തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി; ബി.ജെ.പിയെ കാസര്‍ഗോഡ് കൈവിടുന്നു

0
275

കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി കേന്ദ്രങ്ങളില്‍ നിരാശയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇടിത്തീയായി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്.

ഉപതെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. എന്നാല്‍ സിറ്റിങ് സീറ്റ് നഷ്ടമായ ബി.ജെ.പി ഒരിടത്ത് മാത്രമാണ് ജയിച്ചത്.

കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ മൂന്ന് വാര്‍ഡുകളില്‍ എല്‍.ഡി.എഫും രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്.

ബദിയടുക്കയിലെ 14ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സിറ്റിങ് സീറ്റാണ് ജില്ലയില്‍ നഷ്ടമായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി കോണ്‍ഗ്രസ് ബി.ജെ.പിയെ അട്ടിമറിച്ച് വാര്‍ഡില്‍ വിജയിക്കുന്നത്.

ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിനാവും. നേരത്തെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സീറ്റുകള്‍ വീതമായിരുന്നു യു.ഡി.എഫിനും ബി.ജെ.പിക്കുമുണ്ടായിരുന്നത്. സി.പി.ഐ.എമ്മിന് മൂന്നും.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന് ബദിയടുക്കയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനും ബി.ജെ.പി, സി.പി.ഐ.എം അംഗങ്ങള്‍ കൈവശം വെച്ചിരിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധികാരം പിടിച്ചെടുക്കാനും സാധിക്കും.

ബി.ജെ.പി അംഗമായിരുന്ന കെ.എന്‍. കൃഷ്ണഭട്ട് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പുറത്ത്, ഇവിടുത്തെ വോട്ടിങ് രീതിയും ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ശക്തമായ പ്രചാരണം നടന്നിട്ടും ബി.ജെ.പി വോട്ട് കുറയുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ശ്യാമപ്രസാദ് ബി.ജെ.പിയുടെ മഹേഷ് വളകുഞ്ഞയെ 39 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 273 വോട്ട് നേടിയ യു.ഡി.എഫ് ഇക്കുറി 427 വോട്ട് വാര്‍ഡില്‍ നേടി. 423 വോട്ട് നേടിയ ബി.ജെ.പിക്ക് കിട്ടിയത് 389 വോട്ടും. 179 വോട്ട് നേടിയ എല്‍.ഡി.എഫ് ഇക്കുറി 20 വോട്ട് അധികം നേടി. കഴിഞ്ഞ തവണ കൃഷ്ണ ഭട്ട് ശ്യാമപ്രസാദിനെ 150 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കുമ്പളയിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. കുമ്പള ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ പേര്‍വാടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് സി.പി.ഐ.എം അംഗമായ എസ് കൊഗ്ഗു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധികാരം ലഭിക്കുന്നതിന് വേണ്ടി സി.പി.ഐ.എം അംഗങ്ങളുമായി ബി.ജെ.പി അംഗങ്ങള്‍ ഒത്തുതീര്‍പ്പ് നടത്തുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. സി.പി.ഐ.എമ്മുമായുള്ള ഈ ബന്ധത്തെ എതിര്‍ത്തിരുന്ന മുരളീധര യാദവയെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

61 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 179 വോട്ടുകളാണ് ഈ വാര്‍ഡില്‍ ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 80 വോട്ട് കൂടി 675 വോട്ടാണ് സി.പി.ഐ.എമ്മിന് ഇവിടെ ലഭിച്ചത്.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തൊയമ്മല്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2020ല്‍ 105 വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ 72 വോട്ടുകളാണ് ലഭിച്ചത്. 504 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എന്‍. ഇന്ദിരയയാണ് ഇവിടെ വിജയിച്ചത്.

കല്ലാര്‍ പഞ്ചായത്തില്‍ അടകം വാര്‍ഡില്‍ 33 വോട്ടിനാണ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സണ്ണി എബ്രഹാം വിജയിച്ചത്. കഴിഞ്ഞ തവണ 205 വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ 100 വോട്ട് പോലും തികക്കാന്‍ കഴിഞ്ഞില്ല.

പള്ളിക്കര പഞ്ചായത്തിലെ 19ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സമീറ 596 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ ആദ്യമായി മത്സര രംഗത്ത് ഇറങ്ങിയ ബി.ജെ.പിക്ക് ഇവിടെ 12 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here