‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു

0
153

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. തന്‍റെ ‘ഉൾവിളി’ കേട്ടുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. തന്‍റെ നീക്കം സമ്മർദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്‍റെ വിജയം ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്നും ഇനാംദാർ പറഞ്ഞു.

ബി.ജെ.പിക്കകത്ത് പുകയുന്ന അസംതൃപ്തിയാണ് ഇനാംദാറിന്‍റെ രാജിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇനാംദാറിന്‍റെ രാജി അപ്രതീക്ഷിതമാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. വഡോദരയിലെ ബി.ജെ.പിയുടെ വന്ദേ കമലം ഓഫിസിന്‍റെ നിർമാണത്തിൽ നിർണായക പങ്ക് വഹിച്ചയാളെന്ന നിലയിൽ ഇനാംദാറിനെ ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ അഭിനന്ദിച്ചിരുന്നു.

2020ലും ഇനാംദാർ രാജി സമർപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഇദ്ദേഹത്തിന്‍റെ രാജി ബി.ജെ.പി സ്വീകരിച്ചിരുന്നില്ല.

‘മുതിർന്ന പ്രവർത്തകരെയും സാധാരണ പ്രവർത്തകരെയും പാർട്ടി വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ഞാൻ ഏറെക്കാലമായി പറയുന്ന കാര്യമാണ്. ഇക്കാര്യം ഞാൻ നേതൃത്വത്തെയും അറിയിച്ചിരുന്നു. 2020ൽ രാജിസന്നദ്ധത അറിയിച്ചപ്പോൾ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് -ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും. ഇത് കേവലം കേതൻ ഇനാംദാറിന്‍റെ മാത്രം ശബ്ദമല്ല. എല്ലാ പാർട്ടി പ്രവർത്തകരുടെയും ശബ്ദമാണ്’ -ഇനാംദാർ പറഞ്ഞു.

ഗുജറാത്ത് സർക്കാറിലെ സീനിയർ ഉദ്യോഗസ്ഥരും മന്ത്രിമാരും അവഗണിക്കുന്നതായി ആരോപണമുയർത്തിയാണ് ഇനാംദാർ 2020ൽ രാജിക്കൊരുങ്ങിയത്. തന്നെപ്പോലെ അസംതൃപ്തിയുള്ള നിരവധി ബി.ജെ.പി എം.എൽ.എമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here