ഓരോ സിക്സിനും ആറ് വീടുകളിലേക്ക് സോളാർ; രാജസ്ഥാന്‍ റോയല്‍സ്- ആർസിബി പോരാട്ടത്തിന് മുമ്പ് വമ്പന്‍ പ്രഖ്യാപനം

0
56

ജയ്പൂർ: ഐപിഎല്‍ 2024ല്‍ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ‘പിങ്ക് പ്രോമിസ്’ ചലഞ്ചിന്‍റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് റോയല്‍സിന്‍റെ ഈ പദ്ധതി. നാളെ ഇരു ടീമുകളിലെയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറ് വീടുകളില്‍ വീതം സോളാർ സംവിധാനം രാജസ്ഥാന്‍ റോയല്‍സ് ഉറപ്പ് നല്‍കുന്നു. നാളെ സവിശേഷ ജേഴ്സി അണിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലെത്തുക. മത്സര കിറ്റ് പുറത്തിറക്കിക്കൊണ്ടുള്ള ആകർഷകമായ വീഡിയോ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

രാജസ്ഥാന്‍ ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുനടത്തിയ സ്ത്രീ ജീവിതങ്ങള്‍ക്കും പോരാട്ടത്തിനുമുള്ള ആദരവും സൗരോര്‍ജ്യം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗവുമായാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പിങ്ക് പ്രോമിസ്. 2019ല്‍ സ്ഥാപിതമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. വെള്ളവും വൈദ്യുതിയും താമസ സൗകര്യങ്ങളും മാനസികാരോഗ്യവും ഉറപ്പാക്കി രാജസ്ഥാനിലെ സ്ത്രീകളെ ശക്തിപ്പെടുത്തുകയാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. പിങ്ക് പ്രോമിസ് മത്സരത്തിന്‍റെ പ്രത്യേക ജേഴ്സി വില്‍പനയിലൂടെ ലഭിക്കുന്ന തുകയും ഓരോ ടിക്കറ്റില്‍ നിന്നും 100 രൂപ വീതവും ടീം റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന് കൈമാറും.  

സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം ആരംഭിക്കുക. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. തുടർച്ചയായ നാലാം ജയമാണ് റോയല്‍സിന്‍റെ ലക്ഷ്യം. മത്സരത്തിന് മുന്നോടിയായി സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള വനിതകളുടെ കലാപരിപാടികളുണ്ടാകും. നിരവധി വനിതകളും കലാകാരികളും പ്രത്യേക ക്ഷണിതാക്കളായി മത്സരത്തിനെത്തും. രാജസ്ഥാനിലെ സ്ത്രീശാക്തീകരണത്തിനായി ഫ്രാഞ്ചൈസി നടത്തുന്ന പദ്ധതി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here