ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ്; എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ വീതം

0
122

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 10 കിലോ അരി ലഭിക്കും. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ളതാണ് ശബരി കെ റൈസെന്നും മന്ത്രി പറഞ്ഞു.

ശബരി കെ റൈസ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റേഷന്‍ കടകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയാണ് 29 രൂപ നിരക്കില്‍ ഭാരത് അരിയെന്ന പേരില്‍ നല്‍കുന്നതെന്നും ജിആര്‍ അനില്‍ ആരോപിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്‌ക്കോ നല്‍കിയിരുന്നെങ്കില്‍ കുറഞ്ഞ വിലയ്ക്ക് അരി ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

അരി കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം അരിയ്ക്കും ആട്ടയ്ക്കും പിന്നാലെ പരിപ്പും വിപണിയിലിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 93.5രൂപ വിലയുള്ള ചുവന്ന പരിപ്പാണ് ഇത്തരത്തില്‍ ഭാരത് പരിപ്പായി 89 രൂപയ്ക്ക് വിപണിയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here