Thursday, June 8, 2023
Home Blog

2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തി; അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ

ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്.

85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള അവസരമുള്ളത്. സെപ്റ്റംബറിലെ അവസാന 10-15 ദിവസങ്ങളിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ അഭ്യർത്ഥിച്ചു. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് 2018 മുതൽ 2023 വരെ 46% കുറഞ്ഞു. 2018 മാർച്ച് 31-ന് (പ്രചാരത്തിലുള്ള നോട്ടുകൾ 6.73 ലക്ഷം കോടി രൂപയിൽ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു, ഇത് മാർച്ചിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 10.8 ശതമാനം മാത്രമായിരുന്നു.

മെയ് 19 നാണ് ആർബിഐ 2000 രൂപ നോട്ടുകളുടെ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്. എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് പരിധി ഒരു സമയം 20,000 രൂപയായി നിശ്ചയിച്ചിരുന്നു. 2016 നവംബറിൽ ആർബിഐ ആക്ടിന്റെ 1934-ലെ വകുപ്പ് 24(1) പ്രകാരം 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏത്? ദില്ലിയും ബെംഗളൂരുവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 227 നഗരങ്ങൾ ഉൾപ്പെടുന്ന മെർസറിന്റെ 2023 ലെ ജീവിതച്ചെലവ് സർവേ പ്രകാരം, ദില്ലി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തി. അതേസമയം ഹോങ്കോംഗ് ആഗോള പട്ടികയിൽ ഒന്നാമതെത്തി. ആഗോള റാങ്കിംഗിൽ 147-ാം സ്ഥാനത്താണ് മുംബൈ.

ആഗോള റാങ്കിങ് 

മുംബൈ 147,

ദില്ലി 169

ചെന്നൈ 184,

ബെംഗളൂരു 189,

ഹൈദരാബാദ് 202,

കൊൽക്കത്ത 211

പൂനെ 213

പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങൾ താരതമ്യം ചെയ്താണ് മെർസറിന്റെ ജീവിതച്ചെലവ് സർവേ കണക്കാക്കുന്നത്. ആഗോളതലത്തിൽ, ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ഈ വർഷം ഏറ്റവും ചെലവേറിയ നഗരങ്ങൾ.

കഴിഞ്ഞ വർഷം പകുതിയോടെ ശക്തമായ കറൻസി മൂല്യത്തകർച്ചയുടെ ഭാഗമായി 83 സ്ഥാനങ്ങൾ ഇടിഞ്ഞ ഹവാന, പാക്കിസ്ഥാനിലെ നഗരങ്ങളായ കറാച്ചി, ഇസ്ലാമാബാദ് എന്നിവ റാങ്കിംഗിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു

ഇന്ത്യൻ നഗരങ്ങളിൽ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ എന്നിവ മുംബൈയേക്കാൾ 50 ശതമാനത്തിലധികം കുറഞ്ഞ താമസ ചെലവ് വാഗ്ദാനം ചെയ്യുന്നു.

വിമാനത്തിനുള്ളിലെ സംഘർഷം: ‘പരാതി കളവ്, തെളിവില്ല’; ഇ.പിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധം ഉണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നും ജയരാജൻ അക്രമം നടത്തിയതിന് തെളിവില്ലെന്നുമാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ കോടതിയെ സമീപിക്കാമെന്ന് പരാതിക്കാരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ ആക്രമിച്ചെന്നായിരുന്നു പരാതി. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.

കോടതി നിർദേശപ്രകാരമായിരുന്നു വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിലുള്ള അക്രമം എന്നീ വകുപ്പുകൾ ചുമത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: 450 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാന്‍ ശ്രമം. ഈ മാസം 23-ന് പട്‌നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ സജീവ ചര്‍ച്ച നടക്കും. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളാണ് പട്‌നയിലെ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കുക.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, ഹേമന്ദ് സോറന്‍ എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്‍ വന്നിട്ടില്ലാത്ത നേതാക്കള്‍ ഒരേ മുറിയിലിരുന്ന് സംസാരിക്കും. ഐക്യ സാധ്യതകള്‍ ആരായും. സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല പാര്‍ട്ടികളുടേയും ഏറ്റവും പ്രധാന നേതാക്കള്‍ തന്നെ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുമ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടികള്‍ പരസ്പര വൈരം തത്കാലത്തേക്കെങ്കിലും മാറ്റിവെക്കുകയാണ്.

543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാഥി ഉണ്ടാകണം എന്ന ചര്‍ച്ചയാണ് 23-ലെ യോഗത്തില്‍ പ്രധാനമായും നടക്കുക. ഇതുവഴി ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ച് പോകില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാക്കാന്‍ കഴിയും എന്നത് സഖ്യത്തിന്റെ വിജയത്തെ നിര്‍ണയിക്കും. ഇവിടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിആര്‍എസ് എന്നിവ. അടുത്ത ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിആര്‍എസ് പ്രതിപക്ഷ യോഗത്തിനെത്തില്ല. പട്നയില്‍ കോണ്‍ഗ്രസിനൊപ്പമിരുന്നാല്‍ തെലങ്കാനയില്‍ ബിആര്‍എസ് വില കൊടുക്കേണ്ടി വരും. അതാണ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിന് പിന്നില്‍.

പ്രതിപക്ഷ മഹാസഖ്യത്തെ കോണ്‍ഗ്രസ് തന്നെയാവും നയിക്കുക. പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കണം. നിങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സഹായിക്കാം, ഞങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ ഞങ്ങളേയും സഹായിക്കണം എന്ന് മമത ബാനര്‍ജി നേരത്തേതന്നെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഉള്‍പ്പെടെയുള്ള സന്ദേശമാണ്. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിആര്‍എസ് മഹാ സഖ്യത്തിലേയ്ക്ക് വന്നേക്കാം. അടുത്ത ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ മഹാസഖ്യം സംഘടിപ്പിക്കും.

സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, സിപിഐഎംല്‍, വിസികെ, എംഡിഎംകെ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും. നേരത്തേ ഈ മാസം 12ന് പട്നയില്‍ യോഗം ചേരാനായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. എന്നാല്‍ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലാണെന്നത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതോടെ യോഗം മാറ്റിവെക്കുകയായിരുന്നു.

സെക്‌സിനെ ഒരു കായിക ഇനമായി അംഗീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സ്വീഡിഷ് സര്‍ക്കാര്‍

സ്‌റ്റോക്ക്‌ഹോം: സെക്‌സിനെ ഒരു കായിക ഇനമായി അംഗീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡന്റെ നേതൃത്വത്തില്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ സ്വീഡിഷ് സര്‍ക്കാരിന്റെ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് കോണ്‍ഫെഡറേഷനാണ് നിഷേധിച്ചത്.

ജൂണ്‍ എട്ടിന് ഗോതന്‍ബെര്‍ഗില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവം തെറ്റാണെന്നും സ്വീഡനെയും സ്വീഡിഷ് കായിക വിനോദങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് ആരോ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ വക്താവ് അന്ന സെറ്റ്സ്മാന്‍ പറഞ്ഞു.

ചില ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും വാര്‍ത്തകള്‍ നിഷേധിക്കുന്നതായും സ്വീഡിഷ് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. ഒരു സ്ട്രിപ് ക്ലബ്ബ് ഉടമ സെക്‌സ് ഫെഡറേഷന്‍ വേണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഈ അപേക്ഷ തള്ളിയെന്നും അന്ന സെറ്റ്സ്മാന്‍ ഡി.ഡബ്ല്യു എന്ന അന്താരാഷ്ട്ര മാധ്യമത്തിനോട് പറഞ്ഞു.

സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന് ഒരു തരത്തിലുമുള്ള സെക്‌സ് ഫെഡറേഷനുകളുമായും യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി അറിയിച്ചു. അതേസമയം, സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ എന്ന പേരിലൊരു വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രാഗണ്‍ ബ്രാറ്റിക് എന്ന സ്വീഡിഷ് പൗരനാണ് ഈ വ്യാജ വാര്‍ത്തക്ക് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. പ്രമുഖ സ്വീഡിഷ് ദിനപത്രമായ ഗോടെബോര്‍ഗ്‌സ് പോസ്റ്റന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രാറ്റികിന്റെ ഉടമസ്ഥതയില്‍ നിരവധി സ്ട്രിപ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു.

സെക്‌സിനെ ഒരു കായികയിനമാക്കണം എന്ന ആഗ്രഹത്താല്‍, ഇദ്ദേഹം 2023 ജനുവരിയില്‍ അംഗത്വം തേടി സ്വീഡിഷ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമീപിച്ചു. എന്നാല്‍ മെയ് മാസം അപേക്ഷ ഫെഡറേഷന്‍ നിരാകരിച്ചിരുന്നു. ഇതിന്റെ വാശിയിലാണ് ഡ്രാഗണ്‍ ബ്രാറ്റിക് ഇങ്ങനെയൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും സ്വീഡിഷ് മാധ്യമം പറയുന്നു.

 

‘5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങളില്ല’; കോൺഗ്രസ് പുനസംഘടനയിൽ വിമർശനവുമായി സത്താർ പന്തല്ലൂർ

കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. കാസർഗോഡ് അടക്കമുള്ള 5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങൾ ഇല്ലെന്ന് സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പുനസംഘടന പൂർത്തിയാക്കിയതിൽ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷേ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. കോൺ​ഗ്രസ് പുനസംഘടനയുടെ പട്ടിക കൂടി ഉൾപ്പെടുത്തിയാണ് സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുന: സംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതി-മത -ഗ്രൂപ്പ്-പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുന: സംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണ്ണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം. വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല.

Also Read:വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

വിവാഹ വേദിയില്‍ അടിച്ച് ഫിറ്റായി നിലയുറയ്ക്കാതെ വരന്‍, പൊട്ടിക്കരഞ്ഞ് വധു, പിന്നീട് സംഭവിച്ചത്…

ഖുഷിനഗര്‍: വിവാഹവേദിയിലേക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വരണമാല്യം അണിയിക്കാനായി എത്തിയ വധു കണ്ടത് മദ്യപിച്ച് കാല് പോലും നിലത്ത് ഉറയ്ക്കാതെ നില്‍ക്കുന്ന വരനെ. പകച്ച് പോയ വധു വേദിയില്‍ പൊട്ടിക്കരഞ്ഞതോടെയാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. വധുവിന്‍റെ സംശയം ശരിയാണെന്ന് വ്യക്തമായതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഇരുവിഭാഗം ബന്ധുക്കളും ചേരി തിരിഞ്ഞ് തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ വരനെയും മാതാപിതാക്കളേയും ബന്ധുക്കളേയും പെണ്‍വീട്ടുകാര്‍ തടഞ്ഞുവച്ച് പൂട്ടിയിടുക കൂടി ചെയ്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ ഖുഷിനഗറിലെ തിവാരി പാഢി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ബിഹാറിലെ ദാര്‍ഭാംഗ ജില്ലയിലെ ഭാല്‍പാട്ടി ഗ്രാമത്തിലെ യുവാവുമായാണ് ഖുഷി നഗര്‍സ്വദേശിയായ യുവതിയുടെ വിവാഹം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വലിയ ആഘോഷമായാണ് വരന്‍റെ സംഘത്തിന്‍റെ ബാരാത്ത് യുവതിയുടെ വീട്ടിലേക്ക് എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടന്നു. വധുവരന്മാര്‍ വരണമാല്യം കൈമാറുന്ന ചടങ്ങിനായി വധു വേദിയിലെത്തുമ്പോഴാണ് ഫിറ്റായി കാല് നിലത്തുറയ്ക്കാത്ത നിലയില്‍ വരനെ കാണുന്നത്. ഇതോടെയാണ് ചടങ്ങ് കൈവിട്ട് പോയത്. വധുവിന്‍റെ ബന്ധുക്കള്‍ ചടങ്ങുകള്‍ നിര്‍ത്തിവച്ച് വരന്‍റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. രാത്രി വൈകിയും പ്രശ്നം ചര്‍ച്ച ചെയ്ത് തീരാതെ വന്നതിന് പിന്നാലെ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളുടെ മധ്യസ്ഥതയിലും അനുരഞ്ജന ശ്രമങ്ങള്‍ നടന്നു. എങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ചടങ്ങിന് തങ്ങള്‍ക്കും ചെലവുണ്ടെന്നും അതിനാല്‍ സ്ത്രീധനം അടക്കം വധുവിന്‍റെ വീട്ടുകാര്‍ തന്ന സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന് വരന്‍റെ ബന്ധുക്കളും നിലപാട് സ്വീകരിച്ചതോടെയാണ് സംഭവം പൊലീസ് സ്റ്റേഷനിലെത്തുന്നത്. വധുവിന്‍റെ ബന്ധുക്കള്‍ പൂട്ടിയിട്ട വരനെ പൊലീസുകാര്‍ സ്റ്റേഷനിലെത്തിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതില്‍ സമ്മാനങ്ങളും പണവും സ്വര്‍ണവും തിരികെ നല്‍കാമെന്ന് വരന്‍ സമ്മതിക്കുകയായിരുന്നു. പൊലീസുമായുള്ള ധാരണ അനുസരിച്ച് സമ്മാനങ്ങള്‍ തിരികെ നല്‍കിയതിന് പിന്നാലെയാണ് വരന്‍റെ വീട്ടുകാരെ വധുവിന്‍റെ ബന്ധുക്കള്‍ വിട്ടയച്ചത്.

 

ക്രിക്കറ്റ് കളിക്കിടെ തർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ കൊലപ്പെടുത്തി. ബാറ്റുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.

ജൂൺ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ 13 കാരനും 12 കാരനും തമ്മിൽ തർക്കമായി. വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയായി. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.

Also Read:വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുട്ടിയെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 23ന് പറ്റ്നയില്‍; രാഹുലും സ്റ്റാലിനും മമതയും പങ്കെടുക്കും

ഡല്‍ഹി: ദേശീയ പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 23ന് പറ്റ്നയില്‍ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ് ബുധനാഴ്ച പട്നയിൽ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു.”ജൂൺ 12ന് നിശ്ചയിച്ചിരുന്ന പ്രതിപക്ഷ യോഗം ഇനി ജൂൺ 23ന് പറ്റ്നയിൽ നടക്കും.പ്രതിപക്ഷ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി എന്നിവർ സമ്മതം അറിയിച്ച നേതാക്കളിൽ ഉൾപ്പെടുന്നു. തലവൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ എന്നിവര്‍ പങ്കെടുക്കും” സിംഗ് അറിയിച്ചു.

Also Read:വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

യോഗം ആദ്യം ജൂൺ 12നാണ് തീരുമാനിച്ചിരുന്നതെങ്കിലും പങ്കെടുക്കാൻ കഴിയില്ലെന്ന് ഖാർഗെയും ഗാന്ധിയും അറിയിച്ചതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കുമാറും മമത ബാനര്‍ജിയും കൊല്‍ക്കൊത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യോഗത്തിന്‍റെ വേദി തീരുമാനിച്ചത്. കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ കഴിയാത്ത വേദി നിഷ്പക്ഷമായിരിക്കണം എന്ന് അവർ നിർബന്ധിച്ചു. കർണാടകയിലെ പാർട്ടിയുടെ വിജയത്തിന് ശേഷം, ഏത് പ്രതിപക്ഷ മുന്നണിക്കും കോൺഗ്രസാണ് പ്രധാനമെന്ന് ബാനർജി സമ്മതിച്ചിരുന്നുവെങ്കിലും, കോൺഗ്രസിനെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്താൻ അവർ ഇതുവരെ തയ്യാറായിട്ടില്ല.

വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു

മുംബൈ: മുംബൈയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Also Read:ഓഫ് റോഡിൽ തരംഗം തീർക്കാൻ മാരുതി സുസുക്കി; ജിംനിയുടെ വില പ്രഖ്യാപിച്ചു

മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു.