Tuesday, May 13, 2025
Home Blog Page 3565

വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു; ഇനി സമയം ലാഭിക്കാം

ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്.

വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത് വാട്‌സ്ആപ്പില്‍ ഘട്ടം ഘട്ടമായാണ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ.

സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു ചിത്രം നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്‌ലോഡ് ചെയ്തുവെക്കാം. നിങ്ങള്‍ നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയയ്ക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്ത് വെക്കാം.

8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കൂർ സ്വദേശി അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കടത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു. കൊടിയമ്മ, പൂക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉപ്പള, ബലങ്കുളം ഹൗസിലെ ബി എന്‍ അബൂബക്കര്‍(51) ആണ്‌ അറസ്റ്റിലായത്‌.

ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദന്‍, എസ്‌ ഐ ടി വി അശോകന്‍, പൊലീസുകാരായ പ്രദീഷ്‌ ഗോപാല്‍, അനില്‍, പവിത്രന്‍ എന്നിവര്‍ പൂക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ റെയ്‌ഡ്‌ നടത്തിയാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ഹാന്‍സ്‌, മധു, മാരുതി, ലഹരി മിഠായികള്‍ എന്നിവയാണ്‌ കണ്ടെടുത്തത്‌.

ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശി

കുമ്പള (www.mediavisionnews.in): നാല് ദിവസം മുമ്പ് ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ മിക്‌സി വില്‍പ്പന നടത്തിവരികയായിരുന്നു.

29ന് രാവിലെയാണ് ഷിറിയ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

യുവാവിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ കുമ്പളയിലെ മൊബൈല്‍ കടയില്‍ ഫോണ്‍ വില്‍പ്പന നടത്താന്‍ എത്തിയിരുന്നുവെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹത്തിന് സമീപം രണ്ട് ദിവസത്തോളമായി പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
ഫോണ്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എസ്.ഐ ഗോപാലന്‍, നാരായണന്‍, പ്രതീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുല്ലക്കരയിലെ മാധവന്റെ മകനാണ് സുരേഷ്.

മംഗളൂരു റൂട്ടിൽ കേരള ആർ.ടി.സി.ക്ക് പാസില്ല; മലയാളി വിദ്യാർഥികൾ പെരുവഴിയിൽ

കാസർകോട്(www.mediavisionnews.in) : കാസർകോട്ടുനിന്ന്‌ മംഗളൂരുഭാഗത്തേക്ക് ഓടുന്ന കേരള ആർ.ടി.സി. ബസ്സുകളിൽ പാസ്‌ അനുവദിക്കാത്തതുമൂലം വിദ്യാർഥികൾ ദുരിതത്തിൽ. എന്നാൽ, ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കന്നഡ വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. ബസ്സുകളിൽ പ്രത്യേക സ്കീംപ്രകാരം പാസുകൾ ലഭ്യമാണ്.

മംഗളൂരു, തലപ്പാടി, സുള്ള്യ, പുത്തൂർ, തൊക്കോട്, ദെർളക്കട്ട എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളിവിദ്യാർഥികളാണ് പാസ് ലഭ്യമല്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.

കാസർകോട്ടുനിന്ന്‌ മംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത് കേരള ആർ.ടി.സി.യും കർണാടക ആർ.ടി.സി.യും തമ്മിലുള്ള പ്രത്യേക കരാർനിയമപ്രകാരമാണ്. അതിനാൽ ഇന്റർ സ്റ്റേറ്റ് കൺസഷൻ അനുവദനീയമല്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കുന്നത്. മാത്രവുമല്ല കേരള ആർ.ടി.സി. ഓർഡിനറി ബസ്സുകളിൽമാത്രമേ പാസ് അനുവദിക്കുകയുള്ളൂ. കാസർകോട്ടുനിന്ന്‌ മംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളാണ്. ഓർഡിനറി ബസ്സുകൾ ഇല്ലാത്തതിനാലും പാസ് അനുവദിക്കാൻ സാധ്യമല്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.

ഈ റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർ.ടി.സി. ബസ്സുകളിൽ വിദ്യാർഥികൾക്ക് ഗഡിനാട് കന്നഡിഗെ സ്കീംപ്രകാരം പാസ് അനുവദിക്കുന്നുണ്ട്. കന്നഡ വിദ്യാർഥിയാണെന്നുള്ള തഹസിൽദാറുടെ സാക്ഷ്യപത്രമുള്ളവർക്കുമാത്രമാണ് ഈ ഇളവുകൾ ലഭിക്കുന്നത്. ഇതുമൂലം മലയാളിവിദ്യാർഥികൾക്ക് യാത്രയിൽ ഇളവ് ലഭിക്കണമെങ്കിൽ മറ്റ് സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ടസ്ഥിതിയാണ്.

കഴിഞ്ഞദിവസം റെയിൽവേ തൊക്കോട് സ്റ്റേഷൻ നിർത്തിയതുമൂലം പാസഞ്ചർ ട്രെയിനിനെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയായിരുന്നു. ആ വിദ്യാർഥികൾ ഇപ്പോൾ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പാസ് സൗകര്യം കിട്ടുകയിെല്ലന്നത് ഇവർക്ക് വീണ്ടും തിരിച്ചടിയാവുകയാണ്.

താമസിക്കുന്ന സ്ഥലത്ത്നിന്ന്‌ 40 കിലോമീറ്റർ ചുറ്റളവിലേക്ക് മാത്രമാണ് കേരള ആർ.ടി.സി. പാസ് അനുവദിക്കുന്നത്. മൂന്നുമാസത്തേക്കുള്ള പാസ് ലഭിക്കുന്നതിന് ഒരുകുട്ടിക്ക് 110 രൂപയാണ് ചെലവ്. പിന്നീട് പുതുക്കുമ്പോൾ 10 രൂപ ഈടാക്കും.

ജില്ലയിൽ കാസർകോട്ടുനിന്ന്‌ കാഞ്ഞങ്ങാട്ടേക്കാണ് (ചന്ദ്രഗിരി റൂട്ട് വഴി) കൂടുതൽ പാസ്സുകൾ അനുവദിക്കുന്നത്. കഴിഞ്ഞവർഷം കാസർകോട് ഡിപ്പോയിൽനിന്ന്‌ 4286 പാസുകൾ അനുവദിച്ചു. ഈ വർഷത്തെ പാസ്‌വിതരണം തിങ്കളാഴ്ച ആരംഭിക്കും.

ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി അറസ്റ്റില്‍

തലപ്പാടി:(www.mediavisionnews.in) ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി ഉള്ളാളില്‍ അറസ്റ്റില്‍. മുളിഞ്ച സ്‌കൂളിന്‌ സമീപത്തെ കുണ്ടുപുള്ളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ്‌ (32) ആണ്‌ അറസ്റ്റിലായത്‌.

ബൈക്കും പിടികൂടി. വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉള്ളാള്‍ പൊലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

റസാന്‍ അല്‍ നജര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ

0

ഗാസ (www.mediavisionnews.in) :  ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയാവുന്ന പലസ്തീന്‍ ദൈന്യതയ്ക്ക് ഇനി നജര്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ നിഷ്‌കളങ്കമായ മുഖമായിരിക്കും. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ് പിടയുന്ന പലസ്തീന്‍ ജനതയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം അവള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഗാസ പട്ടണമായ ഖാന്‍ യൂനസില്‍ തിരക്കിട്ട പരിചരണത്തിലായിരുന്നു റസാന്‍ അല്‍ നജര്‍. മരുന്ന് എടുത്തുകൊണ്ടുവരാനുള്ള ഓട്ടത്തിനിടെയാണ് അവള്‍ വെടിയേറ്റ് പിടഞ്ഞുവീണത്. വെള്ള യൂണിഫോമിലായിരുന്നു അവള്‍. എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ കൈകള്‍ രണ്ടും അവള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നിട്ടും, ആ മാലാഖയുടെ നെഞ്ചിലേക്ക് ഇസ്രയേല്‍ സേന വെടിയുതിര്‍ത്തു. അവളുടെ വെള്ളക്കോട്ടിന് ചോരച്ചുവപ്പായി. ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ധീരയും കരുണയുടെ മാലാഖയുമായിരുന്ന നജറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ ഘാതകരുടെ കാലത്തിനപ്പുറവും നിലനില്‍ക്കുമെന്നാണ് പലസ്തീന്‍ പ്രതികരിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സമരക്കാര്‍ക്ക് ശുശ്രൂഷയിലൂടെ ആശ്വാസം പകര്‍ന്ന് നജര്‍ ഗാസാ അതിര്‍ത്തിയിലുണ്ടായിരുന്നു. വെടിയേറ്റ് പിടയുന്ന പലസ്തീനികള്‍ക്ക് നജര്‍ ദൈവം അയച്ച മാലാഖയാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച നജറിന്റെ ചിത്രങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരപരാധിയായ പാരാമെഡിക്കല്‍ വോളന്റിയറെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ഭീഷണി സഷ്ടിക്കുന്ന സമരക്കാര്‍ക്ക് നേരെ മാത്രമേ വെടിയുതിര്‍ക്കൂ എന്നായിരുന്നു ഇസ്രയേല്‍ മുമ്പ് പറഞ്ഞത്.

 

പോലീസ്-ഗുണ്ടാ-സി.പി.എം കൂട്ട്‌കെട്ടിനെതിരെ യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): സംസ്ഥാനത്ത് നിലനില്‍ക്കുന്ന പോലീസ്-ഗുണ്ടാ-സി പി എം കൂട്ടുക്കെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് മുമ്പിൽ ജനകീയ വിചാരണ നടത്തുകയും, കുറ്റപത്രം വായിക്കുകയും ചെയ്തു.

ജനകീയ വിചാരണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.ഡി അബ്ദുൽ ഖാദർ അദ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് കളത്തൂർ കുറ്റപത്രം വായിച്ചു.

ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, അസീസ് ഹാജി, സെഡ്.എ കയ്യാർ, മുക്താർ ഉദ്യാവരം,ഉമ്മർ ബൈൻകിമൂല, ഹമീദ് ബായാർ, റഫീഖ് കണ്ണൂർ, ഹാരിസ് പാവൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, നാസിർ ഇടിയ, റഫീഖ് ഐ.എം.ആർ, സിറാജ് മാസ്റ്റർ, സുബൈർ മാസ്റ്റർ, ഖലീൽ ചിപ്പാർ, ഇർഷാദ് മള്ളങ്കൈ, മജീദ് പച്ചമ്പള, സിദ്ദീഖ് മഞ്ചേശ്വരം, അബ്ദുല്ല ഹൊസങ്കടി, അബ്ദുല്ല കാജാ, മുസ്തഫ ഉദ്യാവർ, ബഷീർ മൊഗർ ബി.എം മുസ്തഫ, അബ്ദുല്ല ഗുഡ്ഡെഗിരി, റസാഖ് അചക്കര, അസീസ് കളായി, സിദീഖ് ദണ്ഡഗോളി, താഹിർ ബി.ഐ ഉപ്പള, നിസാർ ബായാർ, റഹീം പള്ളം തുടങ്ങിയവർ സംബന്ധിച്ചു. കെ.എം അബ്ബാസ് നന്ദി പറഞ്ഞു.

ഉപ്പളയിലെ ഗുണ്ടാതലവന്റെ മകനെ കുത്തിക്കൊന്നതായി വ്യാജ സന്ദേശം: പോലീസ് അന്വേഷണം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in) : ഉപ്പളയിലെ ഗുണ്ടാതലവന്റെ മകനെ കുത്തിക്കൊന്നതായി വ്യാജ സന്ദേശം പോലിസിനെ വട്ടം കറക്കി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഉപ്പള റെയിൽവേ സ്റ്റേഷനടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവന്റെ മകനെ കുത്തിക്കൊന്നുവെന്നായിരുന്നു സന്ദേശം. തുടർന്ന് വ്യാപകമായി ഇത് പ്രചരിച്ചതോടെ മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് തെളിയുകയായിരുന്നു.

കിംവദന്തി പരന്നതോടെ നിരവധി പേർ പോലീസ് സ്റ്റേഷനിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും വിളിച്ച് നിജസ്ഥിതി അറിയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വാർത്ത എല്ലായിടത്തും പടർന്നു.

പോലീസിന്റെ ശ്രദ്ധ തിരിക്കാൻ മാഫിയകൾ ചെയ്തതാണോ എന്നാണ് ഇപ്പോൾ സംശയം. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

വീക്കെൻഡ് മെൻസ് ഔട്ട് ലെറ്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി ഉപ്പളയിലെ ജനങ്ങള്‍ക്കും. വസ്ത്ര വ്യാപാര സംരംഭമായ വീക്കെൻഡ് മെൻസ് ഔട്ട് ലെറ്റ് ഉപ്പള ടൗണിൽ എം.കെ.എച്ചിന് മുൻവശം പ്രവർത്തനം ആരംഭിച്ചു.

സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. പുരുഷന്മാര്‍ക്കായി ഷര്‍ട്ടിങ്‌സ്, സ്യൂട്ടിങ്‌സ്, പാന്റ്‌സ്, ധോത്തീസ് തുടങ്ങിയവയുടെ കളക്ഷനുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ കെ പ്രേമ സദൻ, ശാഹുൽ ഹമീദ് ബന്തിയോട്, റഫീഖ്,എം ബി യൂസഫ്, സെഡ് എ കയ്യാർ, യൂസഫ് ഉളുവാർ, മുഹമ്മദ് ഹാജി,ഗോൾഡ് കിംഗ് ഹനീഫ്, റഹ്‌മാൻ ഗോൾഡൻ തുടങ്ങിയവർ സംബന്ധിച്ചു.

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം (www.mediavisionnews.in) : ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇവിടെയുണ്ട്. രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ ആവിടെ നിലയുറപ്പിക്കും. രണ്ടാം ഘട്ടത്തില്‍ നിപ്പ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

വൈറസ് ബാധയേറ്റ 18 പേരില്‍ 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിതീകരിച്ച 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ് എന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച്‌ വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി വാര്‍ത്തക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

അതേസമയം, നിപ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്.