ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിന് കിട്ടിയത് 20 കോടി, ആര്‍സിബി വനിതകള്‍ക്ക് എത്ര കിട്ടി

0
157

ദില്ലി: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി കിട്ടിയത് 20 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും സമ്മാനത്തുകയായി കിട്ടി. ഇതിന് പുറമെ പ്ലേ ഓഫിലെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും ലഖ്നൗവിന് ആറ് കോടിയും സമ്മാനത്തുകയായി ലഭിച്ചു. ഇത്തവണ പുരുഷ ഐപിഎല്ലിലെ സമ്മാനത്തുക 30 കോടിയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബിസിസിഐ ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.

എന്നാല്‍ ഇന്നലെ വനിതാ ഐപിഎല്ലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സമ്മാനത്തുകയായി കിട്ടിയത് പുരുഷ ഐപിഎല്ലില്‍ വിജിയകള്‍ക്ക് നല്‍കുന്നതിന്‍റെ മൂന്നിലൊന്ന് മാത്രമാണ്. ആറ് കോടി രൂപയാണ് വനിതാ ഐപിഎല്ലില്‍ കിരീടം നേടിയ ആര്‍സിബിക്ക് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനത്തെയി ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചത്.

വനിതാ ഐപിഎല്ലിനെക്കാളും ജനപ്രീതിയും കാഴ്ചക്കാരും പരസ്യ വരുമാനവുമുള്ളതിനാലാണ് പുരുഷ ടീമിന് സമ്മാനത്തുക കൂടുന്നത് എന്നാണ് ബിസിസിഐയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം മാത്രമാണ് വനിതാ ഐപിഎല്‍ തുടങ്ങിയത്. വനിതാ താരങ്ങളുടെ മാച്ച് ഫീസ് പുരുഷ താരങ്ങളുടേതിന് തുല്യമാക്കി ചരിത്രമാറ്റം കുറിച്ച ബിസിസിഐ പക്ഷെ സമ്മാനത്തുകയുടെ കാര്യത്തില്‍ ഈ തുല്യത വരുത്തിയിട്ടില്ല.

പുരുഷ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് സമ്മാനത്തുകയെങ്കില്‍ വനിതകളില്‍ അത് അഞ്ച് ലക്ഷമാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുന്ന താരത്തിന് പുരുഷ ഐപിഎല്ലില്‍ 15 ലക്ഷം കിട്ടുമെങ്കില്‍ വനിതാ ഐപിഎല്ലില്‍ അത് അഞ്ച് ലക്ഷമാണ്. മികച്ച യുവാതരത്തിന് പുരുഷ ഐപിഎല്ലില്‍ 20 ലക്ഷം കിട്ടുമ്പോള്‍ വനിതാ ഐപിഎല്ലില്‍ അത് അഞ്ച് ലക്ഷമാണ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള മോസ്റ്റ് വാല്യുബിള്‍ പ്ലേയറിനുള്ള പുരസ്കാരത്തിനുള്ള സമ്മാനത്തുകയിലും ഇതേ അന്തരമുണ്ട്. പുരുഷ ഐപിഎല്ലിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ക്ക് 12 ലക്ഷം കിട്ടുമ്പോള്‍ വനിതള്‍ക്ക് അത് 5 ലക്ഷമാണ്.

വനിതാ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരം(5 ലക്ഷം), ബെസ്റ്റ് സ്ട്രൈക്ക് റേറ്റ്(5 ലക്ഷം), ക്യാച്ച് ഓഫ് ദ സീസണ്‍(5ലക്ഷം), ഫെയര്‍ പ്ലേ പുരസ്കാരം(5 ലക്ഷം) എന്നിങ്ങനെയാണ് സമ്മാനത്തുക. പുരുഷ ഐപിഎല്ലില്‍ ഇതിനെല്ലാം 15 ലക്ഷം രൂപ വീതമാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here