Tuesday, May 13, 2025
Home Blog Page 682

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു

കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ പ്രവാസികള്‍ക്കായി 151 കോടി രൂപ ചിലവഴിച്ചു; കേരള സഭയില്‍ മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജയകരമായി ആരംഭിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ക്കു പുറമെ കൊവിഡ് സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകള്‍ വഴിയും സബ്‌സിഡി വായ്പകള്‍ നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നോര്‍ക്കയുടെ സമാശ്വാസ പദ്ധതികള്‍. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന, തിരികെയെത്തിയ 24,600 ല്‍പ്പരം പ്രവാസികള്‍ക്കായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 151 കോടി രൂപയാണ് ചിലവഴിച്ചത്.മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന വിദേശ തൊഴില്‍ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികള്‍ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തില്‍ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം തന്നെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുവേണ്ട വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഇതുപകരിക്കും.

ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളില്‍ ഫിന്‍ലന്‍ഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴില്‍ മേഖലകളില്‍ ജപ്പാനിലേക്കും കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിശോധിച്ചു വരികയാണ്.ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി 2023 മാര്‍ച്ചില്‍ വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എല്‍ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാകും. തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാര്‍ത്ത. ഐഫോണ്‍ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്.  നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോണ്‍ 13 5ജി ഫോണ്‍ വാങ്ങാനാണ് ഇപ്പോള്‍ അവസരം. എക്സേഞ്ച് ഓഫറുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.

നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിന്‍റെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോണ്‍ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും.

എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിള്‍ ഐഫോണ്‍ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡില്‍ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ കഴിയും. നിങ്ങളുടെ നിലവിലെ ഫോണിന്‍റെ  അടിസ്ഥാനത്തിലാണ് എക്‌സ്‌ചേഞ്ച് തുക കണക്കാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫര്‍ പരിമിത സമയത്തേക്കാണോ, ദീർഘകാലത്തേക്കോ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം.

വാഗ്ദാനങ്ങൾ പാലിച്ച് സിദ്ധരാമയ്യ; ശക്തി പദ്ധതിക്ക് തുടക്കം

കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായുള്ള ക്ഷേമപദ്ധതികൾക്ക് തുടക്കമായി. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടറായി സർക്കാർ ബസിൽ യാത്ര ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്.

അൽപ നേരത്തേക്കെങ്കിലും മുഖ്യമന്ത്രി ബസ് കണ്ടക്ടറായി. മെജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് നിയമ സഭാ മന്ദിരമായ വിധാന സൗധയിലേക്കുള്ള ബി.എം. ടി. സി. ബസിലാണ് മുഖ്യൻ കണ്ടക്ടർ വേഷത്തിലെത്തിയത്. വനിതാ യാത്രക്കാർക്ക് സൗജന്യയായി ടിക്കറ്റ് നൽകി  ശക്തി പദ്ധതിക്ക് തുടക്കമിട്ടു. ഇതോടെ കർണാടകയിൽ ലക്ഷ്വറി, എ.സി ഒഴികെയുള്ള  എല്ലാ സർക്കാർ ബസുകളിലും എ.പി.എൽ.ബി.പി. എൽ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് യാത്ര സൗജന്യമായി. മന്ത്രിമാരും എം.എൽ എമാരും വിവിധ മണ്ഡലങ്ങളിലും ജില്ലകളിലും ഇതേ സമയം പദ്ധതിയുടെ പ്രാദേശിക തല ഉദ്ഘാടനവും നിർവഹിച്ചു.

ശക്തിക്ക് പുറമെ ബി.പി.എൽ കുടുംബങ്ങൾളിലെ ഓരോ അംഗങ്ങൾക്കും  മാസം10 കില അരി നൽകുന്ന അന്ന ഭാഗ്യ, വീടുകൾക്ക് 200 യുണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന ഗൃഹജ്യോതി, ഗൃഹനാഥകളായ സ്ത്രീകൾക്ക് പെൻഷൻ നൽകുന്ന ഗൃഹ ലക്ഷ്മി, അഭ്യസ്ഥ  വിദ്യരായ  യുവതീ യുവാക്കൾക്ക് പഠനം കഴിഞ്ഞിറങ്ങിയ ആദ്യ രണ്ടു വർഷം ഹോണറേറിയം  നൽകുന്ന  യുവ നിധി, എന്നിവയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമയത്തു  നൽകിയ  വാഗ്ദാനങ്ങൾ. ഇവ  എല്ലാം നടപ്പാക്കാൻ കഴിഞ്ഞ  മന്ത്രിസഭ  ഉത്തരവിറക്കിയിരുന്നു. അടുത്ത മാസം  മുതൽ  ഈ പദ്ധതികളും  നിലവിൽ വരും. ലോക്സഭാ  തിരഞ്ഞെടുപ്പ് ലക്ഷ്യം  വച്ചു വമ്പിച്ച ആഘോഷത്തോടെയാണ്  ഓരോ പദ്ധതികളും  നടപ്പിലാക്കുന്നതു.

എം പി എന്ന നിലയില്‍ കിട്ടുന്നത് ഒന്നിനും തികയുന്നില്ല, മാസം ഒരു ലക്ഷം രൂപാ കടം’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും അലവന്‍സും ഒന്നിനും തികയുന്നില്ലന്നും മാസം ഒരു ലക്ഷം രൂപാ കടമാണെന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.’ ഞങ്ങളെപ്പോലെ കുറച്ച് പേരെ എം പിമാരില്‍ പാവപ്പെട്ടവരായുള്ളു.ബാക്കിയുള്ളവര്‍ കോടീശ്വരന്‍മാര്‍ ആണ്. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. എന്നാല്‍ നമ്മളാകട്ടെ ഈ വരുമാനവും ശമ്പളവും ആശ്രയിച്ചാണ് ജീവിക്കുന്നത്’ ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷം രൂപയാണ് ഒരു മാസം ശമ്പളം. 90000 രൂപാ അലവന്‍സായി കിട്ടും. അത് ഓഫീസ് കാര്യങ്ങള്‍ക്കാണ്. കേരളാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രണ്ട് പേരെ ഡ്രൈവറായും പി എ ആയും വയ്കാം. ബാക്കിയുള്ള സ്റ്റാഫിന് ശമ്പളം കൊടുക്കാനും ഓഫീസിനും വീടിനും വാടക കൊടുക്കാനുമെല്ലാം ഈ അലവന്‍സ് തന്നെ ഉപയോഗിക്കണം.

‘കാസര്‍കോട് എം.പിയായിട്ട് നാല് വര്‍ഷമായി. ഇതുവരെ ഒരു തുള്ളി ഡീസല്‍ ഞാന്‍ കാസര്‍കോട്ടുനിന്ന് ആരുടെ കൈയില്‍നിന്നും അടിച്ചിട്ടില്ല. ഒരു കമ്മിറ്റിയുടെ കൈയില്‍നിന്നും. ഞാന്‍ എവിടെപ്പോയിട്ടുണ്ടോ അവിടെയെല്ലാം പരിശോധിക്കാം. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാല്‍ ലക്ഷം രൂപയാണ്. അതില്‍ 25,000 രൂപ കടമാണ്. 90,000 രൂപയില്‍ 20,000 വീടിനു വാടകയായി നല്‍കണം. കറന്റ് ചാര്‍ജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോള്‍ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി.സി അടക്കണം.’ പിന്നെ താന്‍ എ്ന്ത് ചെയ്യുമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി മലദ്വാരത്തില്‍ ഒളിപ്പിച്ചു; കൊല്ലത്ത് എത്തിയപ്പോള്‍ പിടികൂടി; എനിമ നല്‍കി പുറത്തെടുപ്പിച്ചു; പൊലീസിന്റെ വല്ലാത്തൊരു റെയിഡ്

കൊല്ലത്ത് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കൊട്ടിയം, പറക്കുളം, വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30), കൊല്ലം, കരിക്കോട്, നിക്കി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30) എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.

ഇരുവരെയും കൊട്ടിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. മന്‍സൂര്‍ റഹീമിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ നല്‍കിയാണ് മലദ്വാരത്തിനുള്ളില്‍ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നിഖില്‍ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരുവില്‍ നിന്ന് പെണ്‍സുഹൃത്തിന്റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ടൂറിസ്സ് വിസയില്‍ വമ്പന്‍ മാറ്റവുമായി യുഎഇ

ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദർശന വിസയിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിസ നടപടിക്രമങ്ങളിൽ യുഎഇ നിരവധി മാറ്റങ്ങൾ നടപ്പാക്കിവരികയാണ്. 30 ദിവസത്തെയോ 60 ദിവസത്തെയോ സന്ദർശന വിസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസത്തെ അധിക താമസം കൂടിയാണ് അനുവദിച്ച് കിട്ടിയത്.

വിസ നീട്ടി നൽകുന്ന പരമാവധി കാലാവധി 120 ദിവസമാണ്. വിസിറ്റ് വിസ വിപുലീകരണത്തിനായി വിസ നൽകുന്ന ഏജന്റുമായി ബന്ധപ്പെടണം.

ഒരു മാസത്തേക്ക് വിസ നീട്ടുന്നതിനുള്ള ചെലവ് 1,050 ദിർഹമാണ്.

കഴിഞ്ഞ ഏപ്രിലിൽ യുഎഇയിൽ വിദേശികൾക്ക് സന്ദർശക വിസ നൽകുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. യുഎഇയിൽ അടുത്ത ബന്ധുക്കൾ ഉള്ളവർക്ക് മാത്രമാണ് സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്നായിരുന്നു മാറ്റം. സന്ദർശക വിസയിൽ യുഎയിൽ എത്താൻ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത സുഹൃത്തോ ആയിരിക്കണം. വിസിറ്റിങ് വിസയിലെത്തുന്ന വിദേശികളുടെ സന്ദർശനവും താമസവും കൂടുതൽ കടുപ്പിക്കുന്നതാണ് നിയന്ത്രണങ്ങൾ.

മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന് അമിത് ഷാ

മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മുസ്ലീം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. സംവരണം പാടില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രസ്താവന.

മുസ്ലിങ്ങൾക്ക് സമുദായ സംവരണം നൽകുന്നതിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. അയോധ്യ ക്ഷേത്ര നിർമാണത്തിലും മുത്തലാഖ് വിഷയത്തിലും ഏകീകൃത സിവിൽ കോഡ് നിയമത്തിലു താക്കറെ നയം വ്യക്തമാക്കണം. വീർ സവർക്കറെ എതിർക്കുന്ന കോൺഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുള്ളതെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു.

ഗാന്ധി കുടുംബത്തിലെ നാല് തലമുറയ്ക്ക് കഴിയാത്തതാണ് നരേന്ദ്രമോദി സർക്കാർ ഈ ഒൻപത് വർഷം കൊണ്ട് നേടിയത്. രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണ്. എന്നാൽ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പുരോഗതി ഉയർത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.

‘മക്കളെ വളർത്താൻ ഒരുപാട് സഹിച്ചു’; അമ്മയുടെ ഓർമക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

ചെന്നൈ: അമ്മയുടെ സ്മരണക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം.

പിതാവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട കൈകാര്യം ചെയ്തു. അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും മകൻ ഓർത്തെടുക്കുന്നു. ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.

രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അത് ജൂൺ 2 ന് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാൾ വിതരണം ചെയ്യുന്നു.

 

ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍, പൊലിഞ്ഞത് ഇത്രയും ജീവനുകള്‍!

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി ജീവൻ നഷ്‍ടമായത് 55 പേർക്കെന്ന് റിപ്പോര്‍ട്ട്. അപകടങ്ങളില്‍ 52 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും 279 പേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി. ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാകുന്നു. 570 അപകടങ്ങളിൽ 52 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 279 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് വേയിൽ ഉയർന്ന അപകടങ്ങൾ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നു. ഈ സമ്പൂർണഎക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെയുള്ള നിരവധി നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അതേസമയം എക്‌സ്പ്രസ് വേയിലെ ഏതാനും സ്ഥലങ്ങളിൽ ഗ്രാമവാസികൾ മതിലുകളും മറ്റും പൊളിച്ചതും റോഡിൽ മൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമായി. തിരക്കേറിയ എക്‌സ്പ്രസ്‌വേയിൽ തെറ്റായ വഴിയിൽ വരുന്ന ചില ഭാരവാഹനങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

അടുത്തിടെ, മൈസൂരു – കുടക് എംപി പ്രതാപ് സിംഹ, അതിവേഗ പാതയിലെ വേലികൾ നശിപ്പിക്കരുതെന്ന് ഗ്രാമവാസികളോട് അഭ്യർത്ഥിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൂർണ്ണ ആക്സസ് നിയന്ത്രിത ഹൈവേയാണ് ബെംഗളൂരു – മൈസൂരു അതിവേഗ പാതയെന്നും അതിനാലാണ് റോഡിന്റെ ഇരുവശങ്ങളിലും ഫെൻസിംഗുകൾ ഉള്ളതെന്നും എംപി വ്യക്തമാക്കുന്നു. ബെംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലെ ജനങ്ങളോട് വേലി തടസ്സപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും വേലിയുടെ തകർന്ന ഭാഗത്തിലൂടെ ഏതെങ്കിലും മൃഗം എക്സ്പ്രസ് വേയിൽ കയറിയാൽ, അത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം എന്നും എംപി പറയുന്നു. അതേസമയം എക്സ്പ്രസ് വേയില്‍ മിക്കവാഹനങ്ങളും 120 കിലോമീറ്ററില്‍ അധികം വേഗത്തിലാണ് സഞ്ചരിക്കുന്നത്. വേഗനിയന്ത്രണം കർശനമാക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി നടപടിസ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 10 വരികളും 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതോടെ ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് ഇപ്പോൾ 75 മിനിറ്റായി കുറഞ്ഞു. ഈ എക്‌സ്‌പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. ഇതിന് നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപ്പാതകളും മേൽപ്പാലങ്ങളും ഉണ്ട്. ആകെ നീളത്തിൽ 52 കിലോമീറ്ററും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അഞ്ച് ബൈപാസുകളടങ്ങുന്ന ഗ്രീൻഫീൽഡാണ്. എക്‌സ്പ്രസ് വേയിൽ ആറ് വരിപ്പാതകളും ഇരുവശങ്ങളിലും അധിക രണ്ട് വരി സർവീസ് റോഡുകളുമുണ്ട്. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഭാരത്‌മാല പരിയോജനയുടെ (ബിഎംപി) ഭാഗമായി നിർമിച്ച 118 കിലോമീറ്റർ ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് ഹൈവേ 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‍തത്.