തൃശൂർ: കേരളത്തിൽ കച്ചവടം നടത്തുന്ന അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. ഈ സ്ഥാപനങ്ങൾക്ക് രാജ്യവിരുദ്ധ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം റെസ്റ്റോറന്റുകൾ വ്യാപകമായി ആരംഭിച്ചത് സംശയാസ്പദമാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിൽ നിക്ഷേപം നടത്തിയ ഈ സ്ഥാപനങ്ങളിൽ വിദേശ ഫണ്ടുകൾ എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആരോപിക്കുന്നു.
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (PFI) അറബിക് റെസ്റ്റോറന്റുകൾക്ക് ബന്ധമുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ വിഷു ആഘോഷങ്ങൾക്കിടെ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്കാരിക വിരുദ്ധ പ്രവർത്തനങ്ങളിൽ ചില റെസ്റ്റോറന്റുകൾ ഏർപ്പെട്ടതായും പരാതിയിൽ ആരോപണമുണ്ട്.
അറബിക് റെസ്റ്റോറന്റുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്. എൻഐഎക്ക് പുറമെ മറ്റ് കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിലേക്കും ഈ വിഷയം എത്തിക്കാനാണ് ബിജെപി നീക്കം.

