ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്താന്റെ സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നവാസിനെതിരെ ഉത്തേജക മരുന്ന് വിവാദം. 2026 ഫെബ്രുവരി 7-ന് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിയായി നടന്ന ടി20 ലോകകപ്പിനിടെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശേഖരിച്ച നവാസിന്‍റെ സാംപിളുകളിലാണ് നിരോധിത ലഹരിവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐസിസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുഹമ്മദ് നവാസിനെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണത്തിന്റെ ഫലം ഉടൻ തന്നെ ഐസിസിയെ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് പിസിബി വക്താവ് വിശദീകരിച്ചു.
ലോകകപ്പിൽ പാകിസ്താൻ കളിച്ച ഏഴ് മത്സരങ്ങളിലും നവാസ് ടീമിലുണ്ടായിരുന്നു. 32-കാരനായ താരം 98 രാജ്യാന്തര ടി20 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. കൂടാതെ മെയ് 26 മുതൽ ജൂലൈ 18 വരെ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ സറേയ്ക്കായി കളിക്കാൻ നവാസ് കരാറിലെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് പിസിബി താരത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നൽകിയിരുന്നു. എന്നാൽ, അതിനെല്ലാം പിന്നാലെയാണ് ഈ താരത്തിനെതിരെ ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. പരിശോധനാ ഫലം പുറത്തുവന്നതോടെ ഇംഗ്ലീഷ് ക്ലബ്ബ് താരവുമായുള്ള കരാറും റദ്ദാക്കി. ഈ വിഷയത്തിൽ പ്രതികരിക്കാൻ സറേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
താരത്തിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) മുൾട്ടാൻ സുൽത്താൻസിന് വേണ്ടി നവാസ് മൈതാനത്തിറങ്ങുന്നുണ്ട്. ചൊവ്വാഴ്ച രാത്രി റാവൽപിണ്ടിസിനെതിരെ കറാച്ചിയിൽ നടന്ന മത്സരത്തിലും താരം മൂന്ന് ഓവർ എറിഞ്ഞിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ താരം ഐസിസിയുടെ കടുത്ത അച്ചടക്ക നടപടികൾക്കും ദീർഘകാല വിലക്കിനും വിധേയനാകേണ്ടി വരും എന്നത് ഉറപ്പാണ്.

