ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി യുവരാജ് സിങ്

0
48

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്രിക്കറ്റ് താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും യു വി ക്യാൻ എന്ന തൻ്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

‘മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എൻ്റെ അഭിനിവേശം, യു വി ക്യാൻ എന്ന എൻ്റെ ഫൗണ്ടേഷനിലൂടെ ഞാൻ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയിൽ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം’യുവരാജ് സിങിന്‍റെ പോസ്റ്റില്‍ പറയുന്നു.

അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് യുവരാജ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടൻ സണ്ണി ഡിയോളാണ് ഗുർദാസ്പുരിൽനിന്നുള്ള ലോക്സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ വോട്ടർമാർ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായക പങ്കുവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here