വാഹന വില്‍പ്പനയില്‍ വമ്പന്‍ ഇടിവ്

0
287

രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ മാസമായിരുന്നു 2021 മേയ് മാസം. ഈ കാലയളവില്‍ രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ വാഹനങ്ങളുടെ വില്‍പ്പനയെയും രജിസ്ട്രേഷനെയും ബാധിച്ചതിന്‍റെ ഫലമായി 55 ശതമാനം ഇടിവാണ് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ ഉണ്ടായതതെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎയുടെ കണക്കുകളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെയ് മാസത്തെ പാസഞ്ചര്‍ വാഹനവില്‍പ്പനയില്‍ 66 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസം രാജ്യത്ത് ആകെ 88,045 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ അടിസ്ഥാവമാക്കിയാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത് . ഏപ്രിലില്‍ 2,61,633 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളായിരുന്നു വിറ്റത്.

പല സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ അടഞ്ഞുകിടന്നതിനാല്‍ എല്ലാ വിഭാഗങ്ങളിലെയും വില്‍പ്പന കഴിഞ്ഞ മാസം ബാധിക്കപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിലെ 11,85,374 യൂണിറ്റിനെ അപേക്ഷിച്ച് മേയ് മാസത്തില്‍ രജിസ്ട്രേഷന്‍ 5,35,855 യൂണിറ്റായി കുറഞ്ഞു. 1,497 പ്രാദേശിക ഗതാഗത ഓഫീസുകളില്‍ (ആര്‍ടിഒ) 1,294 ല്‍ നിന്നുള്ള വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഏപ്രിലിലെ 2,08,883 യൂണിറ്റുകളെ അപേക്ഷിച്ച് 59 ശതമാനം കുറഞ്ഞു. ത്രീ വീലര്‍ വില്‍പ്പന 76 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,215 യൂണിറ്റായി. ഏപ്രിലില്‍ ഇത് 21,636 യൂണിറ്റായിരുന്നു. ട്രാക്ടര്‍ വില്‍പ്പന 57 ശതമാനം ഇടിഞ്ഞ് 16,616 യൂണിറ്റായി. ഏപ്രിലില്‍ ഇത് 38,285 യൂണിറ്റായിരുന്നു.

സിയാമിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇരുചക്രവാഹന വില്‍പ്പന 65 ശതമാനം കുറഞ്ഞ് 3,52,717 യൂണിറ്റായി. ഏപ്രിലില്‍ ഇത് 9,95,097 യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ഏപ്രിലിലെ 6,67,841 എന്നതിനേക്കാള്‍ 56 ശതമാനം ഇടിഞ്ഞ് 2,95,257 യൂണിറ്റായി. സ്‌കൂട്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌കൂട്ടര്‍ വില്‍പ്പന 83 ശതമാനം കുറഞ്ഞ് 50,294 യൂണിറ്റായി. ഏപ്രിലില്‍ 3,00,462 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ത്രീവിലര്‍ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്. ഏപ്രലിലെ 13,728 നേക്കാള്‍ 91 ശതമാനം ഇടിഞ്ഞ് 1,251 യൂണിറ്റായി.

അതേസമയം മൊത്തം വാഹന വില്‍പ്പനയില്‍ 65 ശതമാനം കുറവും മെയ് മാസത്തില്‍ രേഖപ്പെടുത്തി. 4,42,013 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഏപ്രിലില്‍ ഇത് 12,70,458 യൂണിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here