ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി ജീവനൊടുക്കി

0
287

ത്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ കിണറ്റിൽ ചാടി ജീവനൊടുക്കി സഹോദരിമാർ. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഏതാനും വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവർ പ്രണയത്തിലാവുകയും ചെയ്തു.

ഇത് മനസിലാക്കിയ അച്ഛനും അമ്മയും മുസ്‍ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനാണ് സഹോദരിമാർ സ്വന്തം നാട്ടിലെത്തിയത്. തിങ്കളാഴ്ച ഇരുവരും ഫോണിൽ സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടു. ഇപ്പോഴും മക്കൾ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം ചൊവ്വാഴ്ച ഗായത്രിയും വിദ്യയും രാവിലെ എഴ് മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ച് എത്താതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരഞ്ഞു ഇറങ്ങി. വീട്ടിൽ നിന്ന് 400 മീറ്ററുകൾ മാത്രം അകലെയുള്ള കിണറ്റിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ ലഭിച്ചത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്ത് എടുത്തത്. തുടർന്ന് പോസ്റ്റ്‍മോർട്ടത്തിനായി മനപ്പാറൈ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു യുവതി തൻറെ കൈയിൽ പേര് എഴുതിയിരുന്നു. മറ്റെയാൾ കൈയിൽ തങ്ങളുടെ ഇളയ സഹോദരൻറെ നമ്പറും എഴുതിയിരുന്നു. മൃതദേഹം വീട്ടുകാർ മനസിലാക്കാനാണ് സഹോദരിമാർ ഇങ്ങനെ ചെയ്തതെന്നാണ് ഇൻസ്പെക്ടർ പി ഷൺമുഖസുന്ദരം പറഞ്ഞത്.

കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കാമുകൻമാരുടെ അമ്മയ്ക്ക് യുവതികൾ ശബ്‍ദ സന്ദേശം അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പ്രണയ ബന്ധത്തിൻറെ പേരിൽ  വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്നാണ് യുവതികളുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ കാമുകന്മാരെ വിവാഹം കഴിക്കാൻ അവരുടെ മാതാപിതാക്കൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതികൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐപിസി 174 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here