വിചിത്രമായ ഒരു സമ്മാനപ്പൊതി, അതു തുറന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിറച്ചുപോയി!

0
234

പലതരത്തിലുള്ള സാധനങ്ങള്‍ യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടയില്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ നടന്ന ഒരു സംഭവം എല്ലാവരെയും ഭയപ്പെടുത്തി. കാരണം സുരക്ഷാ പരിശോധനയ്ക്കിടയില്‍ ഒരു പാക്കേജിനുള്ളില്‍ നിന്നും കണ്ടെത്തിയത് നാല് മനുഷ്യ തലയോട്ടികളാണ്.

വെള്ളിയാഴ്ചയാണ് മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് അയക്കാനായി എത്തിയ ഒരു പെട്ടിക്കുള്ളില്‍ നാല് മനുഷ്യ തലയോട്ടികള്‍ കണ്ടെത്തിയത്. വിചിത്രമായ മറ്റൊരു കാര്യം ഒരു ക്രിസ്തുമസ്സ് സമ്മാനപ്പൊതി പോലെയായിരുന്നു ഈ പെട്ടി പായ്ക്ക് ചെയ്തിരുന്നത്.

എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളില്‍ തലയോട്ടികള്‍ കണ്ടെത്തിയത്. എക്‌സ്-റേ മെഷീനില്‍ കാര്‍ഡ്‌ബോര്‍ഡ് പാക്കേജിനുള്ളില്‍ വിചിത്രമായ പാറ്റേണുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്    മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡിനെ ഷിപ്പിംഗ് ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാക്കേജ് തുറന്ന  ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക്, അലുമിനിയം ഫോയില്‍ എന്നിവയില്‍ പൊതിഞ്ഞ നാല് മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി.
 
തലയോട്ടികള്‍ എങ്ങനെ ലഭിച്ചുവെന്നോ മെഡിക്കല്‍ ഗവേഷണത്തിനായി ഉള്ളതാണോ എന്ന കാര്യം വ്യക്തമല്ല, എന്തുതന്നെയായാലും ഇത്  മെക്‌സിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെക്‌സിക്കോയിലെ മൈക്കോകാന്‍ സംസ്ഥാനത്തെ തെക്കന്‍ നഗരമായ അപാസ്റ്റിംഗനില്‍ നിന്ന് അമേരിക്കയിലെ സൗത്ത് കരോലിന സംസ്ഥാനത്തെ മാനിംഗ് നഗരത്തിലെ ഒരു വിലാസത്തിലേക്കുള്ളതാണ് ഈ പാക്കേജ്.  

വയാഗ്രാസ് മയക്കുമരുന്ന് സംഘത്തിന്റെ നിയന്ത്രണത്തിലാണ് മൈക്കോകാന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അപാസ്റ്റിംഗന്‍.  മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ പ്രദേശങ്ങളിലൊന്നാണ് ഇത്. അതുകൊണ്ടുതന്നെ ഈ പാക്കേജുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട്. പെട്ടി കസ്റ്റഡിയിലെടുത്ത മെക്‌സിക്കോ നാഷണല്‍ ഗാര്‍ഡ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here