ബെംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) വാങ്ങാനുള്ള നീക്കവുമായി സ്വീഡനിലെ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ ഇക്യുടി ഗ്രൂപ്പും. ഇതോടെ ആർസിബിയുടെ മൂല്യം 18,000 കോടി (2 ബില്ല്യൺ ഡോളർ) കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ആർസിബിയെ സ്വന്തമാക്കാൻ ലാൻസർ ക്യാപിറ്റൽ, മണിപ്പാൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും രംഗത്തുണ്ട്. ലാൻസർ ക്യാപിറ്റൽ വഴി അബ്രാം ഗ്ലേസർ നൽകിയ ഏകദേശം 1.8 ബില്യൺ ഡോളറിന്റെ ഓഫറിനേക്കാൾ വലിയ ഓഫറാണ് ഇക്യുടി ഗ്രൂപ്പ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. മാർച്ച് 16 വരെയാണ് ലേലം.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒയും ശതകോടീശ്വരനുമായ അദാർ പൂനവാല, മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ രഞ്ജൻ പൈ, ഗ്ലേസർ പിന്തുണയുള്ള ലാൻസർ ക്യാപിറ്റൽ എന്നിവരടക്കം ഒമ്പതോളം ഗ്രൂപ്പുകൾ ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.
വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എൽ, ടീമിനെ സ്വന്തമാക്കിയത്. എന്നാൽ കിങ്ഫിഷർ എയർലൈൻസിന്റെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ ഡിയാജിയോയുടെ കൈകളിലെത്തിക്കുകയായിരുന്നു.

