യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു

0
89

ദുബൈ: യുഎഇയില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്.

ശനിയാഴ്ച രാവിലെ മുതല്‍ പ്രതികൂല കാലാവസ്ഥ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സാധാരണനിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 13 വിമാനങ്ങള്‍ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക വഴിതിരിച്ചുവിട്ടതായും ദുബൈ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ അതിഥികളുടെ അസൗകര്യങ്ങള്‍ ലഘൂകരിക്കുന്നതിനായി സര്‍വീസ് പാര്‍ട്ണര്‍മാരും എയര്‍ലൈനുകളുമായി സഹകരിച്ച് വേണ്ട നടപടികളെടുത്ത് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കനത്ത മഴ തുടര്‍ന്നതോടെ യുഎഇയുടെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഇന്നലെ അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.

മഴയെ തുടര്‍ന്ന് അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിട്ടു​. ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് നിർത്തിവച്ചു. അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏ‌ർപ്പെടുത്തി. വിമാന യാത്രക്കാർക്കും ജാ​ഗ്രതാ നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എല്ലാവരും വീടുകളില്‍ തുടരണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റാസല്‍ഖൈമയിലെ ഒരു റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. അല്‍ ഷുഹദ സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞത്. ഷാര്‍ജയിലേക്ക് പോകുന്ന വാഹനയാത്രക്കാര്‍ക്ക് ദുബൈ ആര്‍ടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ ദിശയില്‍ കനത്ത ഗതാഗത തടസ്സം നേരിടുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ ബെയ്റൂത്ത് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവ തെരഞ്ഞെടുക്കണമെന്നുമാണ് രാവിലെ 10.55ന് നല്‍കിയ അറിയിപ്പ്.

പടിഞ്ഞാറൻ എമിറേറ്റുകളിൽ മഴ ശക്തമാണ്. അൽ ഐൻ , നാഹിൽ മേഖലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഭാഗങ്ങളിൽ യെല്ലോ അലേർട്ടുമാണ്. അൽ ദഫ്റയിലും അൽഐനിലും കനത്തമഴയും കാറ്റുമുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാകും. ഫുജൈറയും റാസൽഖൈമയും മഴ ജാഗ്രതയിലാണ്. വിവിധ പ്രദേശങ്ങളിൽ പാർക്കുകൾ അടച്ചു. മലയോര റോഡുകൾ അടച്ചിട്ടുണ്ട്. വാദികളിലേക്കും ഡാമിന് സമീപത്തേക്കും പ്രവേശനമില്ല. ബീച്ചുകളും അടച്ചിടും. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here