ഹോർമുസ് തുറന്നേക്കുമെന്ന പ്രതീക്ഷ; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞു

0
44

വാഷിങ്ടൺ: യുഎസ്- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധത്തിന് സ്ഥിരമായൊരു പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആഗോള എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഞായറാഴ്ച ഏകദേശം അഞ്ച് ശതമാനം ഇടിഞ്ഞത്.

വെള്ളിയാഴ്ച റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ, ജപ്പാന്റെ പ്രധാന ഓഹരി സൂചികയായ നിക്കി 225 രാവിലത്തെ വ്യാപാരത്തിൽ മൂന്ന് ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തെഹ്റാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എങ്കിലും, കരാറിലെത്താൻ ഒട്ടും ധൃതി കൂട്ടേണ്ടതില്ല എന്ന് താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ കൃത്യമായി ചെയ്യണം. യാതൊരുവിധ പിഴവുകളും സംഭവിക്കാൻ പാടില്ല!”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെ ഒരു കരാർ ഏകദേശം തയ്യാറായിക്കഴിഞ്ഞു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്ച ട്രംപ് പ്രതീക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.

”അടിസ്ഥാനപരമായ സാഹചര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ദിവസവും 10-11 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുടെ വിതരണമാണ് തടസപ്പെടുന്നത്”- സിംഗപ്പൂരിലെ സ്പാർട്ടയിലെ സീനിയർ ഓയിൽ മാർക്കറ്റ് അനലിസ്റ്റായ ജൂൺ ഗോ അൽ ജസീറയോട് പറഞ്ഞു.

”എങ്കിലും, കരാർ യാഥാർഥ്യമാകുന്നതോടെ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് 100 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വിപണിയിലേക്ക് ഒഴുകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കരാർ ഒപ്പിട്ടാലും വിപണി കുറച്ചുകാലം കൂടി അസ്ഥിരമായി തുടരാനാണ് സാധ്യത. ഉത്പാദനവും റിഫൈനറികളും പൂർവസ്ഥിതിയിലാക്കാൻ എടുക്കുന്ന സമയം ഉൾപ്പെടെ, എല്ലാം പഴയപടിയാകാൻ മൂന്ന് മുതൽ ആറ് മാസം വരെ സമയം വേണ്ടിിവരുമെന്നാണ് സ്പാർട്ടയുടെ വിലയിരുത്തൽ”- ഗോ വ്യക്തമാക്കി.

ഫെബ്രുവരി അവസാന വാരം യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചിരിക്കുകയാണ്. ഇത് ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നിനെ ബാധിച്ചു. ഇതിനുപുറമേ, ഏപ്രിൽ പകുതി മുതൽ യുഎസും ഇറാന്റെ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ ഈ ജലപാതയിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം കൂടുതൽ പ്രതിസന്ധിയിലായി. ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, ഒരു കരാറിലെത്തി, അത് സാക്ഷ്യപ്പെടുത്തി ഒപ്പുവെക്കുന്നത് വരെ യുഎസിന്റെ ഉപരോധം പൂർണശക്തിയോടെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here