ഏകദിന ലോകകപ്പ്: ഗില്ലിന് പനി, ഇപ്പോഴിതാ സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരം

0
138

സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതിനു പുറമേ മറ്റൊരു അശുഭ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തവെ ഹാര്‍ദിക് പാണ്ഡ്യയുടെ വിരലില്‍ പന്ത് കൊണ്ടെന്നാണ് വിവരം. സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ സുബയാന്‍ ചക്രവര്‍ത്തിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹാര്‍ദിക്കിന്റെ പരിക്ക് വാര്‍ത്ത പുറത്തുവിട്ടത്.

കൈവിരലില്‍ പന്ത് കൊണ്ടതിന് ശേഷം ഹാര്‍ദ്ദിക് പരിശീലനം നടത്തിയില്ലെന്നും സുബയാന്‍ പറയുന്നു. പരിക്കിന് ശേഷം ഹാര്‍ദിക് പരിശീലനം നിര്‍ത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ പ്ലേയിംഗ് 11ലെ ഏറ്റവും നിര്‍ണ്ണായക താരവും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ഹാര്‍ദിക്. അതോടൊപ്പം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ മുഴുവന്‍ താളംതെറ്റുകയും ചെയ്യും.

ഞായറാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here