കാലം ചിലപ്പോൾ അങ്ങനെയാണ്. ഒരു വർഷം മുമ്പുവരെ ബെഞ്ചിലിരുന്ന ഒരാൾ ഇതാ ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള ഓട്ടത്തിൽ മുന്നിൽ നിൽക്കുന്നു. സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ടീമിന്റെ ക്യാപ്റ്റനാകുന്നു എന്നാണ് ഇന്ന് ദേശീയ മാധ്യമങ്ങൾ ഒന്നാകെ റിപ്പോർട്ട് ചെയ്യുന്നത്.
എന്തുകൊണ്ട് സഞ്ജു?. ഉത്തരം ലളിതമാണ്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഈ സെപ്റ്റംബറിൽ 36 വയസ്സ് തികയും. ഇനിയൊരു ലോകകപ്പ് വരെ ബാല്യമുണ്ടാകുമെന്ന് കരുതുന്നില്ല. പൊതുവേ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റനെയും തെരഞ്ഞെടുക്കുന്നത് അടുത്ത ലോകകപ്പിലേക്കുള്ള മിഷൻ എന്ന നിലക്കാണ്. 2024ൽ ക്യാപ്റ്റനായ സൂര്യകുമാറിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം അവസാനിച്ചു. കൂടാതെ ക്യാപ്റ്റൻസിയിൽ തുടരാൻ മാത്രമുള്ള ഫോമിലല്ല സൂര്യകുമാർ യാദവ്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബാറ്റിങ്ങിൽ മോശം ഫോമിലാണ് സൂര്യകുമാർ. എന്നിട്ടും ടീമിൽ നിലനിർത്തിയതിന്റെ കാരണം ക്യാപ്റ്റനാണെന്ന ആനുകൂല്യമായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് ഫോം വീണ്ടെടുത്തുവെന്നത് മറക്കുന്നില്ല. ഇനി ലോകകപ്പിലേക്ക് വന്നാൽ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ മിന്നിയെങ്കിലും പിന്നീട് കാര്യമായ സംഭാവനകൾ ഉണ്ടായിരുന്നില്ല. പിന്നീടുള്ള എട്ട് ഇന്നിങ്സുകളിൽ 154 റൺസ് മാത്രമാണ് നേടിയത്. ഇനി നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലേക്ക് വന്നാലോ? പത്ത് മത്സരങ്ങളിൽ നേടിയത് വെറും 195 റൺസ് മാത്രം. ഇതോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കുകയാണ്. ഈ പര്യടനങ്ങൾക്കുള്ള തിരഞ്ഞെടുപ്പിൽ ഐപിഎൽ പ്രകടനങ്ങൾക്ക് വലിയ മുൻതൂക്കം ലഭിക്കും. ഈ സാഹചര്യത്തിൽ സൂര്യകുമാർ യാദവിനെ പുറത്തിയിരുത്തിയേക്കാം. അല്ലെങ്കിൽ ടീമിലുണ്ടെങ്കിലും ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയേക്കാം എന്നാണ് സൂചനകൾ.
സൂര്യകുമാർ അല്ലെങ്കിൽ പിന്നെയാര്?. ബിസിസിഐക്ക് മുന്നിൽ രണ്ട് ഉത്തരങ്ങളാണുള്ളത്. ഒന്ന്- ശ്രേയസ് അയ്യർ. രണ്ട്-സഞ്ജു സാംസൺ. സത്യത്തിൽ ശ്രേയസ് അയ്യർ ടി 20 ടീമിലേക്ക് എന്നോ വരേണ്ടയാളാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം. പക്ഷേ ശുഭ്മാൻ ഗില്ലിനെയാണ് പകരം ബിസിസിഐ ടീമിലെത്തിച്ചത്. വൈസ് ക്യാപ്റ്റൻ പദവി കൂടി നൽകിയാണ് ഗില്ലിനെ കൊണ്ടുവന്നത്. ക്യാപ്റ്റൻസിയിലേക്ക് ഉയർത്തുക തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ ഗില്ലിന്റെ മോശം ഫോമും അതിനെത്തുടർന്നുള്ള വിമർശനങ്ങളും കാരണം ബിസിസിഐക്ക് തീരുമാനം മാറ്റേണ്ടി വന്നു.
ശ്രേയസ് അയ്യരുടെ യോഗ്യതയെക്കുറിച്ച് ആർക്കും സംശയമില്ല. പ്രത്യേകിച്ചും ക്യാപ്റ്റൻസിയെക്കുറിച്ച്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്ച് ചാമ്പ്യൻമാരാകുമ്പോൾ ശ്രേയസായിരുന്നു അമരത്ത്. 2025ൽ പഞ്ചാബിനെ ഒരു പതിറ്റാണ്ടിന് ശേഷം ഫൈനലിൽ എത്തിച്ചു. നടന്നുവരുന്ന സീസണിലും പഞ്ചാബിനെ മുന്നോട്ട് നടത്തുന്നു. സൊ പരിചയ സമ്പത്തിന് കുറവൊന്നുമില്ല. പക്ഷേ ശ്രേയസിനെ ക്യാപ്റ്റനാക്കുന്നതിൽ ഒരു പ്രശ്നമുണ്ട്. കാരണം 2023 ഡിസംബർ മൂന്നിന് ശേഷം ശ്രേയസ് ഇന്ത്യക്കായി ടി 20 ടീമിൽ കളിച്ചിട്ടില്ല. ഏറ്റവും അവസാനം കളിച്ച മത്സരത്തിൽ 37 പന്തിൽ 53റൺസാണ് ശ്രേയസ് എടുത്തിരുന്നത്. ഈ ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ന്യൂസിലാൻഡ് പരമ്പരയിൽ തിലക് വർമക്ക് പകരം ഉൾപ്പെടുത്തിയെങ്കിലും അവസരവും കൊടുത്തില്ല. ഈ സ്ഥിതിക്ക് ശ്രേയസ് ഇന്ത്യൻ ടീമിലെ സ്ഥാനം പ്രൂവ് ചെയ്തിട്ട് മതി ക്യാപ്റ്റൻസിയെന്നാണ് വാദം. കൂടാതെ ശ്രേയസാണെങ്കിൽ ബിസിസിഐയുടെ ‘ഗുഡ്ബുക്കിൽ’ ഉള്ള കുട്ടിയല്ല താനും.
ഈ സാഹചര്യത്തിലാണ് സഞ്ജുവിന് സാധ്യത കൽപ്പിക്കുന്നത്. പ്രതിഭയുണ്ടെന്ന് ഉറപ്പായിട്ടും സഞ്ജുവിന്റെ വിശ്വാസ്യതയിൽ ബിസിസിഐക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ടി 20 ലോകകപ്പിലെ അതിഗംഭീരമായ പ്രകടനങ്ങളോടെ സഞ്ജു ആ വിശ്വാസം തിരുത്തി. കൂടാതെ ചെന്നൈ സൂപ്പർ കിങ്സ് കുപ്പായത്തിലും സഞ്ജു തകർപ്പൻ ഫോമിലാണ് ബാറ്റുചെയ്യുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ദീർഘകാലം നയിച്ച പരിചയവും സഞ്ജുവിന് തുണയാകുന്നു.
ഇവരല്ലാതെയും പരിഗണിക്കാൻ പോന്ന സീനിയേഴ്സ് ടീമിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹാർദിക് പാണ്ഡ്യതന്നെ. സീനിയോരിറ്റിയിൽ ഇവരേക്കാൾ മുന്നിൽ. പക്ഷേ മുംബൈ ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യക്ക് ആ വിശ്വാസം കാക്കാനായിട്ടില്ല. നടന്നുവരുന്ന ഐപിഎല്ലിലും മോശം ഫോമിൽ തന്നെ. മറ്റൊരു സീനിയറായ ജസ്പ്രീത് ബുംറയാണെങ്കിൽ പരിക്കും വിശ്രമവും കാരണം ടീമിലെ സ്ഥിരം സാന്നിധ്യവുമല്ല. ഇതേ കാരണം കൊണ്ട് ടെസ്റ്റ് ക്യാപ്റ്റൻസിയും നൽകാതിരുന്നു. തിലക് വർമ, അഭിഷേക് ശർമ, ശിവം ദുബെ, ഇഷാൻ കിഷൻ തുടങ്ങിയ ടീമിലെ സ്ഥിര സാന്നിധ്യക്കാരേക്കാൾ സാധ്യതയും സീനിയോരിറ്റിയും സഞ്ജുവിന് തന്നെയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ സഞ്ജു ഇന്ത്യയെ നയിക്കുന്നത് നമുക്ക് കാണാം. ഇനി പെട്ടെന്നൊരു തീരുമാനമില്ലാതെ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിത്തന്നെ നിലനിർത്തിയാൽ സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി നിലനിർത്താനും സാധ്യതയുണ്ട്. ചില പരമ്പരകളിൽ ക്യാപ്റ്റനാക്കി ഘട്ടം ഘട്ടമായി ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്.
അടുത്ത രണ്ട് വർഷം ഇന്ത്യക്ക് ടി 20യിൽ തിരക്കേറിയ ഷെഡ്യൂൾ ആണ്. 2028ലെ ടി 20 ലോകകപ്പിനൊപ്പം 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്. ഇതിന്റെ ആദ്യ പടിയായാണ് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീം പ്രഖ്യാപനത്തെ ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
കാലം സഞ്ജുവിനോട് നീതി കാണിക്കുമോ? പുറത്തിരുന്ന കാലങ്ങളെല്ലാം മായ്ച്ചുകളഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്ക് മലയാളി താരം നടന്നു കയറുമോ? സഞ്ജു സാംസൺ എന്ന നായകനിൽ നിങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ട്? എന്താണ് നിങ്ങളുടെ അഭിപ്രായം.

