പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

0
28

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത് സങ്കടകരമാണ്. പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു.

വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് അടക്കം മോശമായ രീതിയില്‍ വികൃതമാക്കി. ഇത് സങ്കടകരമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണം. വി ഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനത്തോടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. അക്രമ-അധിക്ഷേപ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം. ഫ്‌ളക്‌സുകള്‍ വയ്ക്കുന്നതും നശിപ്പിക്കുന്നതുമല്ല മാനദണ്ഡമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here