എന്തുകൊണ്ട് സുനില്‍ നരെയ്‌ന് സന്തോഷവും സങ്കടവുമില്ല, എന്നും ഒരേ ഭാവം, ഒടുവിലാ മഹാരഹസ്യം പുറത്ത്

0
151

കൊല്‍ക്കത്ത: ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളര്‍മാരിലൊരാള്‍, ബാറ്റിംഗിന് അയച്ചാല്‍ പവര്‍പ്ലേ ഡബിള്‍ പവറാക്കാന്‍ കെല്‍പുള്ള ബാറ്റര്‍. ട്വന്‍റി 20 ഫോര്‍മാറ്റിന് പറ്റിയ ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് സ്‌പിന്നര്‍ സുനില്‍ നരെയ്‌ന്‍ എന്ന് നമുക്കറിയാം. ബാറ്റര്‍മാരെ ക്രീസില്‍ നിര്‍ത്തി വെള്ളംകുടിപ്പിക്കുന്നതോ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ ഗാലറിയിലേക്ക് പറത്തുന്നതോ അല്ല പക്ഷേ നരെയ്‌നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം വരിക. സിക്‌സറടിച്ചാലും വിക്കറ്റ് വീഴ്ത്തിയാലും അമിതാഹ്‌ളാദം പോയിട്ട്, ഒരു പുഞ്ചിരി പോലുമില്ലാത്ത സുനില്‍ നരെയ്‌ന്‍റെ നിര്‍വികാരമായ നില്‍പാണ് അത്. 

എന്നാല്‍ മൈതാനത്ത് ആഹ്‌ളാദമോ അമിതാഹ്‌ളാദമോ പ്രകടിപ്പിക്കാത്ത സുനില്‍ നരെയ്‌ന്‍റെ ഈ പ്രത്യേക രീതിക്ക് ഒരു കാരണമുണ്ട്. അതിനെ കുറിച്ച് നരെയ്‌ന്‍ തന്നെ വിശദമാക്കി. ‘വളര്‍ന്നുവരുമ്പോള്‍ എന്‍റെ പിതാവില്‍ നിന്ന് എനിക്കൊരു പാഠം കിട്ടി. ഇന്ന് വിക്കറ്റ് കിട്ടിയാലും നാളെയും കളിക്കേണ്ടതുണ്ട്, അതിനാല്‍ ഓരോ നിമിഷവും ആസ്വദിക്കുക, എന്നാല്‍ അമിതാഹ്‌ളാദം പ്രകടിപ്പിക്കാതിരിക്കുക’- ഇതായിരുന്നു പിതാവ് തന്ന ഉപദേശം എന്നും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പോഡ്‌കാസ്റ്റില്‍ നരെയ്‌ന്‍ പറഞ്ഞു. ഐപിഎല്ലില്‍ വര്‍ഷങ്ങളായി കെകെആറിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്‌ന്‍. മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ പോലും നരെയ്ന്‍ മനസറിഞ്ഞ് ചിരിക്കുന്നത് ആരാധകര്‍ അധികം കണ്ടിട്ടില്ല.  

ഐപിഎല്‍ 2024 സീസണില്‍ മികച്ച പ്രകടനമാണ് ബാറ്റും പന്തും കൊണ്ട് സുനില്‍ നരെയ്‌ന്‍ പുറത്തെടുക്കുന്നത്. 11 മത്സരങ്ങളില്‍ 183 പ്രഹരശേഷിയില്‍ 461 റണ്‍സ് നരെയ്‌ന്‍ നേടിക്കഴിഞ്ഞു. നിലവില്‍ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് നരെയ്‌ന്‍ നില്‍ക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ നരെയ്‌ന്‍ സെഞ്ചുറി നേടി. 11 മത്സരങ്ങളില്‍ 14 വിക്കറ്റുമായി പര്‍പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ ഏഴാമതുമുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നരെയ്ന്‍ തിമിര്‍ത്താടുന്ന സീസണില്‍ 11 കളികളില്‍ 16 പോയിന്‍റുമായി നിലവില്‍ തലപ്പത്തുണ്ട് കെകെആര്‍.

LEAVE A REPLY

Please enter your comment!
Please enter your name here