മകളുടെ വിയോഗത്തില്‍ തളരാതെ ആതുരസേവനരംഗത്തേക്ക് ; ഗാസയില്‍ വെടിയേറ്റുമരിച്ച റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് പലസ്തീന്‍ മെഡിക്കല്‍ ക്യാംപില്‍

0
256

ഇസ്രായേല്‍ വെടിവയ്പ്പില്‍ മരിച്ച നഴ്‌സ് റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് ആതുരസേവന രംഗത്തേക്ക്. ഗാസയിലെ മെഡിക്കല്‍ ക്യാംപില്‍ റസാന്റെ അമ്മയും സഹോദരിയും പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ക്യാംപിലാണ് ഇരുവരുമെത്തിയത്. വെടിയേല്‍ക്കുമ്പോള്‍ റസാന്‍ ധരിച്ചിരുന്ന യൂണിഫോം ധരിച്ചാണ് മാതാവ് സബ്രീന്‍ അല്‍ നജ്ജാറെത്തിയത്.

ഞങ്ങള്‍ നിരായുധരാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും സന്ദേശമുണ്ട്.റസാന്‍ ലോകത്തിനു മുന്നില്‍ പറയാനാഗ്രഹിച്ച സന്ദേശം പ്രചരിപ്പിക്കാനും യുദ്ധത്തിനെതിരെ പോരാടാനുമാണ് ഞങ്ങളുടെ ലക്ഷ്യം. നിരായുധരായ പലസ്തീന്‍ ജനതയോട് അനീതിയാണ് ഇസ്രായേല്‍ ഭരണകൂടം കാണിക്കുന്നതെന്നും ഇസ്രായേലിന്റെ യുദ്ധക്കൊതിക്ക് തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും റസാന്റെ മാതാവ് പറഞ്ഞു.

”പരിക്കേല്‍ക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. അവരെ ആര് ശുശ്രൂഷിക്കും. ഒരു പുരുഷന് സാധിക്കില്ല എന്നല്ല. പക്ഷേ ഞങ്ങള്‍ക്കിവിടെ വലിയ റോളുണ്ട്. ജനങ്ങളുടെ സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യം. ആയുധങ്ങളില്ലാതെ നമുക്കതിന് സാധിക്കും. ഞങ്ങളിത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് വേതനം വേണ്ട”

യുദ്ധഭൂമിയില്‍ കഷ്ടപ്പെടുന്നവരെ പരിചരിക്കാനാണ് ഇവിടെ എത്തിയത്. തന്റെ സഹോദരിയുടെ യാത്ര അവസാനം വരെ പിന്തുടരുമെന്നും റസാന്റെ സഹോദരി റയാന്‍ അല്‍ നജ്ജാര്‍ പറഞ്ഞു. യുദ്ധഭൂമിയില്‍ പരുക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ജീവന്‍ കൊടുക്കാനും തയ്യാറാണെന്നും റയാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here