Thursday, May 15, 2025
Home Blog Page 3558

കമ്മിഷണർക്ക് സ്ഥലംമാറ്റം; പോലീസ് അധിപനില്ലാതെ മംഗളൂരു

മംഗളൂരു (www.mediavisionnews.in): സിറ്റി പോലീസ് കമ്മിഷണറായ വിപുൽകുമാറിനെ സ്ഥലംമാറ്റി. മൈസൂരു പോലീസ് അക്കാദമിയിലെ ഐ.ജി.യായാണ് മാറ്റം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിലിലാണ് വിപുൽകുമാറിനെ മംഗളൂരു കമ്മിഷണറായി നിയമിച്ചത്. നിലവിൽ ആർക്കും മംഗളൂരു പോലീസ് കമ്മിഷണറുടെ ചുമതല നൽകിയിട്ടില്ല.

ബന്തിയോട് മുസ്ലിം യുവജന വേദി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ബന്തിയോട് (www.mediavisionnews.in): ബന്തിയോട് മുസ്ലിം യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ബദ്‌രിയ ജുമാ മസ്ജിദിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു.

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.

വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.

യുഎഇയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

0

യുഎഇ(www.mediavisionnews.in): യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

യുഎഇയില്‍ താപനില ഇനിയും ഉയരാനാണ് സാധ്യതയുള്ളത്. കഴിഞ്ഞദിവസം ഏറ്റവും കൂടിയ താപനിലയാണ് മെസൈറയില്‍ രേഖപ്പെടുത്തിയത്.

ടി പി രഞ്ജിത്ത് കാസര്‍കോട് ക്രൈം ബ്രാഞ്ചിലേക്ക്

കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ കാസര്‍കോട് വിജിലന്‍സിലേക്ക് മാറ്റി. സുധാകരന്‍ ചിറ്റാരിക്കല്‍ കമ്മാടം സ്വദേശിയാണ്

ഒഎല്‍എക്‌സില്‍ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക്; വില 10,000

0

തിരുവനന്തപുരം (www.mediavisionnews.in):തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇന്ദിരാഭവന്‍ പതിനായിരം രൂപയ്ക്ക് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ഇത്.

കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പ്പനയെന്ന് ഒഎല്‍എക്‌സ് പരസ്യത്തില്‍ പറയുന്നു. ഇവിടെ എല്ലാവിധ ഫര്‍ണിച്ചറുകളുമുണ്ടെന്നും വാങ്ങുന്നവര്‍ക്ക് ഉടന്‍ ഏറ്റെടുക്കാനാകുമെന്നും പരസ്യത്തില്‍ പറയുന്നു.

കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയതില്‍ ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രങ്ങളില്‍ കരി ഓയിലൊഴിച്ചും കോലം കത്തിച്ചുമൊക്ക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

മകളുടെ വിയോഗത്തില്‍ തളരാതെ ആതുരസേവനരംഗത്തേക്ക് ; ഗാസയില്‍ വെടിയേറ്റുമരിച്ച റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് പലസ്തീന്‍ മെഡിക്കല്‍ ക്യാംപില്‍

0

ഇസ്രായേല്‍ വെടിവയ്പ്പില്‍ മരിച്ച നഴ്‌സ് റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് ആതുരസേവന രംഗത്തേക്ക്. ഗാസയിലെ മെഡിക്കല്‍ ക്യാംപില്‍ റസാന്റെ അമ്മയും സഹോദരിയും പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ക്യാംപിലാണ് ഇരുവരുമെത്തിയത്. വെടിയേല്‍ക്കുമ്പോള്‍ റസാന്‍ ധരിച്ചിരുന്ന യൂണിഫോം ധരിച്ചാണ് മാതാവ് സബ്രീന്‍ അല്‍ നജ്ജാറെത്തിയത്.

ഞങ്ങള്‍ നിരായുധരാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും സന്ദേശമുണ്ട്.റസാന്‍ ലോകത്തിനു മുന്നില്‍ പറയാനാഗ്രഹിച്ച സന്ദേശം പ്രചരിപ്പിക്കാനും യുദ്ധത്തിനെതിരെ പോരാടാനുമാണ് ഞങ്ങളുടെ ലക്ഷ്യം. നിരായുധരായ പലസ്തീന്‍ ജനതയോട് അനീതിയാണ് ഇസ്രായേല്‍ ഭരണകൂടം കാണിക്കുന്നതെന്നും ഇസ്രായേലിന്റെ യുദ്ധക്കൊതിക്ക് തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും റസാന്റെ മാതാവ് പറഞ്ഞു.

”പരിക്കേല്‍ക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. അവരെ ആര് ശുശ്രൂഷിക്കും. ഒരു പുരുഷന് സാധിക്കില്ല എന്നല്ല. പക്ഷേ ഞങ്ങള്‍ക്കിവിടെ വലിയ റോളുണ്ട്. ജനങ്ങളുടെ സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യം. ആയുധങ്ങളില്ലാതെ നമുക്കതിന് സാധിക്കും. ഞങ്ങളിത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് വേതനം വേണ്ട”

യുദ്ധഭൂമിയില്‍ കഷ്ടപ്പെടുന്നവരെ പരിചരിക്കാനാണ് ഇവിടെ എത്തിയത്. തന്റെ സഹോദരിയുടെ യാത്ര അവസാനം വരെ പിന്തുടരുമെന്നും റസാന്റെ സഹോദരി റയാന്‍ അല്‍ നജ്ജാര്‍ പറഞ്ഞു. യുദ്ധഭൂമിയില്‍ പരുക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ജീവന്‍ കൊടുക്കാനും തയ്യാറാണെന്നും റയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; മഴക്കെടുതിയില്‍ നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

0

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതിയും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു. നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ കാലവര്‍ഷത്തില്‍ മരിച്ചത്. കാസര്‍ഗോഡ് കുശാല്‍നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി നാലുവയസ്സുകാരി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് ഖദീജ, എടത്വാ തലവടിയില്‍ വിജയകുമാര്‍, കാസര്‍ഗോഡ് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, പടിഞ്ഞാറ്റയില്‍ ഗംഗാധരന്‍ എന്നിവരടക്കം ഇതുവരെ പത്ത് പേരാണ് മരിച്ചത്.

കോഴിക്കോട് കടലുണ്ടി ചാലിയത്ത് കുരുക്കല്‍കണ്ടിയാല്‍ ഖദീജ തെങ്ങ് ദേഹത്ത് വീണാണ് മരിച്ചത്. അറുപതുകാരിയായ ഖദീജ സക്കാത്തിനായി നടക്കുമ്ബോള്‍ ഒരു വീടിനു മുന്നിലെ തെങ്ങ് വീണാണ് അപകടം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാകുകയാണ്. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതയ്ക്കുന്നത്.

കാസര്‍ഗോഡ് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും അപകട ഭീതിയിലാണ്. തീരദേശവാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കലകക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 23 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായം തകര്‍ന്നു. താമരശേരി താലൂക്കിലെ കിനാലൂര്‍ വില്ലേജില്‍ ഒരു വീടിന് സ്ലാബിന് വിള്ളലുണ്ടായി. ആയ ബേരി വില്ലേജ് പരിധിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു രവീന്ദ്രന്‍ നരിപ്പറ്റക്കാണ് പരുക്കേറ്റത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കളക്ടര്‍ യുവി ജോസ് പറഞ്ഞു. ദുരിതബാധിതരെ ആവശ്യമാണെങ്കില്‍ പുനരധിവസിപ്പിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത പാലിക്കുകയാണ്. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും ഇരുപത്തിനാല് മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 04952371002 എന്ന നമ്ബറില്‍ വിളിച്ചാല്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കടല്‍ പ്രക്ഷുബധമായതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയിലും പത്തിലേറെ വീടുകളില്‍ വെള്ളം കയറി. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. കനത്ത് മഴയില്‍ കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംബിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയും തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഹൈറേഞ്ച് ഭാഗങ്ങളെല്ലാം ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

മദീനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ട് കുട്ടികള്‍മരിച്ചു

0

മദീന (www.mediavisionne: ദമാമില്‍നിന്നും മക്കയില്‍ വിശുദ്ധ ഉംറക്കെത്തി തിരിച്ച്‌ മദിനാ സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ, മദീനയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ന് രാവിലെ തൃശൂര്‍ വാടാനപള്ളി സ്വദേശികളായ രണ്ട് കുട്ടികള്‍മരിച്ചു. ദമാം ടയോട്ട തഹ്‌വീല്‍ അല്‍രാജി ബാങ്കിന് എതിര്‍വശം താമസിക്കുന്ന തൃശൂര്‍ വാടാനപള്ളി ഷാഹുല്‍ ഹമീദ് സല്‍മ ദമ്ബതികളും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മക്കള്‍ ആയിശ, ഫാത്ത്വിമ എന്നീ കുട്ടികകളാണ് മരിച്ചത്.

തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞുമായി മേല്‍ക്കൂര പറന്നുപോയി; രക്ഷപ്പെട്ടത് അത്ഭുതകരമായി

0

തിരുവനന്തപുരം (www.mediavisionnews.in): കനത്ത കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. മേല്‍കൂര അടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള കമ്പിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. എന്നാല്‍, ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് മേല്‍ക്കൂര പറന്നുമാറുകയായിരുന്നു. ഈ സമയം കൂഞ്ഞ് തൊട്ടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

പറന്നുമാറിയ മേല്‍ക്കൂര സമീപത്തെ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞ് തൊട്ടിലില്‍ തൂങ്ങി കിടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഏണി ഉപയോഗിച്ച്‌ മുകളില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

താഴെ എത്തിച്ച കുഞ്ഞിനെ പ്രാഥമിക ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുമാര്‍-ഷീബ ദമ്ബതികളുടെ കുഞ്ഞാണ് മേല്‍കൂരയ്‌ക്കൊപ്പം പറന്നു പോയത്.

‘ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നു, ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റു, കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ്

0
(www.mediavisionnews.in)ലോകസഭാ സീറ്റ്  കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ ലീഗിനെ വിമര്‍ശിച്ചു രംഗത്തുവന്നവര്‍ക്കു മറുപടിയുമായി യൂത്ത്‌C സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നുവെന്നും  ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഫിറോസിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ലെന്നും അതിനാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ ഉണ്ടായതെന്നും പറയുന്നു. ചരിത്രം പരിശോധിച്ചാല്‍ വിട്ടുവീഴ്ചകളുടെ ഘോഷ യാത്ര കാണാമെന്നും  എ കെ ആന്റണിക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ലീഗിന് രാജ്യസഭയില്‍ അംഗത്വം വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നും  രണ്ട് രാജ്യസഭാ മെമ്പര്‍മാരുണ്ടായിരുന്ന ലീഗിന് ഇപ്പോഴുള്ളത് ഒന്ന് മാത്രമാണെന്നും ഫിറോസ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം.
ഐക്യജനാധിപത്യ മുന്നണി എന്നത് ഇന്നലെ പെയ്ത മഴയില്‍ മുളച്ചു പൊന്തിയ ഒന്നല്ല. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികള്‍, മുസ്‌ലിം ലീഗും കോണ്‍ഗ്രസും നിരന്തരമായ പരിശ്രമത്തിലൂടെയും അതിലേറെ വിട്ടു വീഴ്ചയിലൂടെയും രൂപപ്പെടുത്തിയ സംവിധാനമാണ് യു.ഡി.എഫ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മദ്രാസ് അസംബ്ലിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിലെ രാജാജിക്ക് മന്ത്രി സഭ രൂപീകരിക്കാന്‍ മുസ്‌ലിം ലീഗിന്റെ അഞ്ച് എം.എല്‍.എമാര്‍ നിരുപാധികം പിന്തുണ നല്‍കുകയായിരുന്നു. തലേ ദിവസം വരെ ശത്രുവിനെ പോലെ പെരുമാറിയ കോണ്‍ഗ്രസിനോട് ചരിത്രത്തിലെ ആദ്യത്തെ വിട്ടു വീഴ്ച. അങ്ങിനെയാണ് കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത്.
ഭാഷാ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന 1957ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നു. ഓര്‍ക്കുന്നില്ലേ ലീഗ് ചത്ത കുതിരയാണെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് സി.എച്ച് അതിന് മറുപടി പറഞ്ഞത്. എന്നിട്ടും 1958ല്‍ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബാഫഖി തങ്ങള്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നാണ്.
1958ല്‍ വിമോചന സമരത്തില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണ് കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ പോരിനിറങ്ങിയത്. അങ്ങിനെയാണ് ഇ.എം.എസ് മന്ത്രി സഭ താഴെ പോയത്. 1960 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ലീഗും കോണ്‍ഗ്രസും പി.എസ്.പിയും ഒന്നിച്ച് മത്സരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭയുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞു ലീഗ് പാടില്ലെന്ന്. ലീഗിനെ പറ്റില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് പി.എസ്.പിയും. ഒടുവില്‍ വിട്ടുവീഴ്ചക്ക് തയ്യാറായത് ലീഗ്. സീതി സാഹിബ് സ്പീക്കര്‍ സ്ഥാനമേറ്റെടുത്തു. സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ സി.എച്ച് സ്പീക്കറാവണമെങ്കില്‍ ആദ്യം ലീഗില്‍ നിന്നും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വാശിപിടിച്ചു. സ്പീക്കര്‍ പദവി ഏറ്റെടുത്താല്‍ എല്ലാവരും ചെയ്യുന്ന ഒരു രാജി നേരത്തെ വേണമെന്നത് ദുര്‍വാശി മാത്രമായിരുന്നു. അവിടെയും ലീഗ് വിട്ടുവീഴ്ച ചെയ്തു.
ചരിത്രം പരിശോധിച്ചാല്‍ വിട്ടുവീഴ്ചകളുടെ ഘോഷ യാത്ര പിന്നെയും കാണാം. എ കെ ആന്റണിക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ലീഗിന് രാജ്യസഭയില്‍ അംഗത്വം വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് രാജ്യസഭാ മെമ്പര്‍മാരുണ്ടായിരുന്ന ലീഗിന് ഇപ്പോഴുള്ളത് ഒന്ന് മാത്രമാണ്. ലീഗിനേക്കാള്‍ അംഗബലം കുറവുള്ള സി.പി.ഐ 4 ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റിലാണ്. നിയമസഭയിലും സ്ഥിതി വ്യത്യസ്തമല്ല. യു.ഡി.എഫ് എന്ന വിശാല താല്‍പ്പര്യത്തിനാണ് ഈ വിട്ടു വീഴ്ചകളൊക്കെയും.
ലീഗ് മാത്രമല്ല കോണ്‍ഗ്രസും വിട്ടു വീഴ്ച ചെയ്തിട്ടുണ്ട്. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വന്നപ്പോള്‍ കൊല്ലം പാര്‍ലമെന്റ് സിറ്റിംഗ് സീറ്റാണ് എന്‍.കെ പ്രേമചന്ദ്രന് വിട്ടുകൊടുത്തത്. വീരേന്ദ്രകുമാര്‍ വന്നപ്പോള്‍ വെറും 4000 വോട്ടിന് സതീഷന്‍ പാച്ചേനി തോറ്റ പാലക്കാട് പാര്‍ലമെന്റ് മണ്ഡലമാണ് കോണ്‍ഗ്രസ് വിട്ടു കൊടുത്തത്. യു.ഡി.എഫ് എന്ന വിശാല താല്‍പ്പര്യം മാത്രമാണ് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചത്. ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ ഈ വിട്ടുവീഴ്ചാ മനോഭാവം നമ്മള്‍ കണ്ടിട്ടുണ്ട്. 44 സീറ്റുള്ള ബംഗാളില്‍ 26 സീറ്റുള്ള സി.പി.എമ്മിലെ യച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തത് വിശാല താല്‍പ്പര്യമുള്ളത് കൊണ്ടാണ്. അതാണ് കര്‍ണ്ണാടകയിലും ആവര്‍ത്തിക്കപ്പെട്ടത്.
കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ല എന്നത് കൊണ്ടാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ ഉണ്ടായത്. അഴിമതിക്കാരനെന്ന് മാണിയെ നിരന്തരം ആക്ഷേപിച്ചിരുന്ന സി.പി.എമ്മിന് ഈയിടെ പിടി കൂടിയ മാണി പ്രേമം കേരളം മനസ്സിലാക്കിയതാണ്. ഇനി രണ്ടു മുന്നണിയിലുമില്ലെങ്കില്‍ ബി.ജെ.പി പാളയത്തില്‍ മാണി ചേക്കേറിയാലുള്ള അപകടമൊഴിവാക്കലും രാഷ്ട്രീയ ബുദ്ധിയാണ്.
താല്‍ക്കാലിക വികാരപ്രകടനമല്ല, ദീര്‍ഘ ദൃഷ്ടിയാണ് നേതാക്കള്‍ക്ക് വേണ്ടത്. പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യം നുകരുകയും പ്രതിസന്ധിയുണ്ടാവുമ്പോള്‍ അടിയില്‍ നിന്ന് മാന്തുകയും ചെയ്യുന്ന പ്രവണത ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ചരിത്രത്തിലെ വിട്ടു വീഴ്ചകളുടെയും, കൊടുക്കല്‍ വാങ്ങലിന്റെയും, പങ്ക് വെക്കലിന്റെയും ഓര്‍മ്മകള്‍ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കാനുള്ള രാഷ്ട്രീയ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ പാവയാവേണ്ടവരല്ല നാം….