Monday, May 12, 2025
Home Blog

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ പി പ്രശാന്തിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ജില്ലാ പ്രസിഡന്റിന് എസ് ഡി പി ഐ ബന്ധം ഉണ്ടെന്ന് ആയിരുന്നു പാർട്ടി ഗ്രൂപ്പിലെ വിമർശനം.

സംഭവത്തിൽ പ്രശാന്തിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് കൈപ്പറ്റാതിരുന്നതോടെ ആണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ പി പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും; ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഏർപെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും.

വിദേശരാജ്യങ്ങളായ ഓസ്‌ട്രേലിയ, യു.കെ, ജർമ്മനി, ബ്രസീൽ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലൈസൻസിൽ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പിലാക്കുന്നതോടൊപ്പം നിലവിലുള്ള പിഴ ചുമത്തുന്നതിൽ വർധനവ് കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.

പുതിയ നിയമമനുസരിച്ച് അമിതവേഗത, ചുവന്ന സിഗ്‌നൽ മറികടക്കൽ, അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കും. നെഗറ്റീവ് പോയന്റുകൾ കൂടുതൽ നേടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും. കൂടാതെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് പുതുക്കാൻ നേരം വീണ്ടും നിർബന്ധിത ടെസ്റ്റും നടത്തേണ്ടി വരും. നിലവിൽ കാലാവധി കഴിയുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ രാജ്യത്തെ പൗരന്മാരുടെ ഡ്രൈവിങ് ശീലത്തിൽ മാറ്റം വരുമെന്നും വാണിജ്യ വാഹങ്ങൾ എക്സ്പ്രസ് വേയിൽ ട്രാക്ക് തെറ്റിച്ചോടുന്ന ഡ്രൈവിങ് സംവിധാനം അവസാനിപ്പിക്കുമെന്നും റോഡ് ഗതാഗത മന്ത്രാലയം അവകാശപ്പെട്ടു.

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്.

പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിക്കുകയും ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിക്കുകയുമായിരുന്നു. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്.

https://x.com/i/status/1921228736776527917

ഇനി ഭീകരാക്രമണമുണ്ടായാൽ അത് യുദ്ധമായി കണക്കാക്കും; നിലപാട് കണിശമാക്കി ഇന്ത്യ

ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങൾ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകി. റാവൽപിണ്ടിയും സിയാൽകോട്ടുമടക്കം കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.

നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും തകർത്തിരുന്നു. പിന്നാലെയാണ് വെടിനിർത്തലിലേക്ക് എത്തിയത്. ഉച്ചയോടെ പാക് സൈന്യത്തിലെ ഡിജിഎംഒ ബന്ധപ്പെട്ട് വെടിനിർത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. സൈനിക തലത്തിൽ ചർച്ച തുടരും. അതിനിടെ കേന്ദ്രസർക്കാരിൻ്റെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് ഡോണാൾഡ് ട്രംപ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി എന്നിവർ സമൂഹ മാധ്യമമമായ എക്സിലൂടെ വെടിനിർത്തൽ വാർത്ത പ്രഖ്യാപിച്ച് തങ്ങളുടെ ഇടപെടൽ ഫലം കണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ ഇന്ത്യ മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കയുടെ അവകാശവാദം തള്ളി.

പാകിസ്താനുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് ധാരണയായതായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന്‌ പാകിസ്താന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണവെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക്‌ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ധാരണ നടപ്പാക്കാനുള്ള നിര്‍ദേശം ഇരുഭാഗങ്ങളിലും നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടേയും ഡിജിഎംഒമാര്‍ തമ്മില്‍ തിങ്കളാഴ്ച്ച(മേയ് 12-ന്) പന്ത്രണ്ട് മണിക്ക്‌ വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി അറിയിച്ചു.

ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക; പ്രഖ്യാപനം നടത്തിയത് ഡോണൾഡ് ട്രംപ്

ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട് ആറിന് കേന്ദ്ര സർ‍ക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്.

സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചർച്ച നടത്തിയെന്നും വ്യക്തമാക്കിയ മാർകോ റൂബിയോ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യക്കും പാകിസ്ഥാനും പുറത്ത് മറ്റൊരിടത്ത് ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

ഇന്ത്യാ – പാക് സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാരുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചതിന് പുറമെ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു. ഇരുരാജ്യങ്ങളും സമാധനത്തിനായി ശ്രമിക്കണമെന്ന് ചൈനയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദികളെ വധിച്ചത് സ്ഥിരീകരിച്ച് കേന്ദ്രം; വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസറും കൊല്ലപ്പെട്ടു

ദില്ലി: ഹാഫിസ് സയ്യിദിന്‍റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. മെയ് 7 ലെ ആക്രമണത്തിൽ ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മൗലാന മസൂദ് അസറിന്‍റെ സഹോദരീ ഭർത്താവാണ് മുഹമ്മദ് യൂസുഫ് അസർ. മൗലാന മസൂദ് അസറിന്‍റെ മറ്റൊരു സഹോദരിയുടെ ഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്കാരച്ചടങ്ങുകൾ നടന്നത് പാക് സർക്കാരിന്‍റെ ബഹുമതികളോടെയാണ്.

ലഷ്കർ ഭീകരനായ മുദസ്സർ ഖാദിയാൻ, ജമ്മുവിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ലഷ്കർ ഭീകരൻ ഖാലിദ്, പാക് അധീന കശ്മീരിലെ ജയ്ഷെ മുഹമ്മദ് കമാൻഡറുടെ മകൻ, മുഫ്തി അസ്ഹർ ഖാൻ കശ്മീരിയുടെ മകൻ മുഹമ്മദ് ഹസ്സൻ എന്നിവരും കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.

പാകിസ്ഥാൻ സേനയുടെ തണലിൽ ആണ് ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തിയത്. നാളുകളായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെയാണ് അവരുടെ താവളത്തിൽ കയറി ഇന്ത്യൻ സേന വധിച്ചത്.

മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താൽക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിർദേശങ്ങളെയും തുടർന്നാണ് തീരുമാനം.

അടിയന്തരമായ ചേർന്ന ഓൺലൈൻ യോഗത്തിൽ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ദസ്തഗിർ ഇബ്രാഹിം ആഗ, എച്ച്. അബ്ദുൽ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ. സുബൈർ, പി.എം.എ സമീർ തുടങ്ങിയവർ സംബന്ധിച്ചു.

https://www.instagram.com/p/DJdtMpNM_lP/?utm_source=ig_web_copy_link

ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്, ഓഫര്‍ സ്വീകരിച്ചാൽ ബിസിസിഐക്ക് ഇരട്ടിനേട്ടം

ലണ്ടൻ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ റിച്ചാര്‍ഡ് ഗ്ലൗഡ് ബിസിസിഐയെ സന്നദ്ധത അറിയിച്ചത്.

അടുത്തമാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യൻ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ തുടരാമെന്ന സൗകര്യവുമുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അതിന് മുമ്പ് ഇന്ത്യൻ എ ടീം ഈ മാസം അവസാനം മുതല്‍ ടൂര്‍ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.

ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ ഇംഗ്ലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്‍ ടീം ഉടമകളുമായും സ്പോണ്‍സര്‍മാരുമായും സംസാരിച്ചശേഷമെ ബിസിസിഐക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവു എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്കാണ് ടൂര്‍ണമെന്‍റ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഒരാഴ്ചക്കുശേഷം മത്സരം സംഘര്‍ഷ സാധ്യത കുറഞ്ഞ തെക്കേ ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തി ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്.

ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചാല്‍ വിദേശതാരങ്ങളുടെ പങ്കാളിത്തം ടീമുകള്‍ക്ക് പ്രശ്നമാവാനിടയുണ്ട്. സെപ്റ്റംബര്‍ 2 മുതല്‍ 14 വരെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ടി20 പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 17-2വരെ അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിന് ടി20 പരമ്പരയുണ്ട്. ഈ സമയത്തേക്ക് ഐപിഎല്‍ മാറ്റിവെച്ചാല്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങള്‍ക്ക് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച വൈകിയാണെങ്കിലും മെയ് മാസത്തില്‍ തന്നെ ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കുന്ന കാര്യമാണ് ബിസിസിഐ ഇപ്പോള്‍ പരിഗണിക്കുന്നത്.

‘രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം’; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്

കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ധാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകി ബിജെപി നേതാവ്. അലഹബാദ് ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

പൗരത്വം സംബന്ധിച്ച ഒരു ഹർജി കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഹർജി എത്തിയിരിക്കുന്നത്. രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്നും ഇങ്ങനെയൊരു വിഷയം നിലനിൽക്കുന്ന സമയത്ത് വിദേശ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് മറ്റ് നിയമ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിഘ്‌നേഷിന് സ്വാതന്ത്ര്യം നൽകി.

രാഹുൽ ഗാന്ധി ഒരേസമയം ഇന്ത്യൻ പൗരത്വവും യുകെ പൗരത്വവും ഉള്ളയാളാണ്. ഇരട്ട പൗരത്വമുള്ളയാൾ എങ്ങനെയാണ് എംപിയായതെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നുമാണ് ഹർജിയുടെ ഉള്ളടക്കം. രാഹുലിന്റെ പാസ്പോർട്ട് റദ്ദാക്കണമെന്നും എംപിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി തീർപ്പാകും വരെ രാഹുൽ വിദേശയാത്ര ചെയ്യാൻ പാടില്ലെന്നും അല്ലെങ്കിൽ രാഹുൽ നാടുവിടുമെന്നും ബിജെപി എംപി ആരോപിക്കുന്നു.

അടുത്തയാഴ്ചയാണ് ഈ ഹർജി കോടതി പരിഗണിക്കുക. അതേസമയം മുൻപും ഇതേ വിഷയത്തിൽ വിഘ്നേഷ് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. നേരത്തേ സമർപ്പിച്ച ഹർജിയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കണം എന്നതായിരുന്നു ആവശ്യം. കൂടാതെ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് വീണ്ടും ഹർജിയുമായി വിഘ്നേഷ് രംഗത്തുവന്നിരിക്കുന്നത്.