മക്ക മേഖലയിൽ പുതിയ വൻ സ്വർണശേഖരം കണ്ടെത്തി

0
145

റിയാദ്: മക്ക മേഖലയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. അൽ ഖുർമ ഗവർണറേറ്റിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ്ണ ഖനിക്ക് തെക്ക് 100 കിലോമീറ്റർ ദൂരത്തിലാണ് വലിയ സ്വർണ്ണ വിഭവങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) ആണ് ഒന്നിലധികം സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

2022 ൽ ആരംഭിച്ച കമ്പനിയുടെ വിപുലമായ പര്യവേക്ഷണ പരിപാടിക്ക് കീഴിലുള്ള ആദ്യത്തെ കണ്ടെത്തലാണിതെന്നും ലോഹ ഉൽപ്പാദന ലൈൻ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഖനന ഭീമൻ കൂടിയായ മആദിൻ പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്ത് സ്വർണ്ണ ഖനനം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു.

മൻസൂറ, മസറ സ്വർണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മൻസൂറ, മസറ ഖനിയിൽ നിന്ന് 400 മീറ്റർ ദൂരെ 61 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 10.4 ഗ്രാം സ്വർണവും 20 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 20.6 ഗ്രാം സ്വർണവും കണ്ടെത്തി.

മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.

ഗൾഫിലെ ഏറ്റവും വലിയ ഖനന കമ്പനിയായ മആദിന്റെ 67 ശതമാനം സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉടമസ്ഥതയിലുള്ളതാണ്. കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജനുവരിയിൽ വിദേശത്തുള്ള ഖനന ആസ്തികളിൽ നിക്ഷേപിക്കുന്നതിനായി ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി ചേർന്ന്സംയുക്ത സംരംഭമായ Manara Minerals പ്രഖ്യാപിച്ചിരുന്നു.

സഊദി അറേബ്യയിലെ ഏറ്റവും പുതിയതും വലുതും സാങ്കേതികമായി പുരോഗമിച്ചതുമായ സ്വർണ്ണ ഖനിയാണ് മൻസൂറ മസാറ എന്നത് ശ്രദ്ധേയമാണ്. 2022ൽ 11,982.84 ഔൺസ് സ്വർണം ഇവിടെ നിന്ന് ഉൽപ്പാദിപ്പിച്ചു. പരമ്പരാഗത ഓപ്പൺ-പിറ്റ് ഖനികളായി വികസിപ്പിച്ചെടുക്കുന്ന വിഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് മൻസൂറ മസാറ ഖനികൾ. പ്ലാന്റ് കാർബൺ-ഇൻ-ലീച്ച്, പ്രഷർ ഓക്‌സിഡേഷൻ പ്രക്രിയകളും അയിര് സ്വർണ്ണ ഉൽപാദനത്തിനായി ഓട്ടോക്ലേവ് സാങ്കേതികവിദ്യകളും ഇവിടെ ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here