അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് ശൈത്യ കാലങ്ങളില്‍ കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തെരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് അറിയിപ്പില്‍ പറയുന്നു.
ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് എത്തുമ്പോഴാണ് കടല്‍ പാമ്പുകളെ സാധാരണ നിലയില്‍ കാണപ്പെടുന്നത്. അബുദാബിയില്‍ കോര്‍ണിഷ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഈ ആഴ്ചയിലെ ശരാശരി താപനില 21 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. ബീച്ചുകളില്‍ പോകുന്നവര്‍ കടല്‍ പാമ്പുകളെ കണ്ടാല്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും അധികൃതര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കടല്‍ പാമ്പുകളെ തൊടാന്‍ ശ്രമിക്കരുതെന്നും പാമ്പ് ചത്തുകിടക്കുകയാണെന്ന് തോന്നിയാല്‍ പോലും അതിന്റെ അടുത്ത് നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കടല്‍ പാമ്പുകള്‍ക്ക് വിഷമുണ്ടെങ്കിലും അവ സാധാരണയായി കടിക്കാറില്ല. പാമ്പുകളെ ഭീതിപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് അവ കടികുന്നത്. പാമ്പ് കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വേണം. കടല്‍ പാമ്പുകളെ കാണുന്ന പൊതുജനങ്ങള്‍ 800555 എന്ന നമ്പറില്‍ അബുദാബി ഗവണ്‍മെന്റ് കോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ ഗ്രൂപ്പിൽ മീഡിയവിഷൻ വാർത്തകൾ ലഭിക്കാൻ +919895046567 ഈ നമ്പർ ആഡ് ചെയ്യുക