ഐപിഎല്ലിൽ ആരും ടീമിലെടുത്തില്ല; 28 പന്തിൽ സെഞ്ച്വറിയുമായി യുവ താരത്തിന്റെ മറുപടി

0
71

അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി റെക്കോർഡിട്ട് ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തിൽ സെഞ്ച്വറി നേടിയാണ് യുവതാരം ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി പട്ടികയില്ർ ഇടംപിടിച്ചത്. 12 സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം 35 പന്തിൽ 113 റൺസുമായി പുറത്താകാതെ ഉർവിൽ നിന്നു. മുഷ്താഖ് അലി ട്രോഫിയിലെ അതിവേഗ ശതകം നേടുന്ന താരവുമായി. 32 പന്തിൽ മൂന്നക്കം തികച്ച ഋഷഭ് പന്തിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മറികടന്നത്.

സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹിൽ ചൗഹാൻ 27 പന്തിൽ സെഞ്ച്വറി നേടിയതാണ് ടി20 ക്രിക്കറ്റിലെ വേഗമേറിയ ശതകം. ഒരു പന്ത് വ്യത്യാസത്തിലാണ് ഇന്ത്യന്ർ താരത്തിന് ഈ റെക്കോർഡ് നഷ്ടമായത്. മത്സരത്തിൽ ത്രിപുര ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 10.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അക്‌സർ പട്ടേലാണ് ഗുജറാത്തിന്റെ ക്യാപ്റ്റൻ. രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഉർവിൽ പട്ടേലിനെ ഇത്തവണ താരലേലത്തിൽ ആരും ടീമിലെടുത്തില്ല. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില.

അതേസമയം, 2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽപ്രദേശിനെതിരെ ഡൽഹിക്ക് വേണ്ടിയായിരുന്നു ഋഷഭ് പന്തിന്റെ വെടിക്കെട്ട് പ്രകടനം. ഇത്തവണ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുകക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തെ കൂടാരത്തിലെത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here