2025 ഡിസംബറോടെ കാസര്‍കോട്-എറണാകുളം ആറുവരിപ്പാത തുറക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

0
86

മലപ്പുറം: ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും.

കേരളത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026-ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കാനാകും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയില്‍ കിടന്നിരുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ വികസനവും യാഥാര്‍ത്ഥ്യമാകും.

ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റര്‍ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും പൂര്‍ത്തിയായി. ഏപ്രില്‍ മാസത്തോടെ ഇതിന്റെ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ബുധനാഴ്ച വൈകീട്ട് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ദേശീയപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ്സും ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂര്‍ത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇതിന്റെ അവലോകനം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here