റസാന്‍ അല്‍ നജര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ

0
270

ഗാസ (www.mediavisionnews.in) :  ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയാവുന്ന പലസ്തീന്‍ ദൈന്യതയ്ക്ക് ഇനി നജര്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ നിഷ്‌കളങ്കമായ മുഖമായിരിക്കും. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ് പിടയുന്ന പലസ്തീന്‍ ജനതയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം അവള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഗാസ പട്ടണമായ ഖാന്‍ യൂനസില്‍ തിരക്കിട്ട പരിചരണത്തിലായിരുന്നു റസാന്‍ അല്‍ നജര്‍. മരുന്ന് എടുത്തുകൊണ്ടുവരാനുള്ള ഓട്ടത്തിനിടെയാണ് അവള്‍ വെടിയേറ്റ് പിടഞ്ഞുവീണത്. വെള്ള യൂണിഫോമിലായിരുന്നു അവള്‍. എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ കൈകള്‍ രണ്ടും അവള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നിട്ടും, ആ മാലാഖയുടെ നെഞ്ചിലേക്ക് ഇസ്രയേല്‍ സേന വെടിയുതിര്‍ത്തു. അവളുടെ വെള്ളക്കോട്ടിന് ചോരച്ചുവപ്പായി. ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ധീരയും കരുണയുടെ മാലാഖയുമായിരുന്ന നജറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ ഘാതകരുടെ കാലത്തിനപ്പുറവും നിലനില്‍ക്കുമെന്നാണ് പലസ്തീന്‍ പ്രതികരിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സമരക്കാര്‍ക്ക് ശുശ്രൂഷയിലൂടെ ആശ്വാസം പകര്‍ന്ന് നജര്‍ ഗാസാ അതിര്‍ത്തിയിലുണ്ടായിരുന്നു. വെടിയേറ്റ് പിടയുന്ന പലസ്തീനികള്‍ക്ക് നജര്‍ ദൈവം അയച്ച മാലാഖയാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച നജറിന്റെ ചിത്രങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരപരാധിയായ പാരാമെഡിക്കല്‍ വോളന്റിയറെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ഭീഷണി സഷ്ടിക്കുന്ന സമരക്കാര്‍ക്ക് നേരെ മാത്രമേ വെടിയുതിര്‍ക്കൂ എന്നായിരുന്നു ഇസ്രയേല്‍ മുമ്പ് പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here