മുംബൈ: മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശർമ്മയുടെ കൈയില്‍ നിന്ന് വിലപിടിപ്പുള്ള വാച്ച് തട്ടിയെടുക്കാൻ ആരാധകരുടെ ശ്രമം. കാറിലിരുന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും അതിരുവിട്ട പെരുമാറ്റമുണ്ടായത്. രോഹിത് തന്‍റെ കാറിന്‍റെ പിൻസീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ കാറിനടുത്തേക്ക് അതിക്രമിച്ച് എത്തുകയും രോഹിത്തിന്റെ കൈകളിൽ ബലമായി പിടിക്കുകയുമായിരുന്നു. ഇതിലൊരാൾ രോഹിത്തിന്‍റെ കൈത്തണ്ടയിലുണ്ടായിരുന്ന വാച്ച് അഴിച്ചെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടം തിരിച്ചറിഞ്ഞ രോഹിത് ഉടൻ തന്നെ കൈ പിൻവലിക്കുകയും കാറിന്‍റെ വിൻഡോ ഗ്ലാസ് ഉയർത്തുകയും ചെയ്തു. വിരല്‍ ചൂണ്ടി ദേഷ്യത്തോടെ മാറിനിൽക്കാൻ യുവാക്കളോട് അദ്ദേഹം കർശനമായി ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ എപ്പോഴാണ് ഈ സംഭവം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല.
രോഹിത് ധരിച്ചിരുന്നത് റോളെക്സിന്‍റെ വിലപിടിപ്പുള്ള ‘ജിറാഫെ’ (Rolex Giraffe) മോഡൽ വാച്ചാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.25 കോടി രൂപയാണ് ഇതിന്‍റെ വിപണി വില. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ രോഹിത് ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ 44 പന്തിൽ നിന്ന് 84 റൺസ് അടിച്ച് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.രോഹിത്തിന്റെ ബാറ്റിംഗ് കരുത്തിൽ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മുംബൈ അനായാസം മറികടന്നു.
Rohit Sharma Fans tried to snatch his 3.25 Cr "Giraffe" watch from his wrist. And suddenly he close the mirror. pic.twitter.com/vMIQFxcdxt
— Aman (@Proteinkohli) May 8, 2026
ലക്നൗവിനെതിരെ ജയിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോഴും തുലാസിലാണ്. കളിച്ച 10 മത്സരങ്ങളിൽ 7 എണ്ണത്തിലും തോറ്റ മുംബൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം മുംബൈക്ക് ജീവൻമരണ പോരാട്ടമാണ്.

