ഒന്നാമത് എത്തിയിട്ടൊന്നും കാര്യമില്ല, ഇന്ത്യയുടെ സെമി ഫൈനല്‍ ചിലപ്പോള്‍ കൊല്‍ക്കത്തയിലാകും, കാരണം അറിയാം

0
163

മുംബൈ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെങ്കിലും ഇന്ത്യ സെമി കളിക്കുക മുംബൈയിലോ കൊല്‍ക്കത്തിയിലോ എന്നറിയാന്‍ കാത്തിരിക്കണം. കാരണം, ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ ആരെന്നറിഞ്ഞാലെ ഇന്ത്യയുടെ സെമി വേദി തീരുമാനമാകു. ന്യൂസിലന്‍ഡോ അഫ്ഗാനിസ്ഥാനോ ആണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ മുംബൈയില്‍ തന്നെ സെമി ഫൈനല്‍ കളിക്കും. എന്നാല്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാകുന്നതെങ്കില്‍ ഇന്ത്യ കൊല്‍ക്കത്തയിലായിരിക്കും സെമി ഫൈനല്‍ കളിക്കേണ്ടിവരിക.

ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിൽ മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍ കളിക്കേണ്ടത്. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ലോകകപ്പിന് മുമ്പ് തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. ഈ സാഹചര്യക്കില്‍ പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ എതിരാളികള്‍ ആരായാലും വേദി കൊല്‍ക്കത്തയിലായിരിക്കുമെന്ന് നേരത്തെ ഐസിസിയും ബിസിസിഐയും തമ്മില്‍ ധാരണയിലെത്തിയതാണ്.

പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ വേദി കൊല്‍ക്കത്തയിലേക്ക് മാറ്റാമെന്ന് ബിസിസിഐ അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകകപ്പിലെ 10 വേദികളില്‍ അഞ്ചിടത്ത് മാത്രമാണ് പാകിസ്ഥാന്‍ ഇത്തവണ മത്സരിച്ചത്. ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ ഇത്തവണ കളിച്ചത്.

ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്ന സെമിക്കുള്ള സാധ്യത മങ്ങും. കാരണം. നെറ്റ് റണ്‍ റേറ്റില്‍ പുറകിലുള്ള പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 130 റണ്‍സിന്‍റെയെങ്കിലും കൂറ്റന്‍ ജയം നേടിയാലെ നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാനാവു.

നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും പുറകിലുള്ള അഫ്ഗാനിസ്ഥാനാവട്ടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ സെമിയിലെത്താനാവു.

LEAVE A REPLY

Please enter your comment!
Please enter your name here