ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗ്രൗണ്ടിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് കോലി സ്വന്തമാക്കിയത്.
ആർസിബിയുടെ വിലയേറിയ താരമായ കോലി 2008-ൽ വെറും 12 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിയത്. ഇപ്പോള്‍ 21 കോടി രൂപയാണ് കോലിയുടെ പ്രതിഫലം. രജത് പാട്ടിദാറിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ 657 റൺസ് അടിച്ചുകൂട്ടിയ കോലി റൺവേട്ടക്കാരിൽ മുന്നിലായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും മികച്ച റെക്കോർഡാണ് കോലിക്കുള്ളത്. 24 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും 5 അർദ്ധസെഞ്ചുറിയും അടക്കം 805 റൺസ് കോലി ഹൈദരാബാദിനെതിരെ നേടിയിട്ടുണ്ട്.

