ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ പൊലീസ് സ്ക്വാഡ്; ഉത്തരവുമായി കേരള ഹൈക്കോടതി

0
35

കൊച്ചി: ഇടിച്ചിട്ട് നിർത്താതെ കടന്ന് പോകുന്ന വാഹനങ്ങളെയും പ്രതികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ക്വാഡിന്റെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷ് നിർദേശിച്ചു.

അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ള നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. അപകടങ്ങൾ ഉണ്ടാക്കി വാഹനങ്ങൾ കടന്ന് കളഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

ജില്ലാ തലത്തിൽ രൂപീകരിക്കുന്ന സ്ക്വാഡുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. ഇത്തരം സംഭവങ്ങൾ സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകണമെന്നും കോടതി പറഞ്ഞു. സൈബർ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങൾക്ക് അപകട വിവരങ്ങൾ അറിയിക്കാൻ പ്രത്യേക സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ബൈക്ക് കടന്ന് പോയ സംഭവം, നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാർ ഇടിച്ച് വീഴ്ത്തിയ സംഭവം, തിരുവനന്തപുരം കല്ലമ്പലത്ത് 60 വയസ്സുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം എന്നിവയുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനും കോടതി ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.

നിയമഭേദഗതി പരിഗണിക്കണമെന്ന് ഹൈക്കോടതി

ഹിറ്റ് ആൻഡ് റൺ കേസുകളിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവിലെ ഹിറ്റ് ആൻഡ് റൺ മോട്ടർ ആക്സിഡന്റ് സ്കീം 2021 പ്രകാരമുള്ള നഷ്ടപരിഹാര തുക വളരെ കുറവാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നൽകുന്ന സംവിധാനം പരിഗണിക്കണമെന്നും നിർദേശിച്ചു. പിഴ തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനുള്ള വിഹിതം കണ്ടെത്താമെന്നും കോടതി വ്യക്തമാക്കി. തുടർ നടപടികൾക്കായി വിധി പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്ക് അയച്ച് നൽകാനും കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here