യു.എ.ഇ പൊതുമാപ്പ്: സന്ദർശകവിസക്കാർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

0
67

ദുബൈ:യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് നിയമവിധേയമായി യു.എ.ഇയിലേക്ക് മടങ്ങിവരാൻ വിലക്കുണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു.

കാലാവധി പിന്നിട്ട എല്ലാത്തരം വിസക്കാർക്കും പിഴ, എക്‌സിറ്റ് ഫീസ് എന്നിവയില്ലാതെ സെപ്റ്റംബർ ഒന്ന് മുതൽ രണ്ടുമാസം നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് യു.എ.ഇ ഐ.സി.പി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക് രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരാനും അവസരമുണ്ടാകും. കാലാവധി പിന്നിട്ട വിസയിൽ കഴിയുന്ന മാതാപിതാക്കളുടെ നവജാത ശിശുക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്‌പോൺസറുടെ ഒളിച്ചോട്ട പരാതിയുള്ള പ്രവാസികൾക്കും പൊതുമാപ്പിന് അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നിന് മുമ്പ് കാലാവധി തീർന്നവർക്കേ ആനുകൂല്യം നൽകൂ. എന്നാൽ, അനധികൃതമായി യു.എ.ഇയിൽ പ്രവേശിച്ചവർക്കും നാടുകടത്തൽ ശിക്ഷക്ക് വിധിക്കപ്പെട്ടവർക്കും രാജ്യത്തെ മറ്റ് നിയമവിധികൾ ബാധകമായിരിക്കും.

ദുബൈയിലെ ആമർ സെന്ററുകൾ, GDRFAയുടെ അവീർ കേന്ദ്രം, അബൂദബിയിൽ ICPയുടെ ഷഹാമ, അൽദഫ്‌റ, സുവൈഹാൻ, അൽമഖ കേന്ദ്രങ്ങൾ, മറ്റ് എമിറേറ്റുകളിലെ ഐ.സി.പി. കേന്ദ്രങ്ങൾ, അംഗീകൃത ടെപ്പിങ് സെന്ററുകൾ എന്നിവയിൽ പൊതുമാപ്പിന് അപേക്ഷ നൽകാം. ഐ.സി.പിയുടെ മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയും പരാതി നൽകാം. ഇവർ ബയോമെട്രിക് പരിശോധനക്ക് കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായാൽ മതിയെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here