വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ഐപിഎൽ; 94 മത്സരങ്ങൾ ഓരോ ടീമിനും 18 കളികൾ

0
56

മുംബൈ: 2028 മുതൽ നിർണായക മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ്. നിലവിലുള്ള ‘വിർച്വൽ ഗ്രൂപ്പ് സിസ്റ്റം’ ഒഴിവാക്കി എല്ലാ ടീമുകൾക്കും ഹോം, എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ ഒരുക്കാനാണ് പുതിയ തീരുമാനം. അങ്ങനെ വന്നാൽ 74 മത്സരങ്ങളിൽ നിന്ന് 94 മത്സരങ്ങൾ വരെ ഒരു ഐപിഎൽ സീസണിൽ അരങ്ങേറും. പ്രാഥമിക ഘട്ട ചർച്ചകൾ നടന്നതായി ലീഗിന്റെ ചെയർമാനായ അരുൺ ധുമാൽ പറഞ്ഞു. ‘ഇന്ത്യ ടുഡേയാണ്’ ഈ വാർത്ത പുറത്തുവിട്ടത്.

ഐപിഎലിൽ എട്ട് ടീമുകൾ മത്സരിച്ച സമയത്ത് എല്ലാ ടീമുകൾക്കും ബാക്കിയുള്ള ഏഴ് ടീമുകളുമായി സ്വന്തം ഗ്രൗണ്ടിലും എതിരാളിയുടെ ഗ്രൗണ്ടിലും കളിക്കാനുള്ള അവസരമുണ്ടായിരുന്നു. അന്ന് ഒരു ടീമിന് 14 ലീഗ് സ്റ്റേജ് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ടീമുകളുടെ എണ്ണം 10 ആയി ഉയർത്തിയപ്പോൾ പഴേ ഫോർമാറ്റിൽ തുടരുകയാണെങ്കിൽ ഓരോ ടീമിനും 18 മത്സരങ്ങളും പ്ലെഓഫ് മത്സരങ്ങൾ ഉൾപ്പടെ 94 മത്സരങ്ങൾ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ ടൂർണമെന്റ് നടത്താൻ ഐസിസി നൽകിയിരിക്കുന്ന രണ്ട് മാസത്തെ വിൻഡോയിൽ 94 മത്സരങ്ങൾ ഉൾപെടുത്തിയാലുണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് വിർച്വൽ ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവന്നത്. അപ്പോൾ എല്ലാ ടീമുകൾക്കും ചില ടീമുകളായി മാത്രമേ രണ്ട് മത്സരങ്ങൾ ഉണ്ടാകുകയുള്ളൂ. എന്നാൽ ഈ ഫോർമാറ്റ് ആരധകർക്ക് മനസിലാക്കാൻ എളുപ്പമല്ലായെന്നും അതുമൂലം വ്യൂവർഷിപ് കുറയുന്നുവെന്നും മനസിലാക്കിയാണ് പുതിയ മാറ്റങ്ങൾക്കായി ബിസിസിഐ ഒരുങ്ങുന്നത്.

നിലവിൽ നൽകിയിരിക്കുന്ന 60 മുതൽ 65 ദിവസം വരെയുള്ള വിൻഡോയിൽ 94 മത്സരങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ ഡബിൾ ഹെഡേഴ്സ് അഥവ രണ്ട് മത്സരങ്ങൾ ഒരു ദിവസം നടത്തുന്നത് കൂട്ടേണ്ടി വരും. എന്നാൽ ബ്രോഡ്‌കാസ്റ്റേഴ്സിന് അതിൽ താൽപര്യമില്ലായെന്നും അവിടെയും വ്യൂവർഷിപ് കുറയുന്നതായി കണ്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്ന. അങ്ങനെയുള്ള സാഹചര്യത്തിൽ ഐസിസിയുടെ വിൻഡോ നീട്ടാനുള്ള നടപടികളാണ് ബിസിസിഐ ശ്രമിക്കുന്നത്. നിലവിൽ 2027 വരെയുള്ള ഐസിസിയുടെ കലണ്ടർ പൂർത്തിയായിക്കഴിഞ്ഞു അതുകൊണ്ട് 2028 മുതലാണ് ഈ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here