ചെന്നൈ: തമിഴ്നാട്ടിലെ പനയൂരില്‍ ടിവികെ (തമിഴക വെട്രി കഴകം) ഓഫീസിന് മുന്നില്‍ തടിച്ചുകൂടി അണികൾ. പാര്‍ട്ടി അംഗത്വം സ്വീകരിക്കാനാണ് ടിവികെ അനുകൂലികൾ പനയൂരില്‍ ഒത്തുകൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
മുന്‍ എഐഎഡിഎംകെ മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, കടമ്പൂര്‍ രാജു, എം.സി സമ്പത്ത്, എന്‍.ആര്‍ ശിവപതി തുടങ്ങിയവരും പനയൂരില്‍ എത്തിയിട്ടുണ്ട്. എഎംഎംകെ (അമ്മ മക്കള്‍ മുന്നേറ്റ കഴകം) നേതാക്കളും ടിവികെയില്‍ ചേരുമെന്നണ് വിവരം.
2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. എന്നാല്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ടിവികെയ്ക്ക് 10 സീറ്റുകള്‍ കൂടി വേണമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ ടിവികെ സര്‍ക്കാര്‍ രൂപികരിച്ചു.
പിന്നാലെ എഐഎഡിഎംകെയുടെ 25 എംഎല്‍എമാരും ടിവികെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയ്ക്ക് പിന്തുണ അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ 25 എഐഎഡിഎംകെ എംഎല്‍എമാരും ടിവികെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതിനിടെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയ്ക്ക് ഒപ്പം ചേരുകയും ചെയ്തു.
ടിവികെയെ പിന്തുണച്ച് ഇനിയും ആളുകള്‍ രംഗത്തെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പനയൂരില്‍ ഒത്തുകൂടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

