നോ പറയാതെ രേഷ്മ, വിളികളെല്ലാം വാട്‌സാപ്പില്‍, ഭക്ഷണവും എത്തിച്ചു നല്‍കി; പിടി വീണത്‌ ഇങ്ങനെ

0
384

കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് പിടികൂടിയത് ഫോണ്‍കോളുകളും വാട്‌സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജില്‍ദാസ്(38) ഭാര്യയുമായി വാട്‌സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ഫോണ്‍വിളികളും വാട്‌സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കില്‍ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈല്‍ ടവറിന് കീഴിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനൊടുവിലാണ് അധ്യാപികയായ അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം.രേഷ്മ(42)യുടെ ഭർത്താവ് പ്രശാന്തിന്റെ വാടകവീട്ടില്‍നിന്നാണ്‌ നിജില്‍ദാസിനെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ 17-ാം തീയതി മുതല്‍ നിജില്‍ദാസ് പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുതായാണ് പോലീസ് നല്‍കുന്ന വിവരം. അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ്‌ ഈ വീട്.

നിജില്‍ദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ ഒളിവില്‍ കഴിയാനുള്ള സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനാലാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് രേഷ്മയെയും അറസ്റ്റ് ചെയ്തത്. പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ രേഷ്മയും നിജില്‍ദാസും വാട്‌സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. പ്രതിക്കുള്ള ഭക്ഷണം രേഷ്മ ഇവിടെ എത്തിച്ചു നല്‍കുകയായിരുന്നു.

അണ്ടലൂര്‍ കാവിന് സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ പാണ്ട്യാലമുക്കില്‍ പുതിയ വീട് നിര്‍മിച്ചത്. നേരത്തെ ഈ വീട് കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരുന്നതായാണ് വിവരം. തലശ്ശേരി അമൃതവിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രേഷ്മയ്ക്ക്, അടുത്തിടെ ചില സംഘടനകള്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു. ഇക്കാര്യം സ്‌കൂളിന്റെ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, സി.പി.എം. പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആകെ 16 പേരാണ് കേസിലെ പ്രതികള്‍. മുഖ്യപ്രതികളായ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ലിജേഷ് അടക്കമുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷ് അടക്കമുള്ള എട്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here