
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ ഗാലറിയിലെ ഒരു ദൃശ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. മുൻ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം തത്സമയം കാണുന്നത് ആരാധകർക്ക് വലിയ ആവേശമായെങ്കിലും, മറ്റൊരു ഇതിഹാസ താരം വിരാട് കോഹ്‌ലിയുടെ അസാന്നിധ്യം പലരെയും നിരാശരാക്കി. രോഹിതും കോഹ്‌ലിയും ഏകദിന ക്രിക്കറ്റിൽ ഇപ്പോഴും സജീവമായി തുടരുമ്പോൾ, ധോണിക്കും രോഹിത്തിനുമൊപ്പം കോഹ്‌ലി എത്താത്തതിന്റെ കാരണങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ തിരയുന്നത്.
ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻപ് ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം നേടിത്തന്ന നായകന്മാരാണ് എം.എസ്. ധോണിയും രോഹിത് ശർമ്മയും. 2007-ൽ ധോണിയും 2024-ൽ രോഹിത്തും ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചവരാണ്. ഇത്തരത്തിൽ കിരീടം നേടിയ മുൻ നായകന്മാരെ ബിസിസിഐ ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് ഇരുവരും ഫൈനൽ കാണാനെത്തിയത്. എന്നാൽ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടില്ലാത്തതിനാൽ കോഹ്‌ലിക്ക് അത്തരമൊരു ഔദ്യോഗിക റോൾ ഉണ്ടായിരുന്നില്ല എന്നതാണ് ഒരു കാരണം.
കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ പിന്നീട് കുറെ കാലത്തേക്ക് തന്നെ ആരും കാണില്ലെന്ന് വിരാട് കോഹ്‌ലി മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന കോഹ്‌ലി, ടി20യിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ തിരക്കുകളിൽ നിന്ന് മാറി വീട്ടിലിരുന്ന് പ്രിയപ്പെട്ടവർക്കൊപ്പം ഇന്ത്യയുടെ വിജയം ആഘോഷിക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
