Wednesday, May 14, 2025
Home Blog Page 5

റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണം, പാക്ക് സൂപ്പർ ലീഗ് പ്രതിസന്ധിയിൽ; മത്സരങ്ങൾ മാറ്റിയേക്കും

റാവല്‍പിണ്ടി∙ പാക്കിസഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തില്‍ സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിഎസ്എലിലെ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ഡ്രോൺ പതിച്ചത്.

പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തോടെ പാക്ക് സൂപ്പർ ലീഗ് നടത്തിപ്പും പ്രതിസന്ധിയിലായി. വ്യാഴാഴ്ചത്തെ പിഎസ്എൽ മത്സരം കറാച്ചിയിലേക്കു മാറ്റുമെന്നാണു വിവരം. സംഭവത്തിനു പിന്നാലെ പിഎസ്എൽ നടത്തിപ്പ് ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് യോഗം വിളിച്ചു. റാവൽപിണ്ടിയിൽ പതിച്ച ഡ്രോൺ നിർവീര്യമാക്കിയതായി പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർവീര്യമാക്കി. കഴിഞ്ഞ ദിവസം അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്ക് – പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

രക്ഷയില്ല! കേരളത്തിൽ ചൂടേറുന്നു, കാസറഗോഡ് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്ക് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു; ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ

ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസ്ഹർ, ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ്. ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ റൗഫ് അസ്ഹർ.

ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് റൗഫ് അസ്ഹർ. പാകിസ്ഥാൻ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ v അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.

രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലായിരുന്നു 1999 ഡിസംബർ 31 ന് നടന്ന IC -814 വിമാന റാഞ്ചൽ. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുക്കുക ആയിരുന്നു.

ഇന്ത്യ ജയിലിലാക്കിയ മസൂദ് അസ്ഹറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിമാനറാഞ്ചൽ. യാത്രക്കാരുടെ ജീവൻവച്ചു തീവ്രവാദികൾ നടത്തിയ വിലപേശലിന് ഇന്ത്യ വഴങ്ങി.മസൂദ് അസ്ഹർ ഉൾപ്പെടെ മൂന്ന് ഹർക്കത്തുൽ മുജാഹിദീൻ ഭീകരരെ അന്നത്തെ വാജ്‌പേയ് സർക്കാർ വിട്ടയച്ചു.

ലീഗ് റൗണ്ടിൽ 13 മത്സരങ്ങൾ ബാക്കി; ആരും പ്ലേ ഓഫിൽ എത്തിയില്ല! ഐപിഎല്ലിൽ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ

ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ അവരുടെ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്താകലിൻറെ വക്കിലാണ് കൊൽക്കത്ത എത്തിപ്പെട്ടത്.

ഐപിഎല്ലിൽ ലീഗ് ഘട്ടത്തിൽ 13 മത്സരങ്ങൾ കൂടി അവശേഷിക്കെ ഇതുവരെ ഒരു ടീമുപോലും പ്ലേ ഓഫ് യോഗ്യത നേടിയിട്ടില്ല. ഏഴ് ടീമുകൾ ഇപ്പോഴും പ്ലേ ഓഫിൽ എത്താനായുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിലെ രണ്ട് വിക്കറ്റിന്റെ തോൽവി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയായി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്തയ്ക്ക് നിലവിൽ 11 പോയിന്റ് മാത്രമേയുള്ളൂ. രണ്ട് മത്സരങ്ങൾ കൂടി മാത്രമാണ് കൊൽക്കത്തയ്ക്ക് ഇനി അവശേഷിക്കുന്നത്. രണ്ടും എവേ മത്സരങ്ങളായതിനാൽ വിജയം അത്ര എളുപ്പമാകില്ല. രണ്ട് മത്സരങ്ങളിൽ വിജയിച്ചാലും കൊൽക്കത്തയ്ക്ക് പരമാവധി 15 പോയിന്റാണ് നേടാനാകുക. ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇതിനകം 16 പോയിന്റുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, പഞ്ചാബ് കിംഗ്‌സിന് ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ഇതിനോടകം തന്നെ 15 പോയിന്റുകൾ നേടുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് പോയിന്റ് നിലയിൽ മുന്നേറുകയും കൊൽക്കത്ത രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും മുംബൈ ഇന്ത്യൻസ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോറ്റ് 14 പോയിന്റിൽ തുടരുകയും ചെയ്താൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടാനാകൂ. അങ്ങനെയെങ്കിൽ കൊൽക്കത്തയ്ക്കും ഡൽഹി ക്യാപിറ്റൽസിനും 15 പോയിന്റുകൾ വീതം ലഭിക്കും. നെറ്റ് റൺ റേറ്റ് അനുസരിച്ച് പ്ലേ ഓഫിനുള്ള നാലാമത്തെ ടീമിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുകയും ചെയ്യും.

മറ്റൊരു സാഹചര്യം പരിഗണിച്ചാൽ, അടുത്ത മത്സരങ്ങളിൽ ബെംഗളൂരുവും ഗുജറാത്തും എതിരാളികളെ പരാജയപ്പെടുത്തുകയും പഞ്ചാബ് കിംഗ്‌സ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ തോൽക്കുകയും ഡൽഹി ഗുജറാത്തിനോടും മുംബൈയോടും പരാജയപ്പെടുകയും ലക്നൗ അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ തോൽക്കുകയും ചെയ്താൽ കൊൽക്കത്ത, പ‌ഞ്ചാബ്, ഡൽഹി എന്നീ ടീമുകൾ 15 പോയിന്റുകൾ വീതം നേടി ഫിനിഷ് ചെയ്യും. പ്ലേ ഓഫിൽ ഗുജറാത്ത്, ബെംഗളൂരു, മുംബൈ എന്നിവരോടൊപ്പം നാലാം സ്ഥാനത്തേക്ക് എത്തുന്ന ടീമിന് റൺ റേറ്റ് നിർണായകമാകും. അതായത്, പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് കൊൽക്കത്ത നിരവധി ഫലങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് സാരം.

ഈ ഐപിഎൽ സീസണിൽ രണ്ട് തവണ മഴ കാരണം മത്സരങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പഞ്ചാബ് – കൊൽക്കത്ത, ഡൽഹി – സൺറൈസേഴ്സ് മത്സരങ്ങളാണ് മഴയിൽ മുങ്ങിയത്. ധർമ്മശാലയിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ പഞ്ചാബും ഡൽഹിയും പരസ്പരം ഏറ്റുമുട്ടും. ജയിക്കാനായാൽ പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും 17 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും. മറുവശത്ത്, ഇന്ന് വിജയിച്ചാൽ ഡൽഹി മുംബൈ ഇന്ത്യൻസിനെ മറികടന്ന് ടോപ് 4ൽ എത്തും. മാത്രമല്ല, പോയിന്റ് പട്ടികയിൽ പഞ്ചാബിനൊപ്പം ഒരേ പോയിന്റുമായി പഞ്ചാബിനൊപ്പമെത്താനും ഡൽഹിക്ക് കഴിയും. നിലവിൽ, ഈ രണ്ട് ടീമുകൾക്കും ഏതാണ്ട് ഒരേ നെറ്റ് റൺ റേറ്റാണുള്ളത്. ഡൽഹി വിജയിച്ചാൽ അവർ പഞ്ചാബിനെ മറികടക്കാനും സാധ്യതയുണ്ട്. മറിച്ച്, പരാജയമാണ് ഫലമെങ്കിൽ ഡൽഹിയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ

ദില്ലി: പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുടമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അൽഖ്വയ്ദ പറയുന്നു.

ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് മടങ്ങും. അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ, പരിക്കേറ്റവരെ ഉടൻ സുഖപ്പെടുത്തട്ടെ, ആമേൻ. ആക്രമണം കാവി സർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണെന്നും കുറിപ്പിൽ പറയുന്നു.

ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ഇന്ത്യയുടെ യുദ്ധം പുതിയതല്ല. വർഷങ്ങളായി അത് തുടരുകയാണ്. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മാർഗങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രത്യാക്രമണം ഇന്ത്യയ്‌ക്കെതിരായ ഒരു ജിഹാദാണെന്ന് ഞങ്ങൾ വ്യക്തമായി പറയുന്നു. അല്ലാഹുവിന്റെ നാമം ഉയർത്തുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുക, അടിച്ചമർത്തപ്പെട്ട ജനങ്ങളെ സഹായിക്കുക എന്നിവ ഞങ്ങളുടെ കടമയാണ്. ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങൾ അവർക്ക് പിന്തുണ നൽകണം. അല്ലാഹുവിന്റെ സഹായത്തോടെ മുസ്ലീങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും പ്രതികാരം ചെയ്യുന്നതുവരെയും അല്ലാഹുവിന്റെ നാമം ഉയർത്തപ്പെടുന്നതുവരെയും ഞങ്ങൾ പോരാടുമെന്ന് സത്യം ചെയ്യുന്നുവെന്നും അൽഖ്വയ്ദ പറഞ്ഞു.

ഏത് നിമിഷവും സ്ഫോടനം നടക്കാമെന്ന പേടി; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിടണമെന്ന് ഇംഗ്ലീഷ് താരങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പിഎസ്‌എല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചതെന്ന് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ സാം ബില്ലിംഗ്‌സും ടോം കറനും ജയിംസ് വിന്‍സും ടോം കോഹ്‌ലര്‍-കോണ്‍മോറും, ലൂക്ക് വുഡുമാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. അതേസമയം, താരങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്കിടയിലും പിഎസ്എല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ തന്നെ നടത്തുമെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.

പിഎസ്എല്ലില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും, പ്രൊഫഷണല്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും നിരന്തരം സംസാരിക്കുന്നുണ്ട്. താരങ്ങളോട് ഇതുവരെ പാകിസ്ഥാന്‍ വിടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും യുകെ സര്‍ക്കാരിന്‍റെ യാത്രാ നിര്‍ദേശങ്ങള്‍ പുറത്തുവന്നാല്‍ ഇതില്‍ മാറ്റമുണ്ടാകും. നിലവിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദേശ ക്രിക്കറ്റര്‍മാര്‍ പിന്മാറിയാല്‍ അത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെക്കുന്നതിലേക്കോ വേദി പൂര്‍ണമായും വിദേശത്തേക്ക് മാറ്റുന്നതിലേക്കോ കാര്യങ്ങള്‍ എത്തിക്കും. എന്നാല്‍ ഇതില്‍ വേദിമാറ്റം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ച് അത്ര പ്രായോഗികമല്ല.

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ, ഭീകര താവളങ്ങള്‍ തരിപ്പിണം

ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങളിലാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഇവയില്‍ നാല് ഭീകര പരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്‌മീരിലുമായിരുന്നു. മൂന്ന് ഇന്ത്യന്‍ സേനാവിഭാഗങ്ങളും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പാക് ഭീകര്‍ കൊല്ലപ്പെട്ടു. ഭീകരുടെ പരിശീലന കേന്ദ്രങ്ങള്‍ അപ്പാടെ തകര്‍ന്നുതരിപ്പിണമായി. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം എന്ന് സൈന്യം വിശദീകരിച്ചു. ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പാക് തീവ്രവാദി ആക്രമണത്തിന് മറുപടിയായിരുന്നു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യയുടെ പ്രത്യാക്രമണം.

അതേസമയം പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തില്‍ ഇന്ന് മൂന്ന് സ്ഫോടനങ്ങള്‍ നടന്നു. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയയം ഇക്കാര്യത്തിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയ‍ർബേസിനോട് ചേർന്നാണ് സ്ഫോടനങ്ങൾ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതിന് പുറമെ പാകിസ്ഥാനിലെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്‌ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

രാജ്യം കനത്ത സുരക്ഷയിൽ; അതിർത്തി സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടക്കുന്നു, ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പ്. ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അവധിയിൽ പോയവരോട് ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചണ്ഡിഗഡിൽ ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി. ആയുഷ്മാൻ ആരോഗ്യമന്തിറുകളിലെ മെഡിക്കൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്താൻ തയ്യാറായിരിക്കണമെന്നാണ് നിർദ്ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകില്ല.

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടി.

അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സംസ്ഥാനത്ത് 126 കേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളും സിവില്‍ഡിഫന്‍സ് വോളന്‍റിയര്‍മാരും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി. പ്രധാന ഒാഫീസുകള്‍, പൊതു ഇടങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായിരുന്നു വൈകീട്ട് നാലുമണിമുതല്‍ അരമണിക്കൂര്‍ നീണ്ട ഡ്രില്‍. നാലുമണിക്ക് തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് സൈറന്‍നല്‍കി, രണ്ടു മിനിറ്റുകൊണ്ട് പതിനാലു ജില്ലകളിലെ 126 കേന്ദ്രങ്ങളിലും മുന്നറിയിപ്പെത്തി. ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റ് പൂര്‍ണമായും പൊലീസിന്‍റെയും അഗ്നിശമന സേനയുടേയും നിയന്ത്രണത്തിലായി. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

നിര്‍ദേശം ലഭിച്ച ഉടനെ തിരുവനന്തപുരം ലുലുമാളില്‍പൊലീസ് സിവില്‍ ഡിഫന്‍സ് വോളന്‍റിയേഴ്സ് അഗിനിശമന സേന എന്നിവര്‍ സജ്ജരായി. തീപിടുത്തമോ ആക്രമണമോ ഉണ്ടായാല്‍സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ആറിടത്ത് മോക്ക് ഡ്രില്‍ നടന്നു. മാളുകള്‍, ബസ്റ്റാന്‍റ്, ഡാം സൈറ്റ് എന്നിവിടങ്ങളില്‍ സുരക്ഷാ ഡ്രില്‍വിജയകരമായി പൂര്‍ത്തിയാക്കി.

വയനാട്ടില്‍ മെഡിക്കല്‍കോളജിലും വിനോദ സഞ്ചാര കേന്ദ്രത്തിലും ഉള്‍പ്പെടെ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കൊച്ചിയില്‍സിവില്‍ സ്റ്റേഷനിലുള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ ഡ്രില്‍ നടത്തി. തീപിടുത്തമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു. മെട്രോസ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള നടപടികളെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിലെ പഠനത്തിനും ബെംഗളൂരുവിലെ എംബിഎയ്ക്കും ശേഷം കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്തു. പിന്നീട് ശ്രീനഗറിൽ എത്തി ഒരു ലാബ് പ്രവർത്തനം ആരംഭിച്ചുവെന്നാണ് സൂചന. കശ്മീര്‍ സ്വദേശിയാണ് 50കാരനായ, ദ് റസിസ്റ്റൻസ് ഫ്രണ്ടെന്ന ഭീകര സംഘടനയുടെ തലവനായ സജാദ് അഹമ്മദ് ഷെയ്ഖ്, അറിയപ്പെടുന്നത് ഷെയ്ഖ് സജാദ് ഗുൽ എന്ന പേരിലാണ്. 2020 മുതലുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രണം ഇയാൾ നടത്തിയെന്നാണ് എന്‍‌ഐഎ സംശയിക്കുന്നത്.

നിർണായക നീക്കവുമായി പാകിസ്ഥാൻ: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതൽ പാക് സൈനികരെത്തി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏ‍ർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോ‍ർ. വാഗാ അതിർത്തിയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആക്രമണം ഭയന്നാണോ പാകിസ്ഥാൻ സുരക്ഷാ വിന്യാസം കൂട്ടിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധ‍ർ പ്രതികരിച്ചിട്ടുണ്ട്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഇന്നലെ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

27 വിമാനത്താവളങ്ങള്‍ അടച്ചു; 400 ലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി ഇന്ത്യ; വിശദമായി അറിയാം

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍​വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്, ജയ്സാല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, കാണ്ട്​ല, കെഷോദ്, ഭുജ്,ഗ്വാളിയാര്‍, ഹിന്‍ഡന്‍.

രാജ്യത്ത് ആകെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ മൂന്ന് ശതമാനമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, പാക്കിസ്ഥാന്‍ 147 വിമാനങ്ങള്‍ റദ്ദാക്കി. പാക്കിസ്ഥാനിലെ ആകെ വിമാന സര്‍വീസുകളുടെ 17ശതമാനം വരുമിത്. ഇരു രാജ്യങ്ങളും യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതോടെ പാക് വ്യോമപാതയും കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ വ്യോമപാതയും യാത്രാവിമാനങ്ങള്‍ ഒഴിഞ്ഞ നിലയിലാണെന്ന് ഫ്ലൈറ്റ് റഡാല്‍ 24 വ്യക്തമാക്കുന്നു. ഫ്ലൈറ്റ് റഡാര്‍ തന്നെയാണ് വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്തയും പുറത്തുവിട്ടത്.

മിക്ക വിദേശരാജ്യങ്ങളും പാക്കിസ്ഥാന്‍റെ വ്യോമപാത ഒഴിവാക്കിയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പകരം മുംബൈ, അഹമ്മദാബാദ് വ്യോമപാത തിരഞ്ഞെടുത്തു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്നലെ 250ഓളം സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അമൃത്സര്‍ വഴി സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് രാജ്യാന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഡല്‍ഹി വഴി തിരിച്ചുവിട്ടു. അമേരിക്കന്‍ എയര്‍ അവരുടെ ഡല്‍ഹി–ന്യൂയോര്‍ക്ക് ഫ്ലൈറ്റും ഇന്നലെ റദ്ദാക്കിയിരുന്നു.

അതിനിടെ പാക്കിസ്ഥാന്‍ ലാഹോറില്‍ പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം രൂക്ഷമാണ്. ഉറി,പൂഞ്ച്, രജൗറി മേഖലകളിലാണ് പാക്കിസ്ഥാന്‍റെ ആക്രമണം ശക്തം. പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സേന മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.

അതിര്‍ത്തികളിലെ ആശുപത്രികളോട് അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ സജ്ജമായിരിക്കാനും മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കാന്‍ കരസേന യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.