Monday, May 12, 2025
Home Blog Page 3562

“സക്കാത്ത്‌ യാത്ര”യുടെ മറവില്‍ മോഷണ സംഘം; സ്‌ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ പൊലീസ്‌

കാസര്‍കോട്‌ (www.mediavisionnews.in):  ഉത്തര മലബാറിനെ മാത്രം ലക്ഷ്യമിട്ട്‌ റംസാന്‍ ആദ്യവാരം വണ്ടിയിറങ്ങിയത്‌ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍. പ്രത്യേക പരിശീലനം കിട്ടിയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോഷണം ലക്ഷ്യമിട്ട്‌ റംസാനില്‍ കേരളത്തിലെത്തുന്നുവെന്ന്‌ പൊലീസിന്‌ നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഖംമൂടി പര്‍ദ്ദയണിഞ്ഞെത്തുന്ന “സക്കാത്ത്‌ സംഘം” സ്‌ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയാണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌.

റംസാന്‍ അവസാനത്തെ പത്ത്‌ ആരംഭിച്ചുകഴിഞ്ഞാല്‍ സക്കാത്ത്‌ വിതരണം സജീവമാകുമെന്നറിയുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന്‌ മഹല്ലു കമ്മിറ്റികളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ റംസാനില്‍ പര്‍ദ്ദയണിഞ്ഞ്‌ പുരുഷന്മാര്‍ സ്‌ത്രീകളെ കബളിപ്പിച്ച്‌ വീട്ടിനകത്ത്‌ കയറിപ്പറ്റിയ സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരാതികൊടുക്കാന്‍ ആരും മുന്നോട്ട്‌ വന്നില്ല.

സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ സ്‌ത്രീകള്‍ തയ്യാറാകണമെന്ന്‌ പൊലീസ്‌ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതിനിടെ നോമ്പു തുറക്കുന്ന സമയത്ത്‌ വീട്‌ പൂട്ടി ഇഫ്‌താറില്‍ പങ്കെടുക്കാന്‍ പോകുന്ന വീട്ടുകാര്‍ മോഷണ സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌, മഹല്ലുകളിലും പള്ളികളിലും ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ബോധവല്‍ക്കരണ നോട്ടീസ്‌ വിതരണം ചെയ്‌തു. സ്വര്‍ണ്ണം പണം എന്നിവയുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ വീട്ടുകാരോട്‌ മഹല്ല്‌ കമ്മിറ്റികളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

മൊഗ്രാൽ പുത്തൂർ കിണറ്റിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): ഞായറാഴ്ച രാവിലെ മൊഗ്രാൽ പുത്തൂർ ദേശീയ പാതക്ക് സമീപമുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കർണ്ണാടക വിട്ട്ള സ്വദേശി കാർത്തിക് (30) ന്റെതാണ് മൃതദേഹമെന്ന് തിങ്കളാഴ്ച രാവിലെ കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ ജനറൽ ആശുപത്രി മോർച്ചറിയിലെത്തിയാണ് സ്ഥിരീകരിച്ചത്.

കർണാടക വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ആണ് കാർത്തിക്. സ്ഥിരമായി ഈ കിണറിൽ നിന്നും മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളമെടുത്തിരുന്ന സമീപത്ത വീട്ടുകാർ വെള്ളത്തിന് രുചി വ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെ കിണർ പരിശോധിക്കാൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. കിണറിന് സമീപത്ത് നിന്നും കർണ്ണാടക രജിസ്റ്റ്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിരുന്നു. ആത്മഹത്യായാണെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒളിച്ചുകളി അവസാനിപ്പിക്കണം.ബി.എം.മുസ്തഫ

ഉപ്പള:(www.mediavisionnews.in) പകർച്ചവ്യാധികളും മറ്റും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുങ്ങി നടക്കുകയും അധികാരികളെ ഉൾപ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗൽപാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എം.മുസ്തഫ ആരോപിച്ചു.നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി അന്വേഷിക്കുവാനും നടപടി എടുക്കാനും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്ഥലം സന്ദർശിക്കുവാൻ പോലും ഹെൽത്ത് ഇൻസ്പെക്ടർ കൂട്ടാക്കുന്നില്ല. ആശുപത്രിയുടെ മുന്നിൽ വരെ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നത് നേരിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രവുമല്ല പ്രസിഡണ്ടും മറ്റു ജനപ്രതിനധികളും വിളിച്ചാൽ ഫോൺ എടുക്കുകയോ ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഹെൽത്ത് ഇൻസ്പെക്ടറുടെ ധിക്കാരപരമായ നടപടിയിൽ ഒരു വർഷം മുമ്പ് പഞ്ചായത്ത് ബോർഡ് യോഗം പ്രമേയം അവതരിപ്പിച്ച് ആരോഗ്യ മന്ത്രി ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയെ അപമാനിച്ചു വിട്ട സംഭവവും എച്ച്.ഐയുടെ അറിവോടെ തന്നെയാണെന്നും ആരോപിച്ചു.ഇദ്ധേഹത്തിനെതിരെ അടിയന്തിരമായും നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി,വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയതായും ബി.എം.മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.

സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

0

റിയാദ് (www.mediavisionnews.in): വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍.

വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി അയ്യായിരം റിയാലാണ് ശമ്പളം. ആവശ്യക്കാര്‍ കുറഞ്ഞതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ശമ്പളം 4000 റിയാലിനും അതിനു താഴെയായി.

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു

മഞ്ചേശ്വരം (www.mediavisionnews.in): കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. നിറയെ യാത്രക്കാരുമായി മംഗളൂറു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച വൈകീട്ടോടെയാണ് മഞ്ചേശ്വരം പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

ഉപ്പള – കന്യനാ അന്തർസംസ്ഥാന റൂട്ടിൽ കേരള ആർ ടി സി സർവീസ് ആരംഭിക്കുക ഡിവൈഎഫ്ഐ

ഉപ്പള (www.mediavisionnews.in):ഉപ്പള കന്യാന അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം എന്ന് ഡി.വൈ.എഫ്.ഐ ഉപ്പള മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ തന്നെ ഏറ്റവും പ്രധാന അന്തർസംസ്ഥാന പാതയാണ് ഉപ്പള കന്യന. നിലവിൽ പ്രൈവറ്റ് ബസുകൾക്കൊപ്പം കർണാടകം ആർ.ടി.സി മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കേരളം ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിലെ യാത്രരക്കാർക്ക് ഉപകരപ്രതമാകും എന്ന് മാത്രമല്ല നിലവിൽ പതിനായിരക്കണക്കിന് രൂപ ദിവസവും ബസുകൾക്ക് ലഭിക്കുന്നുണ്ട്. ഇത്രയും ലാഭകരമായ റൂട്ട് ആയിട്ട് കൂടെ കേരളം ആർ.ടി.സി സർവീസ് നടത്താൻ തയ്യാറാവാത്ത നിലപാട് മാറ്റാൻ കെ.എസ്.ആർ.ടി.സി തയ്യാറാവണം എന്ന് സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം രേവതി കുമ്പള ഉദ്‌ഘാടനം ചെയ്തു. ശരത് പ്രവർത്തന റിപ്പോർട്ടും സാദിഖ് ചെറുകോളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ.എം ഉപ്പള ലോക്കൽ സെക്രട്ടറി രവീന്ദ്ര ഷെട്ടി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് കനില, സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗം ഉമേഷ് ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനം പ്രവീണിനെ പ്രസിഡന്റ് ആയും മുഹമ്മദ് അനീസിനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു

ഗർഭിണിയായ യുവതിയോടുളള അനാസ്ഥ മുസ്ലിംലിഗ് കമ്മിറ്റി മംഗൽപ്പാടി സി.എച്ച്.സി ആശുപത്രിയിലേക്ക് മാർച്ച് നടത്തി

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി സി.എച്ച്.സി ആശുപത്രിയിലേക്ക് ചികിൽസയ്ക്ക് എത്തിയ ഭർണിയായ യുവതിയെ മോഷമായ രീതിയിൽ പെരുമാറിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് അവശ്യപ്പെട്ടുകൊണ്ട് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച്.സി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ മാസം 31- തിയ്യതിയാണ് സംഭവം. മിയപ്പദാവ് സ്വദേശിനിയും കൈക്കമ്പയിലെ താമസക്കാരിയുമായ യുവതിയും അമ്മയും ഡോക്ടറെ കാണാൻ നിൽക്കുന്ന സമയത്ത് രക്തസ്രവം അനുഭപ്പെട്ടു ഈ സമയത്താണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് നിർബന്ധിപ്പിച്ച് തറ അടിപ്പികുകയാരുന്നു. ഹോസ്പിറ്റലിന്റെ വികസന പ്രവർത്തനതിന് പ്രഭാകരൻ കമ്മിഷനിൽ 1 കോടി രൂപ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ അത്യാധുനിക മോർച്ചറി, ഡയലിസിസ് യൂണിറ്റ് എന്നി പ്രവർത്തനങ്ങൾ നടന്ന് വരുന്നതിൻ ഇടയിൽ ചില ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് നടത്തുന്ന ഈ അവസ്ഥ എന്ത് വില കൊടുത്തും നേരിടും എന്ന് മുസ്ലിംലിഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. യോഗം മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉൽഘാടനം ചെയ്തു. മംഗൽപ്പാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.ബി യുസഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ബന്തിയോട്, എം.കെ.അലി മാസ്റ്റർ, പി.എം.സലിം, ബി.എം.മുസ്തഫ, ഉമ്മർ ബൈൻകിമൂല, യുസഫ് ഹേരൂർ, മുസ്തഫ ഉപ്പള, റസ്സാഖ് ബപ്പായിത്തൊട്ടി,അസീം മണിമുണ്ട,മുഹമ്മദ് ഉപ്പള ഗേറ്റ് ജലിൽ ഷിറിയ, ഫാറൂഖ് മദക്കം, റഫീഖ് നയബസാർ, തുടങ്ങിയവർ സംസാരിച്ചു. വി.പിഷൂക്കൂർ ഹാജി സ്വാഗതവും, അഷ്റഫ് സിറ്റിസൺ നന്ദിയും പറഞ്ഞു.

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ഉപ്പള:(www.mediavisionnews.in) കുക്കാർ ആയിഷ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.

സി.എച്ച്‌.സി ജീവനക്കാര്‍ രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞു; ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി

ഉപ്പള: (www.mediavisionnews.in) മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗര്‍ഭാശയ അസുഖവുമായി ആശുപത്രിയിലെത്തിയ രോഗിയോടും കൂട്ടിരിപ്പുകാരോടും ജീവനക്കാര്‍ ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞതായാണ് പരാതി. മിയാപ്പദവ് സ്വദേശി ജയകുമാറിന്റെ ഭാര്യ സുധയ്ക്കാണ് (40) ആശുപത്രിയില്‍ നിന്നും ദുരനുഭവമുണ്ടായത്. പരിശോധന കഴിഞ്ഞ ശേഷം ജീവനക്കാര്‍ വന്ന് രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തികേടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി വന്ന് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെത്രെ.

നിരവധി ആളുകളുടെ മുമ്പിൽ വെച്ച്‌ തങ്ങളോട് കയര്‍ത്തു സംസാരിക്കുകയും അത് നിങ്ങളുടെ ഡ്യൂട്ടി അല്ലെ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കു വേറെ പണിയുണ്ടെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞതെന്നും സുധ പറഞ്ഞു. ഇത്രയും ഗുരുതരമായ രോഗികളെയും കൊണ്ട് ഇവിടെ വരുന്നതെന്തിനാണെന്നും വല്ല സ്വകാര്യ ആശുപത്രികളിലും പോയ്ക്കൂടെ എന്ന് ചോദിച്ചതായും സുധ പറഞ്ഞു. എന്നാല്‍ നിര്‍ധനരായ തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നല്‍കാനുള്ള പണമില്ലാത്തതിനാലാണ് ഇവിടെ വന്ന് ചികിത്സ തേടുന്നതെന്ന് പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് സൗദിയിലും വിലക്ക്

0

റിയാദ് (www.mediavisionnews.in): നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദിയിലും വിലക്ക്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ.യും ബഹ്‌റൈനും നിരോധനം തുടങ്ങിയത്.

കേരളത്തില്‍ നിപ വൈറസ് ബാധിച്ച്‌ പതിനേഴ് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ താത്കാലികമായി കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയത്. നിപ വൈറസ് സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറസ് ബാധ രാജ്യത്തേക്ക് വ്യാപിക്കാതിരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മിക്ക ഗള്‍ഫ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.