സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും

0
197

റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാല്‍ പിഴ ലഭിക്കും. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി (Saudi Public Decorum Society) വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വിവിധ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയ ശേഷമാണ് നിയമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ശൂറാ കൗൺസിലിന്റെ അനുമതിയും മന്ത്രിസഭാ വിദഗ്ധ സമിതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലെ അഞ്ചാം റെഗുലേഷന്‍ അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തുകയോ ആളുകള്‍ക്ക് ശല്യമാവുന്നതോ അവരെ അപകടത്തിലാക്കുന്നതോ സ്വാധീനിക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് പൊതുമര്യാദകളുടെ ലംഘനമായിട്ടായിരിക്കും കണക്കാക്കപ്പെടുക. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി ദിനപ്പത്രമായ അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

രാജ്യത്തെ ചില മാര്‍ക്കറ്റുകളിലും മറ്റും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചിലര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാര്‍ക്കറ്റകളിലും മറ്റും ശബ്‍ദമുയര്‍ത്തി സംസാരിക്കുക, ആളുകളെ ഉപദ്രവിക്കുക, ആളുകളെ ശല്യം ചെയ്യുകയും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ പൊതുമര്യാദകള്‍ ലംഘിച്ചവര്‍ക്കാണ് പിഴ ചുമത്തിയത്. രാജ്യത്ത് പൊതുമാന്യതയ്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കണമെന്നും പബ്ലിക് ഡെക്കോറം സൊസൈറ്റി ആഹ്വാനം ചെയ്‍തു.

നിയമങ്ങള്‍ പ്രകാരം രാജ്യത്ത് സ്‍ത്രീകളും പുരുഷന്മാരും മാന്യമായ വസ്‍ത്രം ധരിച്ചിരിക്കണം. അധാര്‍മികമായ ഭാഷയോ ആംഗ്യങ്ങളോ പാടില്ല. ചപ്പു ചവറുകള്‍ വലിച്ചെറിയുക, തുപ്പുക, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുക, പ്രാര്‍ത്ഥനാ സമയങ്ങളില്‍ പാട്ടു വെയ്‍ക്കുക തുടങ്ങിയവയെല്ലാം പൊതുമര്യാദകളുടെ ലംഘനങ്ങളുടെ പരിധിയില്‍ വരും. ഇവയ്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here