പെർള: നാളെയുടെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവെച്ച് ജീവിതം അവസാനിപ്പിച്ചഏഴാം ക്ലാസുകാരൻ ശ്രീഹരിയുടെ (12) വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.ബേദ്രംപള്ളയിൽ താമസ സ്ഥലത്ത് ബഡ്റൂമിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൻപുത്തടക്ക ദുർഗാ പരമേശ്വരി എ. യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് ശ്രീഹരി.
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട അടൂരിൽ നിന്ന് കാസർഗോട്ടേക്ക് കുടിയേറിയതാണ് ശ്രീഹരിയുടെ കുടുംബം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലും കഠിനമായ പരിമിതികൾക്കിടയിലും അമ്മയ്ക്കും രണ്ട് കൊച്ചനുജത്തിമാർക്കും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു പഠനത്തിലും മറ്റ് കാര്യങ്ങളിലും ഏറെ മിടുക്കനായിരുന്ന ഈ മകൻ.
ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത ദുരന്തം മാതാപിതാക്കൾക്കും സഹോദരിമാർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
ജന്മനാട്ടിൽ നിന്നും അകലെ, മകനെ നഷ്ടപ്പെട്ട് പകച്ചുനിന്ന ആ പാവം കുടുംബത്തിന് താങ്ങായി നാടിന്റെ നന്മയാർന്ന കരുതലോടെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും അടിയന്തരമായി ഇടപെട്ടു. ദുരന്തവിവരമറിഞ്ഞ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് ഇടപെടുകയും, കുട്ടിയുടെ ഭൗതികശരീരം ജന്മനാടായ അടൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് സൗകര്യം അടിയന്തരമായി ക്രമീകരിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള മുഴുവൻ ചെലവുകളും മുസ്ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായി.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വൈസ് പ്രസിഡന്റ് സിദ്ദിഖ് വോളമുകർ, പ്രധാന അധ്യാപകൻ സാജു, ബെദ്രംപള്ളയിലെ പ്രിയപ്പെട്ടവർ, അധ്യാപകർ എന്നിവരടങ്ങുന്ന ആളുകൾ നിറഞ്ഞ കണ്ണുകളോടെ പ്രിയപ്പെട്ട കുരുന്നിന് വിടചൊല്ലാൻ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ഒടുവിൽ, ഒരിക്കലും ഉണങ്ങാത്ത നൊമ്പരമായി ശ്രീഹരിയുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് അവസാനമായി യാത്രയായി.

