ദുബൈയില്‍ ഗാർഹിക പീഡനം വാട്​സ്​ ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാം

0
146

ഗാർഹിക പീഡനം, മനുഷ്യക്കടത്ത്​, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്​ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ്​ ചിൽഡ്രൻ ആണ്​ പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഇരകൾക്ക്​ മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക്​ അപേക്ഷിക്കാനും ഇത്​ ഉപയോഗിക്കാം.

ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. 971-800-111 എന്ന ഹോട്ട്‌ലൈൻ നമ്പറിലെ വാട്ട്‌സ്ആപ്പ് വഴിയാണ്​ ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കേണ്ടത്​.

ഫൗണ്ടേഷന്‍റെ സേവനങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാനും ആശയവിനിമയം എളുപ്പമാക്കും സ്മാർട്​ ചാനലുകൾ സജീവമാക്കാനും ലക്ഷ്യം വെച്ചാണ്​ പുതിയ സേവനം ഒരുക്കിയതെന്ന്​ അധികൃതർ അറിയിച്ചു. വാട്​സ്ആപ്പ് സംവിധാനം ഫൗണ്ടേഷന്‍റെ പ്രതികരണ സമയം കുറക്കുമെന്നും സേവനങ്ങൾ സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കുമെന്നും ഡി.എഫ്​.ഡബ്ല്യൂ.എ.സി ആക്ടിങ്​ ഡയറക്ടർ ജനറൽ ശൈഖ സഈദ്​ അൽ മൻസൂരി പറഞ്ഞു.

വെബ്​സൈറ്റ്​ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും നിലവിൽ ഫൗണ്ടേഷൻ സേവനങ്ങൾ നൽകി വരുന്നുണ്ട്​. ഗാർഹിക പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, മനുഷ്യക്കടത്ത് എന്നിവക്കെതിരെ യു.എ.ഇയിലെ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സഹായവും നൽകുന്നതിന്​ 2007ൽ സ്ഥാപിതമായ സംവിധാനമാണ്​ ഫൗണ്ടേഷൻ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രത്യേകമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ ലൈസൻസുള്ള കേന്ദ്രമാണിത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക്​ അനുസരിച്ച സേവനങ്ങളാണ്​ ഡി.എഫ്​.ഡബ്ല്യൂ.എ.സി നൽകിവരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here