൻ എഞ്ചിൻ ആദ്യം, പണിപ്പുരയില്‍ പുത്തൻ മാരുതി വാഗണ്‍ ആര്‍!

ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. മാരുതി വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ ഹാച്ച്ബാക്കാണ് ഈ മോഡല്‍. ഈ വർഷം ആദ്യം ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വാഹനം പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത്തരം ഇന്ധനങ്ങൾ രാജ്യത്തുടനീളം എളുപ്പത്തിൽ ലഭ്യമാകുന്നതുവരെ വാണിജ്യപരമായി ഉൽപ്പാദനം ആരംഭിക്കുന്നത് കമ്പനിക്ക് ബുദ്ധിമുട്ടാണ്. 2025-ഓടെ ഫ്ലെക്സ്-ഫ്യുവൽ പ്രോഗ്രാം അവതരിപ്പിക്കാൻ മാരുതി ലക്ഷ്യമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്ലെക്സ് ഇന്ധന എഞ്ചിനുമായി വാഗൺആർ 2025 നവംബറിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് മാരുതി സുസുക്കിയുടെ ഇൻ-ഹൗസ് എഞ്ചിനീയറിംഗ് ടീമാണ് വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ ഹാച്ച്ബാക്ക് രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്. 20 ശതമാനം (E20) – 85 ശതമാനം (E85) വരെയുള്ള ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഫ്ലെക്സ് ഇന്ധന വാഹനമായിരിക്കും ഇത്.

എത്തനോളിന്റെ കുറഞ്ഞ കലോറിക് മൂല്യവും കൈകാര്യം ചെയ്യുന്നതിനായി, കാർ നിർമ്മാതാക്കൾ അവരുടെ സാധാരണ പെട്രോൾ എഞ്ചിനുകളിൽ ചില മാറ്റങ്ങൾ വരുത്തി അവയെ ഫ്ലെക്സ് ഇന്ധനത്തിന് അനുയോജ്യമാക്കുന്നു. എഥനോൾ ശതമാനം കണ്ടെത്തുന്നതിനുള്ള എത്തനോൾ സെൻസറുകൾ, കോൾഡ് സ്റ്റാർട്ട് അസിസ്റ്റിനുള്ള ഹീറ്റഡ് ഫ്യുവൽ റെയിൽ എന്നിങ്ങനെയുള്ള പുതിയ ഇന്ധന സംവിധാന സാങ്കേതികവിദ്യയാണ് മാരുതി വാഗൺആർ ഫ്ലെക്‌സ് ഫ്യൂവലിലുള്ളത്.

പുതുക്കിയ എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പമ്പ് എന്നിവ സജ്ജീകരണത്തെ കൂടുതൽ ശക്തമാക്കുന്നു. ഇത് ബിഎസ് 6 ഫേസ് II എമിഷൻ മാനദണ്ഡങ്ങളും പാലിക്കും. E85 ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ പെട്രോൾ എഞ്ചിനേക്കാൾ 79 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഫ്ലെക്സ് ഇന്ധനമായ വാഗൺആർ അവകാശപ്പെടുന്നു. ശക്തിയുടെയും പ്രകടനത്തിന്റെയും കാര്യവും ഇത് ഉറപ്പാക്കുന്നു.

 

ഹാച്ച്‌ബാക്കിന്റെ ഫ്ലെക്‌സ് ഇന്ധന പതിപ്പിൽ ചില പുതിയ ബോഡി ഗ്രാഫിക്സും ബോഡിയില്‍ ഉടനീളം പച്ച അലങ്കാരങ്ങളും ഉണ്ടായിരിക്കാം. അകത്ത് നിരവധി ഫീച്ചറുകളോടു കൂടി ഒരു ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇന്‍റീരിയര്‍ ലഭിച്ചേക്കാം. മൗണ്ടഡ് കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ഉള്ള സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍?

ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി, മുക്താർ അൻസാരിയുടെ കൂട്ടാളി; സഞ്ജീവ് ജീവയെ വെടിവച്ച് കൊന്നു

ലഖ്നോ: ഉത്തർ പ്രദേശിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വെടിയേറ്റ് മരിച്ചു. ലഖ്നോ കോടതി പരിസരത്ത് വച്ച് ഗുണ്ടാ നേതാവ് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പടിഞ്ഞാറൻ യുപിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ കൂട്ടാളിയുമാണ് കൊല്ലപ്പെട്ട ജീവ.

ലഖ്‌നോ സിവിൽ കോടതിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോടതി മുറിക്ക് പുറത്തു വച്ചാണ് സഞ്ജീവ് ജീവയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമി സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒരു പൊലീസുകാരനും പെൺകുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണു സഞ്ജീവ് ജീവ. ദ്വിവേദി കൊലക്കേസിൽ വാദം കേൾക്കുന്നതിനായാണ് സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർത്ത ശേഷം സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുൻപാണ് മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദ് യുപി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

യുപി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഒരു വെടിയുണ്ട അതിഖ് അഹമ്മദിൻറെ തലയിൽ നിന്നും എട്ട് വെടിയുണ്ടകൾ നെഞ്ചിലും ശരീരത്തിൻറെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്. ഈ വിഷയത്തിലെ വിവാദങ്ങൾ ഒന്ന് കെട്ടടങ്ങിയപ്പോഴാണ് യുപിയിൽ കോടതി മുറിക്ക് പുറത്തു വച്ച് കൊലപാതകം നടന്നിരിക്കുന്നത്.

ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി ജീവനൊടുക്കി

ത്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ കിണറ്റിൽ ചാടി ജീവനൊടുക്കി സഹോദരിമാർ. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഏതാനും വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവർ പ്രണയത്തിലാവുകയും ചെയ്തു.

ഇത് മനസിലാക്കിയ അച്ഛനും അമ്മയും മുസ്‍ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനാണ് സഹോദരിമാർ സ്വന്തം നാട്ടിലെത്തിയത്. തിങ്കളാഴ്ച ഇരുവരും ഫോണിൽ സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടു. ഇപ്പോഴും മക്കൾ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം ചൊവ്വാഴ്ച ഗായത്രിയും വിദ്യയും രാവിലെ എഴ് മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ച് എത്താതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരഞ്ഞു ഇറങ്ങി. വീട്ടിൽ നിന്ന് 400 മീറ്ററുകൾ മാത്രം അകലെയുള്ള കിണറ്റിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ ലഭിച്ചത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്ത് എടുത്തത്. തുടർന്ന് പോസ്റ്റ്‍മോർട്ടത്തിനായി മനപ്പാറൈ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു യുവതി തൻറെ കൈയിൽ പേര് എഴുതിയിരുന്നു. മറ്റെയാൾ കൈയിൽ തങ്ങളുടെ ഇളയ സഹോദരൻറെ നമ്പറും എഴുതിയിരുന്നു. മൃതദേഹം വീട്ടുകാർ മനസിലാക്കാനാണ് സഹോദരിമാർ ഇങ്ങനെ ചെയ്തതെന്നാണ് ഇൻസ്പെക്ടർ പി ഷൺമുഖസുന്ദരം പറഞ്ഞത്.

കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കാമുകൻമാരുടെ അമ്മയ്ക്ക് യുവതികൾ ശബ്‍ദ സന്ദേശം അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പ്രണയ ബന്ധത്തിൻറെ പേരിൽ  വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്നാണ് യുവതികളുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ കാമുകന്മാരെ വിവാഹം കഴിക്കാൻ അവരുടെ മാതാപിതാക്കൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതികൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐപിസി 174 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഓഫ് റോഡിൽ തരംഗം തീർക്കാൻ മാരുതി സുസുക്കി; ജിംനിയുടെ വില പ്രഖ്യാപിച്ചു

ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായ മാരുതി സുസുക്കി ജിംനിയുടെ വില പ്രഖ്യാപിച്ചു. പ്രത്യേകിച്ചം ഓഫ്റോഡ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ജിംനിയുടെ വിലവിവരങ്ങൾ പ്രഖ്യാപിച്ചത്. 12.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. രണ്ടു വേരിയന്റുകളിലായാണ് ജിംനിയെ വിപണിയിലെത്തിച്ചിരിക്കുന്നത്.

ബെയ്സ് മോഡലായ Zeta മാനുവലിന്‌ 12.74 ലക്ഷവും Zeta ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. വില. രണ്ടാമത്തെ മോഡലായ Alpha MT ക്ക് 13.69 ലക്ഷവും Alpha AT യ്ക്ക് 14.89 ലക്ഷവുമാണ് വില. ആൽഫ ഓട്ടമാറ്റിക്ക് ഡ്യുവൽ ടോണിന് 15.05 ലക്ഷം രൂപയാണ് വില.

ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിങ്ങ് മുപ്പതിനായിരത്തോളം കടന്നിരുന്നു. ഇന്ത്യയിലാണ് ജിംനിയുടെ ഫൈവ് ഡോർ മോഡൽ ആദ്യമായി എത്തുന്നത്. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഫ് റോഡ് പ്രേമികൾക്ക് പ്രിയങ്കരമായി രീതിയില്‍ നിർമ്മിച്ചിരിക്കുന്നതിനാല്‍ കുറച്ച് പൊക്കം തോന്നും. ആറു എയർ ബാഗുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെ കാര്യത്തിൽ ജിംനി അതിന്റെ ആകർഷകമായ ഓപ്ഷനുകൾ മുന്നോട്ടുവെക്കുന്നു. ഡീലർഷിപ്പുകൾ അനുസരിച്ച്, എസ്‌യുവിയുടെ ഏറ്റവും ജനപ്രിയമായ കളർ ചോയ്‌സുകളായി ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ് എന്നിവയുണ്ട്.

ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട്‌പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ ആകർഷകമായ സവിശേഷതകളാണ് ജിംനി ആൽഫ ട്രിമ്മിൽ ഉള്ളത്. ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്ന ആൽഫ ട്രിം, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ESP, ഹിൽ-ഡിസന്റ് കൺട്രോൾ, ഒരു റിയർ-വ്യൂ ക്യാമറ, EBD ഉള്ള എബിഎസ് എന്നിവ ഉൾപ്പടെ സുരക്ഷയ്ക്കും മുൻഗണനയുണ്ട്.

മോദി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നതിൽ ആശങ്കയെന്ന് പാകിസ്താൻ

കറാച്ചി: ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തരുതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിത്. ഫൈനൽപോലുള്ള നോക്കൗട്ട് മത്സരങ്ങൾക്കല്ലാതെ പാക് താരങ്ങളെ അഹ്മദാബാദിൽ കളിപ്പിക്കരുതെന്ന് പി.സി.ബി അധ്യക്ഷൻ നജാം സേതി ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേയോട് വ്യക്തമാക്കി. ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പറക്കുന്നതിന് പാക് സർക്കാറിന്റെ അനുമതി ലഭിച്ചാൽ കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ വേദികളാണ് അവർ ആഗ്രഹിക്കുന്നത്.

ഏഷ്യ കപ്പിന് പാകിസ്താനിൽ പോവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതോടെ ഏഷ്യ കപ്പ് അവിടെനിന്ന് മാറ്റി. പ്രതിഷേധമെന്നോണം ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡലിൽ നടത്താമെന്ന നിർദേശവും പി.സി.ബി മുന്നോട്ടുവെച്ചു. ഇതുപ്രകാരം ഏഷ്യ കപ്പിന്റെ മുഖ്യവേദിയായി പാകിസ്താനെ നിലനിർത്തി ഇന്ത്യയുടെ മത്സരങ്ങൾമാത്രം നിഷ്പക്ഷ വേദിയിൽ നടത്താമെന്നായിരുന്നു നിർദേശം. എന്നാൽ, ഹൈബ്രിഡ് മോഡൽ ഐ.സി.സി അംഗീകരിച്ചിട്ടില്ല. ലോകകപ്പിൽ പാകിസ്താന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ചെയർമാൻ ഗ്രെഗ് ബാർക്ലേയടക്കം ഐ.സി.സി പ്രതിനിധികൾ ഇയ്യിടെ കറാച്ചി‍യിലെത്തി പി.സി.ബി നേതൃത്വത്തെ കണ്ടിരുന്നു.

 

ഗൂഗിള്‍ പേയില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ നമ്പര്‍ മതി; കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട

ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ലാതെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് യു.പി.ഐ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ ലഘൂകരിക്കുന്നതിനും, കൂടുതല്‍ ജനങ്ങളിലേക്ക് യു.പി.ഐ സേവനങ്ങള്‍ എത്തിക്കുന്നതിന്റേയും ഭാഗമായിട്ടാണ് ഗൂഗിള്‍ പേ, ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറിലായിരിക്കും ഈ സേവനം ലഭ്യമാവുക. അതിനൊപ്പം തന്നെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും ഈ സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ ഫിച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ബാങ്ക് അക്കൗണ്ടുളള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് യു.പി.ഐ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്.

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ടുളള വെരിഫിക്കേഷന്‍ പ്രക്രിയക്കിടെ ആധാറിലെ വിവരങ്ങളൊന്നും തന്നെ ഗൂഗിള്‍ പേ ക്ക് ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.യു.ഐ.ഡി.എ.ഐ യുടെ സര്‍വറുകളിലായിരിക്കും വെരിഫിക്കേഷന്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?

ഗൂഗിള്‍ പേ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുളള രജിസ്‌ട്രേഷന്‍ തെരെഞ്ഞെടുക്കുക

ആധാറിന്റെ ആദ്യത്തെ നാല് അക്കങ്ങള്‍ രേഖപ്പെടുത്തുക

ലഭിക്കുന്ന ഒ.ടി.പി തെറ്റുകൂടാതെ രേഖപ്പെടുത്തുക

യു.പി.ഐ പിന്‍ സെറ്റ് ചെയ്യുക

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയിൽ

മാവേലിക്കര∙ ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.

തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു മഹേഷ്, പിതാവ് മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനെത്തുടർന്നാണ് നാട്ടിലെത്തിയത്. ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറിയതായി നാട്ടുകാർ പറയുന്നു.

സോക്‌സിനുള്ളിലാക്കി മുഹമ്മദ് അൽത്താഫും മുഹമ്മദ് ബഷീറും കടത്തിയത് ഒരു കോടിയിലേറെ വിലവരുന്ന സ്വർണം; പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്.

ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.