‘സംസ്ഥാനത്ത് 21ന് 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും’; ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

0
502

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

വാര്‍ത്താകുറിപ്പ് പൂര്‍ണരൂപം: ”പെട്രോളിയം വില വര്‍ദ്ധന കൊള്ളക്കെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈനായി യോഗം ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു.”

”എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രന്‍(എഐടിയുസി) മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു)കെ രത്‌നകുമാര്‍ (യുടിയുസി) സോണിയ ജോര്‍ജ്ജ് (സേവ) വി കെ സദാനന്ദന്‍ (എഐ യുടിയുസി) അഡ്വ. ടി ബി മിനി (ടിയുസി സി)കളത്തില്‍ വിജയന്‍ (ടിയുസിഐ)കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി) വിവി രാജേന്ദ്രന്‍ (എഐസിടിയു) വി സുരേന്ദ്രന്‍ പിള്ള (ജെ എല്‍യു) കെ ചന്ദ്രശേഖരന്‍ (ഐഎന്‍എല്‍സി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മന്‍ (കെ ടിയുസി (ജോസഫ്) എന്നിവര്‍ പങ്കെടുത്തു.”

”പെട്രോള്‍ – ഡീസല്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂണ്‍ 1ന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും , മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം ദുസ്സഹമായി മാറി. 2014 ല്‍ മോഡി നല്‍കിയ വാഗ്ദാനം, ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ 50 രൂപയ്ക്കും ‘ ഡീസല്‍ 40 രൂപയ്ക്കും നല്‍കുമെന്നായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 21ന് പകല്‍ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. ആംബുലന്‍സ് വാഹനങ്ങളെ ഈ സമരത്തില്‍ നിന്നും ഒഴിവാക്കും.”

LEAVE A REPLY

Please enter your comment!
Please enter your name here