റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

0
60

അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാമ്പസിനുള്ളിലെ ഹോസ്റ്റലിൽ രാത്രി റമദാൻ നമസ്‌കരിക്കുകയായിരുന്ന വിദേശ വിദ്യാർത്ഥികളെ ശനിയാഴ്ചയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. പരിസരത്ത് എവിടെയും പ്രാർത്ഥന നടത്തരുതെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികൾ ഹോസ്റ്റൽ മുറികളിൽ അതിക്രമിച്ച് കയറി സാധനങ്ങൾ തകർത്തു. മുദ്രാവാക്യം വിളിക്കുകയും വിദേശ വിദ്യാർത്ഥികൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് പേർക്ക് പരിക്കേറ്റത്.

ആദ്യം മൂന്ന് പേർ ഇവരെ തടയാനെത്തി. പിന്നീട് ഇത് 15 പേരായി, പെട്ടന്ന് എണ്ണം കൂടുകയും 200 പേരോളമാകുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

25 പേർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികളെ കണ്ടെത്താൻ ഒമ്പത് അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ആഭ്യന്തരസഹമന്ത്രി ഹർഷ് സാങ്വിയുമായി നടത്തിയ ചർച്ചയിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഉത്തരവിട്ടതായി പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു.

ശ്രീലങ്കയിൽ നിന്നും താജ്കിസ്ഥാനിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയത്തെ അതീവ ഗുരുതരമായാണ് കാണുന്നതെന്ന് സർവ്വകലാശാല വൈസ് ചാൻസലർ നീരജ് അരുൺ ഗുപ്ത പറഞ്ഞു. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ കടുത്ത ഭാഷയിലാണ് കോൺഗ്രസ് വിദ്യാർത്ഥി സംഘടനകളടക്കം വിമർശനമുന്നയിക്കുന്നത്. സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here