Home Latest news അടുത്ത സീസൺ മുതൽ ഐപിഎൽ നേരത്തെയാക്കാൻ ബിസിസിഐ ആലോചന; കാരണമിതാണ്

അടുത്ത സീസൺ മുതൽ ഐപിഎൽ നേരത്തെയാക്കാൻ ബിസിസിഐ ആലോചന; കാരണമിതാണ്

0
228

അടുത്ത വർഷത്തെ ഐപിഎൽ സീസൺ നേരത്തെ ആരംഭിക്കാൻ ഒരുങ്ങി ബിസിസിഐ. കടുത്ത വേനൽക്കാലം മുന്നിൽക്കണ്ടാണ് മത്സരക്രമത്തിൽ മാറ്റം വരുത്താൻ ബിസിസിഐ നീക്കം നടത്തുന്നത്. സാധാരണയായി മാർച്ച് അവസാനത്തോടെ തുടങ്ങി മെയ് മാസത്തിലോ ജൂൺ ആദ്യത്തിലോ ആണ് ഐപിഎൽ അവസാനിക്കാറുള്ളത്. 2026-ലെ സീസൺ മാർച്ച് 28 മുതൽ മെയ് 31 വരെയായിരുന്നു നടന്നത്. എന്നാൽ വരാനിരിക്കുന്ന സീസൺ മാർച്ച് 10 മുതൽ മെയ് 15 വരെ നടത്താനാണ് നിലവിൽ ബിസിസിഐ ആലോചിക്കുന്നത്.

നേരത്തെ 2027 ഐപിഎൽ സീസൺ മാർച്ച് 14 മുതൽ മെയ് 30 വരെ നടക്കുമെന്നായിരുന്നു ഫ്രാഞ്ചൈസികളെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ തീരുമാനത്തോടെ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ സ്ഥിരീകരിച്ചു. കളിക്കാർക്കും കാണികൾക്കും ഒട്ടും അനുകൂലമല്ലാത്ത സാഹചര്യമാണ് വേനൽക്കാലത്തുള്ളതെന്നും, അതുകൊണ്ടാണ് ടൂർണമെന്റ് നേരത്തെ അവസാനിപ്പിക്കാൻ ക്രമീകരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഠിനമായ കാലാവസ്ഥയെക്കുറിച്ച് കളിക്കാരും ക്രിക്കറ്റ് ആരാധകരും നിരന്തരം പരാതികൾ ഉന്നയിച്ചിരുന്നു. ഇവ പരിഗണിച്ചാണ് ബിസിസിഐയുടെ പുതിയ നീക്കം. ടൂർണമെന്റ് കൂടുതൽ മികച്ച അന്തരീക്ഷത്തിൽ നടത്താനും, ഐപിഎൽ കൂടുതൽ ജനകീയമാക്കാനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here