മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിട്ട് ഒരാഴ്ച; മഴയില്‍ കുതിര്‍ന്ന് മക്ക

0
120

റിയാദ്: സൗദി അറേബ്യയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി ഒരാഴ്ച പിന്നിടും മുമ്പ് മക്കയില്‍ മഴ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ആഹ്വാന പ്രകാരമാണ് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് മക്കയില്‍ മഴ പെയ്തത്. ഏതാനും ദിവസങ്ങളായുള്ള തണുപ്പിന് ശേഷം രാജ്യം ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചത്. മക്കയിലെ മഴയുടെ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്.

വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ അസ്ഥിര കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here