മണിക്കൂറിൽ 155 കി.മി; ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി ഉംറാൻ മാലിക്

0
182

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി കശ്മീരി താരം ഉംറാൻ മാലിക്. ഇന്നലെ മുംബൈ വങ്കാഡെ സ്‌റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് താരത്തിന് റെക്കോർഡ് നേടിക്കൊടുത്തത്. ജസ്പ്രീത് ബുംറയുടെ (153.36) റെക്കോർഡാണ് കശ്മീരി താരം തകർത്തത്. വേഗത മാത്രമായിരുന്നില്ല റെക്കോർഡ് ബോളിന്റെ സവിശേഷത. 27 പന്തിൽ 45 റൺസുമായി ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച ദസുൻ ശനക വീണതും ഈ പന്തിലായിരുന്നു. ഉംറാന്റെ പന്തിൽ യുസ്‌വേന്ദ്ര ചഹൽ ശ്രീലങ്കൻ ക്യാപ്റ്റനെ പിടികൂടുകയായിരുന്നു.

വിജയലക്ഷ്യം നേടാൻ 20 പന്തിൽ നിന്ന് 34 റൺസ് ലങ്കൻ ടീമിന് വേണ്ടപ്പോഴായിരുന്നു ഈ മിന്നൽ പന്ത് നായകനെ വീഴ്ത്തിയത്. ഇന്നലത്തെ മത്സരത്തിൽ നാല് ഓവറിൽ 27 റൺസ് വിട്ടു കൊടുത്ത് രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്.

. ഡൽഹി ഡെയർ ഡെവിൾസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു ഈ നേട്ടം. 2022 ഐ.പി.എല്ലിൽ ലോക്കി ഫെർഗൂസൻ (157.3) വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്. ഇതാണ് വേഗതയിൽ ഒന്നാമതുള്ളത്. ഉംറാൻ രണ്ടാമതാണ്.

 

ഇന്ത്യക്ക് നാടകീയ വിജയം

അവസാന പന്തിൽ ജയിക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത് നാല് റൺസ്. പന്ത് എറിയുന്നത് അക്സർ പട്ടേൽ. എന്നാൽ അവസാന പന്തിൽ ഒരു റൺസെടുക്കാനെ ചമിക കരുണരത്നക്കായുള്ളൂ. ഇതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ത്രില്ലിങ് ജയം. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. അടിച്ചും ഓടിയും ലങ്ക റൺസ് കണ്ടെത്തിയപ്പോൾ മത്സരത്തിന്റെ അവസാനം ത്രില്ലർ രൂപത്തിലായി. എന്നിരുന്നാലും ലങ്കയ്ക്ക് ജയിക്കാനായില്ല. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് തുടക്കത്തിലെ ലങ്കയെ വീഴ്ത്തിയത്. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ഇന്ത്യ നേടിയത്. മുൻനിര വീണുപോയിടത്ത് അവസാന ഓവറുകളിൽ തകർപ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്‌സർ പട്ടേലും ദീപക് ഹൂഡയും ചേർന്നാണ്. അഞ്ചിന് 94 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിങ്‌സിനെ ആറോവറിൽ 68 റൺസടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ അക്‌സർ പട്ടേൽ 20 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു.അതേസമയം മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ രണ്ടോവർ കഴിഞ്ഞതോടെ കളി ഇന്ത്യയുടെ കൈയ്യിൽ നിന്ന് വഴുതി മാറുന്ന കാഴ്ചക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. രണ്ടോവറിൽ സ്‌കോർബോർഡിൽ 23 റൺസ് അടിച്ചെടുത്ത ഓപ്പണിങ് സഖ്യം മഹീഷ് തീക്ഷണയാണ് പിരിച്ചത്. ടി20യിൽ അരങ്ങേറ്റം കുറിച്ച ഗില്ല് ഏഴ് റൺസോടെ പവലിയനിലെത്തി. വൺഡൌണായെത്തിയ സൂര്യകുമാർ യാദവിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. പത്ത് പന്തിൽ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവിനെ കരുണരത്‌നയാണ് മടക്കിയത്. ഇതിന് ശേഷമായിരുന്നു സഞ്ജുവിന്റെ വരവ്. പക്ഷേ കാത്തിരിപ്പുകൾക്കൊടുവിൽ ലഭിച്ച അവസരത്തിന്റെ ആഘോഷാരവങ്ങൾ അടങ്ങും മുൻപേ മലയാളി താരം നിരാശപ്പെടുത്തി. ഇന്ത്യ അഞ്ച് ഓവറിൽ 38ന് രണ്ട് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. ആവശ്യത്തിന് സമയവും 15 ഓവറുകളും മുന്നിലുണ്ടായിട്ടും ഏവരേയും നിരാശപ്പെടുത്തിക്കൊണ്ട് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു മടങ്ങിയത്. ധനഞ്ജയ ഡിസിൽവക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

ആദ്യം സഞ്ജു ഉയർത്തിയടിച്ച പന്ത് ശ്രീലങ്ക വിട്ടുകളഞ്ഞിരുന്നു. ധനഞ്ചയയുടെ പന്തിൽ സഞ്ജു നൽകിയ അവസരം അവസലങ്ക കൈക്കലാക്കിയെങ്കിലും ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയതായി തേഡ് അമ്പയർ കണ്ടെത്തുകയായിരുന്നു. അങ്ങനെ ലൈഫ് കിട്ടിയ താരത്തിന് പക്ഷേ അത് മുതലാക്കാൻ കഴിഞ്ഞില്ല. ആ രക്ഷപ്പെടലിന് ശേഷം രണ്ട് പന്തുകൾ മാത്രമാണ് സഞ്ജുവിന് തുടരാനായത്. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ലെങ്ത് ജഡ്ജ് ചെയ്യുന്നതിൽ പിഴച്ച സഞ്ജുവിന്റെ ബാറ്റിൽ തട്ടിയുയർന്ന പന്ത് മധുശങ്ക അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here