മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തർക്ക് ദർശനം തടസ്സപ്പെട്ടതിൽ അന്വേഷണം

0
38

തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ്‌ ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ ദർശനം നടത്തിയത് എന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എ വി ഗോപിനാഥ്‌ പ്രതികരിച്ചു. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു.

മന്ത്രി അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. വിഐപി സന്ദർശനം കാരണം നിരവധി ഭക്തർക്ക് തൊഴാനായില്ലെന്ന് പരാതി ഉയർന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ വിഐപി ദർശനം അനുവദനീയമല്ല. ക്ഷേത്രത്തിന് ചുറ്റും മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപവും വീഡിയൊ, ഫോട്ടോഗ്രാഫി ചിത്രീകരണവും നിരോധിച്ചിട്ടുണ്ട്. ഹൈബി ഈഡൻ എംപി അടക്കമുള്ള വിഐപികൾ ക്ഷേത്ര നടയിൽ വിഡിയോ എടുത്തെന്നും ഗേപാലകൃഷ്ണൻ ആരോപിച്ചു. നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിച്ചിട്ടുള്ളതെന്നും അതിനാൽ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here